രചന : ഹുസൈൻ പാണ്ടിക്കാട് ✍

പറഞ്ഞു.
പറഞ്ഞിരുന്നു.
പറഞ്ഞല്ലോ ഒരിക്കൽ.
“കാത്തിരിക്കാനുള്ള ഒരു നിമിഷംകൊണ്ടു ജീവിതം ധന്യമാവുന്നു.”..
അതെ, വർണ്ണങ്ങളും സുഗന്ധവും വഹിച്ചെത്തുന്ന ഒരു നിമിഷം.
തികച്ചും സാങ്കല്പികമായ ചിന്ത, അതിലപ്പുറം അതിശയോക്തി കലർന്നതും.
കാത്തിരിക്കാനുള്ള നിമിഷത്തെ നിറക്കൂട്ടിലാക്കാം, വന്നണയുന്ന നേരത്തിനും നിറംകൊടുക്കാം. പക്ഷെ അതിലൊരു സുഗന്ധത്തെ തേടുന്നതിൽ അർത്ഥമെന്ത്.
വിശ്വനീയമാവട്ടെ, അല്ലെങ്കിൽ അവിശ്വനീയമാകട്ടെ എന്താകിലും വീണ്ടും മനസ്സെന്നെ ഇങ്ങനെ പറ്റിക്കാൻ ശ്രമിയ്ക്കുന്നു…


“ഒന്നും പറയാതെ പിരിഞ്ഞവർ എന്നെങ്കിലും തിരിച്ചു വരുമെന്ന്.”…
എനിക്ക് നീയും, നിനക്ക് ഞാനും.
നമ്മൾ “ഒന്നും പറയാതെ പോയവരായി ജീവിതത്തിൽ അവശേഷിച്ചു കിടക്കുകയല്ലേ.”..
നേരാണ്,
ഇങ്ങനെയായിരുന്നല്ലോ കണ്ടറിഞ്ഞ കാലമെല്ലാം. നമുക്കും പരസ്പരമറിയാതെ പ്രതീക്ഷിക്കാം…
“ഒന്നും പറയാതെ പോയവർ, അതുപോലെ ഒരിക്കൽ തിരിച്ചുവരുമെന്ന്.”…
നമ്മൾ കാണും, കണ്ടുമുട്ടും.
വീണ്ടും മനസ്സിനെ സങ്കടക്കടലാക്കാനായിട്ടാണേലും, ഒറ്റനിമിഷത്തേക്കായാലും ഒരുവാക്ക് ഉരിയിടാൻ അന്നെങ്കിലും അവസരമൊക്കട്ടെ. “നമുക്ക് വീണ്ടും കണ്ടുമുട്ടാനും ഒന്നു മിണ്ടാനും.”..
ഒരു നോട്ടത്തിൽ ഒരായിരം വാക്കുകൾ.
“നേരല്ലേ, കാതിനുള്ളിലേക്ക് കേൾവിക്കായി കഴിയാതെ എത്രമാത്രം എന്നോടു സംസാരിച്ചതാണ് നിന്റെ നയനങ്ങൾ.”…


“തിരിച്ചും അങ്ങനെത്തന്നെ ആയിരുന്നെന്ന് തോന്നിയിരുന്നോ.”..
ഒന്നും പറയാനില്ല എന്നതല്ലായിരുന്നു, കേൾക്കാൻ ആളില്ല എന്നതുമല്ലായിരുന്നു, പറയാനായി എങ്ങനെ അവസരമൊക്കും എന്നതായിരുന്നില്ലേ സങ്കടം.
ഒരേവിധത്തിലെ ഒഴുക്കോടെ, ഒറ്റ മനസ്സാണ് അക്കാര്യത്തിൽ നമുക്കുണ്ടായിരുന്നതെന്ന് ഉറപ്പുള്ളതിനാൽ ഞാൻ പറയട്ടെയൊരു സത്യം.
“നമുക്ക് പരസ്പരം ഇഷ്ടമായിരുന്നു.”…
അത്രമേൽ നോവ് വരുന്ന ദിവസങ്ങളിൽ ഞാൻ എന്നെത്തന്നെ ആശ്വസിപ്പിക്കാറുള്ളത് പോലെ, നീ നിന്നെത്തന്നെ പലപ്പോഴും ആശ്വസിപ്പിച്ചിരിക്കാം.
ആശ്വസിപ്പിച്ചിട്ടുണ്ട് എന്നു തന്നെയാവും നിനയ്ക്ക് എന്നോടായി പറയാനുണ്ടാവുക.
“അതെ നമുക്ക് പരസ്പരം ഇഷ്ടമായിരുന്നു. നമ്മുടെ നോവും ഒരേ വികാരത്താലുള്ളതായിരുന്നു.


കാണുമൊരിക്കൽ, എല്ലാം തുറന്നു പറയാനും തമ്മിൽ തമ്മിൽ മനസ്സിലാക്കാനും.”…
ഇങ്ങനെത്തന്നെയാവും നമ്മൾ സ്വയം ആശ്വാസം കണ്ടെത്തിയതും.
നാൽക്കവലയിലേക്ക് പിന്നെ ഞാൻ പോയിട്ടില്ല.
ആ നാടിന്റെ പേര് ആദ്യം വിളിച്ചപോലെ വിളിക്കാതിരിക്കാനൊരു കാരണമുണ്ട്, അക്ഷരങ്ങളിലെങ്കിലും ആ നാടും അവിടെയുള്ളവരുമെനിക്ക് അന്യരാവട്ടെ. വാക്കുകളിലും വരികളിലും അവരാരും ഇനി പ്രത്യക്ഷപ്പെടാതിരിക്കട്ടെ. അലിയും നാസറും എന്റെ മരണം വരെ ഓർമിക്കാൻ നല്ല നിമിഷങ്ങളെ തന്നിട്ടുണ്ടെങ്കിലും, നീയെന്ന സ്വന്തത്തിലേക്ക് എന്നിലെ ചിന്തകളെല്ലാം കൂടുകൂട്ടണമെങ്കിൽ, ആ നാടും നാട്ടിലെ സൃഷ്ടികളും മറ്റെല്ലാ ഓർമ്മകളും കഴുകിത്തുടച്ചൊരു മനസ്സെനിക്ക് വേണം.
ആ നാടിനെയോർക്കുമ്പോൾ, പേര് പറയാൻ മടിക്കുന്ന ആ നാൽക്കവലയെ ഓർക്കുമ്പോൾ, അവിടെയന്ന് വന്നു ചേർന്ന വലിയ വസന്തകാലത്തിനുള്ളിൽ നീയെന്ന ഒറ്റ മന്ദാരം മാത്രമേ വിരിഞ്ഞു നിൽക്കാൻ പാടുള്ളൂ.


“എനിക്കെന്നും എന്റേതുമാത്രമായ”….
പാതി വിരിഞ്ഞൊരു വെള്ളമന്ദാരം.”…
കൊഴിഞ്ഞുപോയ ഇന്നലകൾ, നഷ്ടത്തിന്റെ ഇന്നലകൾ, അതിലേറെ ഇഷ്ടത്തിന്റെയും സ്നേഹത്തിന്റേയുമായി കടന്നുപോയ സന്തോഷകരമായ ഇന്നലെകൾ.
എല്ലാം ഓർമയിലേക്കൊതുക്കിവെയ്ക്കാൻ മാത്രം നിസ്സാഹനായ ഇന്നിന്റെ ഞാനും.
ഇവിടെ കിഴക്കേ മുറ്റത്തിന്റെ വടക്കേ അതിരിലായി പൊഴിഞ്ഞ ഇലകളെ ഓർത്തോർത്ത് മുറ്റത്തെ വാകമരചില്ലയിൽ മൗനം ചേക്കേറിയിട്ടുണ്ട്.
കൂടണയാറുള്ള കിളികളെവിടെ, പുഞ്ചിരിച്ചു നിന്നിരുന്ന ചെമ്പൂക്കളെവിടെ, ഈ വാകമരത്തിലും കാലം വസന്തത്തെ കവർന്നെടുത്തു.


“നഷ്ടങ്ങൾ കൊണ്ട് കുമിഞ്ഞു കൂടിയ ഒരു വലിയ കുന്നുണ്ട് എന്റെ മുന്നിൽ എന്നെന്നും.”…
അതിശയം തോന്നുന്നുണ്ടാവും. പേരും നാടും അറിയില്ലേലും, മിഴിയ്ക്കുള്ളിലെ കാഴ്ച്ചയിൽ ഈ പറഞ്ഞതിനോട് സമരസപ്പെടാൻ നിനക്ക് കഴിയുന്നുണ്ടാവില്ല.
“ഇത്ര ചെറുപ്പത്തിലേ ഇങ്ങനെയൊക്കെയോ.”… ചിന്തയുടെ പാച്ചില് ഇതുപോലെയുമാവാം.


“നേരാണ്,
അടിവേര് അറ്റുപോയ ഒരു ചെറുമരം പോലെയാണ് ഈ ഇരുപത്തിയൊന്നു കാരൻ.”..
ഒറ്റപ്പെട്ടവനെന്ന് തോന്നിത്തുടങ്ങിയ കഴിഞ്ഞ മൂന്നുവർഷം. പലതും കൂട്ടിവായിക്കപ്പെടുമ്പോൾ മുമ്പേ പറഞ്ഞുപോയ കുന്ന് വലിയൊരു മല ആയി ഉയർന്നിട്ടുണ്ട്.
നല്ല ജീവിതത്തെ സ്വപനം കണ്ടൊരു പഠനകാലം ഈ മൂന്നുവർഷത്തിനരികത്തായിരുന്നു. പാതിവഴിയിൽ നിന്നും പടിയിറങ്ങിയ കലാലയ ജീവിതവും ഇതിനോടൊപ്പം ചേർത്തെഴുതേണ്ടതായി വരുന്നു.
എല്ലാം ഒരു വിധിക്കൊപ്പം കൂടെ ചേർന്നതായിരുന്നേലും അവിടെയൊന്നും ഉപേക്ഷിക്കപ്പെടാൻ ‘നിന്നെപ്പോലെ ഒരു മുഖം’ എനിക്ക് ഇല്ലെന്നതായിരുന്നു കൗതുകവും അതിലേറെ അത്ഭുതവും അതിനപ്പുറം നികത്താനാവാത്ത നഷ്ടവും അതിനാലെയുള്ള വേദനയും.


വീണ്ടും അവസ്ഥകളും അതിലുള്ള ഇന്നലകളെയും കുറിച്ചോർക്കുമ്പോൾ പറഞ്ഞു തീർക്കട്ടെ…
“നഷ്ടങ്ങൾ കൊണ്ട് കുമിഞ്ഞു കൂടിയ ഒരു കുന്നുണ്ട് എന്റെമുന്നിൽ, ചുറ്റുമുള്ളതിനെയൊക്കെ ആ കുന്ന് മറയ്ക്കുന്നുമുണ്ട്, മുന്നും പിന്നും നോക്കാനാവാതെ അപ്പുറവും ഇപ്പുറവും കാണാനാകാതെ എല്ലാ നഷ്ടങ്ങളെയും കൂട്ടിക്കിഴിച്ചു നെടുവീർപ്പിടുന്ന ജനനം. അവിടെ തിരിച്ചുകിട്ടാത്ത മറ്റൊരു തീരാനഷ്ടമായി നീയും.”…
മറുപടിയുണ്ട്,
എന്തിനും ഏതിനും എനിക്കൊരു മറുപടിയുണ്ട്.


നിന്നിലേക്ക് എത്തപ്പെടാതിരിക്കാനും നിന്നെ കണ്ടെത്തപ്പെടാത്തത്തിലും കാരണം ചൊല്ലാനായി എനിക്കതു തന്നെ പറയേണ്ടി വരുന്നു…
“ലോകത്ത് ഏറ്റവും പേടി തോന്നുന്ന ഒരു അവസ്ഥയുണ്ടെങ്കിൽ അതിന്റെ പേരാണ് ദാരിദ്ര്യം. എന്നെ ഒറ്റക്കാഴ്ച്ചയിൽ വിലയിരുത്തിയവർക്ക്, എന്നിലായി മനസ്സിലാകാതെ പോയതും ഇതു തന്നെയാണ്.”..


നടന്നു തീർക്കുന്നൊരു ആയുസ്സിലെ കഴിഞ്ഞുപോയ വഴിത്താരകളെ കുറിച്ച് പറഞ്ഞിട്ടും പറഞ്ഞിട്ടും തീരാതെ ഈ രാവിന്റെ അവസാന യാമത്തിലും കഥാനായകൻ സലീം ആരോടെന്നില്ലാതെ വാക്കുകളിലും വരികളിലുമായി തുടർന്നു കൊണ്ടേയിരിക്കുകയാണ്.


സ്വത്വം നഷ്ടപ്പെട്ട ആത്മാവിനെ പോലെ. മുഖമില്ലാതെ പോയ രൂപത്തെ പോലെ. ശബ്ദമില്ലാതായ കണ്ഠത്തെ പോലെ. പിണങ്ങാൻ പോലും അവകാശമില്ലാത്തൊരു പ്രണയത്തിനുടമ.
എന്തിനെന്നറിയാതെ നഷ്ടപ്പെടുത്തിയ ഒരിഷ്ടം ഇന്നെന്റെ മുന്നിൽ മിഴിനീർ വാർത്തു നിൽക്കുന്നു. ആ ഇഷ്ടത്തിന് എന്നെയും ഇഷ്ടമായിരുന്നിട്ടുണ്ടാവാം.
ഞാൻ അന്നോളം വരച്ചതെല്ലാം കാർമേഘങ്ങളായിരുന്നു, നിന്നെ കണ്ടെത്തിയപ്പോഴാണ് നീയവിടെ നീലാകാശം വരച്ചു വെച്ചതും കാണാനായത്.
വീണ്ടും അവിടെ, എന്റെ മുന്നിൽ കാർമേഘങ്ങൾ ഒഴുകുന്നു,


നിന്റെ നീലാകാശം നഷ്ടപ്പെട്ട ഈ കാർമേഘങ്ങൾ, പെയ്യാൻ വിതുമ്പി നിൽക്കുകയാണ്,
എത്ര പെയ്താലും നീയില്ലാതെ എനിക്കൊരു നീലാകാശം വരയ്ക്കപ്പെടാൻ കഴിയില്ലെന്ന സത്യം അറിഞ്ഞുകൊണ്ട് തന്നെ.
നഷ്ടപ്പെടുമോ എന്ന തോന്നലുതന്നെ എനിക്ക് വേദനയായിരുന്നു, ഇന്നിപ്പോൾ നഷ്ടമായി എന്നുള്ള തിരിച്ചറിവ് തരുന്ന നോവിനെ പറഞ്ഞറിയിക്കാൻ എങ്ങനെയാകും.
കണ്ടുമുട്ടുന്നവരെയൊക്കെ നോവിന്റെ അളവുകോലായി തോന്നപ്പെടുകയാണ്, നിന്നിലേക്ക് ഇനി എത്രമാത്രം വേദനയുടെ ദൂരമുണ്ടെന്നാണ് പലപ്പോഴുമെന്നിലെ ചിന്തകളിൽ അറ്റംതട്ടാതെ അലയുന്നത്.


“എന്താടോ ഇങ്ങനെ, എന്താ കുറച്ചു ദിവസമായി നീ വല്ലാത്ത ഒരവസ്ഥയിലാണല്ലോ, പഴയ പ്രസരിപ്പൊക്കെ എവിടെയോ ഊർന്നുപോയ പോലെ.”…
അത്ര നേരം വായനശാലയുടെ ഒറ്റത്തിണ്ടിൽ തെക്കേ ഭാഗത്തെ സിമന്റു തൂണിലേക്ക് പുറംചാരി ഇരിയ്ക്കുന്ന സലീമിനോട് നാട്ടിലെ സുഹൃത്ത് മൂസാപ്പൂന്റെ ചോദ്യമാണ്.
“ഏയ്‌, നിന്റെ തോന്നലാണ്.


അല്ലെങ്കിലും നീ ഇപ്പോൾ പറഞ്ഞ പ്രസരിപ്പോടെ നടന്നകാലം ഞാൻ മറന്നിട്ടും ജീവിതത്തിൽ നിന്നായി മാഞ്ഞിട്ടും എത്രയായി.”…
അവനോട് മറുപടി ഇങ്ങനെ കൊടുത്തൊഴിവാക്കി.
“വർഷങ്ങൾ എത്രയായി നമ്മൾ കാണാൻ തുടങ്ങീട്ട്, വിഷമങ്ങൾ ഒന്നുമില്ലെന്ന് മാത്രം നീ പറയരുത്.”..
വീണ്ടും സുഹൃത്തിന്റെ പരിഭവം.


“വേണ്ട,
ഞാനായിട്ട് നിന്നെക്കൊണ്ട് ഒന്നും പറയിക്കാനില്ല,
നിന്റെ മനസ്സിലുള്ളത് നീയായിട്ട് വേവിച്ചു തിന്നാൻ ഒരുക്കമാണെങ്കിൽ അങ്ങനെ കിടക്കട്ടെ.
പിന്നെ നമുക്കൊരു സിനിമക്ക് പോവണം വൈകീട്ട്, ഇക്കാര്യത്തിൽ എതിരഭിപ്രായം പറയരുത്.”…
സുഹൃത്ത് മൂസാപ്പു വീണ്ടുമിങ്ങനെ പറഞ്ഞു വെച്ചപ്പോൾ സിനിമക്ക് പോകാൻ ആഗ്രഹമില്ലേലും “എങ്ങോട്ടേക്കാണ്.”.. എന്നുള്ള മറുചോദ്യം സലീമിൽ നിന്നും തിരിച്ചു പോയി.


“വണ്ടൂരിലേക്കോ പാണ്ടിക്കാടിലേക്കോ, അതല്ലെങ്കിൽ വാണിയമ്പലം. ഈ ഇട്ടാവട്ടത്തേക്കല്ലാതെ രാത്രി സെക്കന്റ്ഷോക്ക് മറ്റെവിടെ പോവാൻ.”… ബാപ്പുവിന്റെ മറുപടി.
“എന്റെ ബാപ്പൂ…, വണ്ടൂരിലേക്കാണെങ്കിൽ അവിടുന്ന് മടങ്ങാൻ ജീപ്പ് വിളിക്കൂല. വിളിച്ചാൽ തന്നെ നമ്മുടെ ദൂരത്തിന്റെ പകുതിയിലുള്ള അങ്ങാടിവരെ ഉണ്ടാവൂ, അവിടുന്നിങ്ങോട്ട് വീണ്ടും നടത്തം തന്നെ ശരണം.


നിനക്കറിയോ ഒന്നരക്കൊല്ലം ഈ നടത്തം
അവിടെ നിന്നായി അനുഭവിച്ചനുഭവിച്ചു എനിക്ക് മടുത്തതാണ്, ചിന്തിക്കാൻ പോലും ആവുന്നില്ല അത്തരമൊരു കാര്യം.
പിന്നെ വാണിയമ്പലം അങ്ങോട്ടേക്കുള്ള ദൂരം അതിലുമപ്പുറമല്ലേ.”..
എന്നും അനുഭവങ്ങളുടെ ഒരു മുഷിഞ്ഞ ചുമട് ഓർമയിലുണ്ടാവുന്ന സലീം ആ യാത്ര ഒഴിവാക്കാനായി ഇങ്ങനെ പറഞ്ഞു വച്ചു.


ചാറ്റൽ മഴയുണ്ട്, ഇളം കാറ്റുമുണ്ട്. നേരം സന്ധ്യയുടെ തുടക്കം കണ്ടിട്ടും ഒത്തിരി മുന്നോട്ടായിട്ടുണ്ട്, മാനത്ത് നിലാവും നല്ലപോലെ പരന്നൊഴുകുന്നു.
സിനിമയ്ക്ക് പുറപ്പെടാൻ നേരം വാണിയമ്പലം റെയിൻബോ ടാക്കീസും പാണ്ടിക്കാട് ഷീബാ ടാക്കീസും കൂട്ടുകാർ മാറ്റി നിർത്തി.


അവര്..,
ബാപ്പുവിനെ കൂടാതെ കിങ്ങിണിക്കുട്ടനും ദാസപ്പനും.
വണ്ടൂർ ലൂബ്ന ടാക്കീസിൽ മമ്മൂട്ടിയുടെ ‘കുട്ടേട്ടൻ.’… സിനിമയാണ്.
ഇതു തന്നെയാണ് പാണ്ടിക്കാടിനെയും വാണിയമ്പലത്തെയും അവർ മൂന്നുപേരും മാറ്റിവെക്കാൻ കാരണമായതും.
“വണ്ടൂരിലേക്ക് ആയാലോ.. സലീമേ….,
നിനക്ക് വല്ല അഭിപ്രായക്കേടും പറയാനുണ്ടോ.”..
അന്വേഷണം ബാപ്പുവിന്റേത് തന്നെ.


ങും..,
എന്റെ അഭിപ്രായം മാനിക്കാൻ കാത്തിരിക്കുന്ന പോലെയുള്ള ചോദ്യം.
“നിന്നോട് ഞാൻ ഉച്ചക്ക് തന്നെ പറഞ്ഞതാണ് വണ്ടൂരിലേക്ക് സെക്കന്റ് ഷോക്ക് പോയാലുള്ള വയ്യാവേലി.
ജീപ്പ് വിളി അവിടേന്ന് നമ്മുടെ ഈ അറ്റംവരെ പതിവില്ല, പിന്നെ വാടകക്ക് പോലും വരാനും മിക്ക ദിവസങ്ങളിലും ആരെയും കിട്ടില്ല. ഇനിപ്പോ എല്ലാർക്കും അങ്ങോട്ടാണ് ഇഷ്ടെങ്കിൽ അങ്ങനെത്തന്നെ ആവട്ടെ, ഞാനായി എതിര് പറയുന്നില്ല, പ്രവർത്തിക്കാനുമില്ല.”…


സലീമിന്റെ മറുപടിയോടെ മറ്റുള്ളോരുടെ മൂന്നാളുടെയും തീരുമാനം നടപ്പിലായി.
കുട്ടേട്ടൻ രണ്ടാംവാരം കളിക്കുകയാണ്. വൈന്നേരത്തുള്ള മഴചാറ്റില് കൂടിയായപ്പോൾ ആളുകൾ കുറവ് തോന്നുന്നു.
പിന്നിലേക്ക് തിട്ടപ്പെടുത്തുമ്പോൾ അവസാനത്തെ വരിയിലെ നാലു കസേരകളിലായി സലീമും കൂട്ടുകാരും സ്ഥലം പിടിച്ചു.


ഒറ്റയും കൂട്ടവുമായി പ്രേക്ഷകരെത്തിയിട്ടും ലൂബ്നയുടെ അകത്തളം നിറയുന്നില്ല.
അവർക്കടുത്തൊക്കെ ഇനിയും അനേകം ഇരിപ്പിടങ്ങൾ ഒഴിഞ്ഞു കിടക്കുന്നു.
തൊട്ടു മുന്നിലുള്ള വരിയിലേക്ക് ഒരുകൂട്ടം അംഗങ്ങൾ വരുന്നത് കാണാനായി.
ഒറ്റ നോട്ടത്തിലെ തോന്നിപ്പിക്കുന്നു ഒരുമിച്ചുള്ള രണ്ടു കുടുംബങ്ങളെപ്പോലെ.
കൂട്ടത്തിലെപ്രായമെത്തിയ നാലു പേര്.


രണ്ടു ആണുങ്ങളും രണ്ടു പെണ്ണുങ്ങളും.
‘മനസ്സ്’…
പലപ്പോഴും ഊഹനകളാലെ ഉദാഹരണ സഹിതം സ്വന്തത്തോട് സംസാരിക്കുന്ന പതിവില്ലേ.
മുമ്പ് അവൾക്കൊരു പേര് തന്ന പോലെ.’..
അതുപോലൊരു പതിവ് ഇവിടെയും.
അങ്ങനെയൊരു ഊഹന വച്ചുകൊണ്ട് രണ്ടു വീട്ടിലെ അച്ഛനമ്മമാരെ അവരിൽ കാണാനായി.


ഇവരെല്ലാം
ഒന്നുകിൽ അടുത്ത കുടുംബങ്ങൾ. അതല്ലെങ്കിൽ സ്നേഹനിധികളായ അയൽവാസികൾ. സങ്കല്പം ഇത്തരത്തിലേക്ക് മനസ്സേറ്റെടുത്തു.
പറയട്ടെ,
പറഞ്ഞു തീരട്ടെ……
പിന്നെ രണ്ടു പെൺകുട്ടികളും, ഏകദേശം ഒരേ പ്രായത്തിലുള്ള രണ്ടോ മൂന്നോ ആൺകുട്ടികളുമുണ്ട്.


ടാക്കീസിലെ അണയാത്ത വെള്ളിവെളിച്ചത്തിലൂടെ ഒത്തൊരുമക്കൂട്ടം നടന്നു വരുമ്പോഴേ കണ്ടു, അക്കൂട്ടത്തിലെ രണ്ടു പെൺകുട്ടികൾ അവരാണെന്നത്.
തന്റെ ചങ്കിലെ വേദനയും വിരഹത്തിന്റെ അണയാവിളക്കുമായ അവൾ, പേരറിയാത്ത പെൺകുട്ടി. നീണ്ടമുഖത്തിൽ കുഞ്ഞു പൊട്ടുതൊട്ട പെൺകുട്ടി.
പിന്നെ കൂടെകാണാറുള്ള മുക്കിത്തിയണിഞ്ഞ വെളുത്തു തടിച്ച കുട്ടിയും.
ഏകദേശം നാലുമാസത്തെ ഇടവേള. അവസാനമായി മിഴിയറ്റം നോട്ടത്തിലൂടെ കൂട്ടിമുട്ടിയിട്ട് ഇന്നത്തേക്ക് ഏകദേശം നാലോളം മാസം തീർന്നുപോയിട്ടുണ്ട്.
വാക്കുകൾ ശബ്ദിച്ചാലും, മൗനമെന്ന കേൾക്കാശബ്ദത്താൽ നിർവ്വചിച്ചാലും ഈ അവസ്ഥ വിവരിക്കാനാവില്ല.


അവളെ കാണാത്ത ഈ കഴിഞ്ഞുപോയ നാലു മാസവും, അതിനു മുമ്പായി അവളെ കണ്ടിരുന്ന കുറച്ചുമാസങ്ങളും, എല്ലാമെല്ലാം വിശദീകരണത്തിനും ഒരുപാടൊരുപാട് അപ്പുറത്താണ്.
അതിനുള്ളിൽ സ്നേഹമുണ്ട് സന്തോഷമുണ്ട്,
ദുഖമുണ്ട്, വിരഹമുണ്ട്, വേദനയുണ്ട് അങ്ങനെ പറഞ്ഞറിയിക്കാൻ കഴിയാത്ത നോവിന്റെ ഒത്തിരി അലകളുണ്ട്. അക്ഷരങ്ങളാൽ വിവരിക്കാനാവാത്ത അനുഭവാവസ്ഥയുണ്ട്.


മുമ്പേ ‘മനസ്സ് ഓർമ്മപ്പെടുത്തിയ’.. അച്ഛൻമാരെന്ന് ഉദ്ദേശിച്ചവരില്ലേ…
അവർ രണ്ടു തലയ്ക്കലായിട്ട് ഇരുന്നു. ബാക്കിയുള്ളവര് അവർക്കിടയിലായുള്ള കസേരകളിലും.
സലീമിന്റെ തൊട്ടു മുന്നിലായി അവളാണ്, അവൾക്ക് വലതുവശത്തായി മുക്കുത്തിയണിഞ്ഞ കുട്ടിയും.
ഒന്നൊന്നര വർഷത്തെ കാഴ്ച,
ആൾത്തിരക്കിൽ നിന്നും ഒരു മുഖവട്ടം.


മിഴിയോരം പറഞ്ഞ കഥകൾ മിഴിയെറിഞ്ഞ വാക്കുകൾ മിഴിയ്ക്കുള്ളിൽ അടക്കിയ മുഖചിത്രം.
ഒരിയ്ക്കലൊരു കാഴ്ചയുടെ മിന്നലോടെ കോളേജ്ജ് പടിയ്ക്കലായി ഒറ്റനിമിഷം.
പിന്നെ ഒത്തിരി നാളുകൾക്കു ശേഷം “ശാന്തിയുടെ” തീരത്തായി ഒരു ദൂരം മുന്നിലും പിന്നിലുമായി മൂന്നോ നാലോ നിമിഷത്തെ കാഴ്ച. പിന്നെ ഭജനമഠം വഴിയിലൂടെ വീട്ടിലേക്കുള്ള യാത്ര.
അങ്ങനെ മാസങ്ങൾക്കു ശേഷം ഇന്ന് ഇതാ തൊട്ടരികത്തായി ദൈവം എത്തിച്ചിരിക്കുന്നു.


അങ്ങനെ വിശ്വസിക്കാനാണ് ഇഷ്ടം, കാരണം ഒരുപാട് ആഗ്രഹിച്ചതൊന്നും ഒരുനോക്ക് കാണാനെങ്കിലും അവസരമൊരുക്കാതെ ഒരു സൃഷ്ടിയെയും ഈശ്വരൻ തഴഞ്ഞിട്ടില്ല. അതിന്റെ ഉതാത്തമായ ഒരു ഉദാഹരണം കൂടി സംജാതമായി.
അതു തന്നെയാണ് ഈ കാഴ്ച്ചയുടെ അരികിലേക്കായി സൃഷ്ടാവ് ഇന്നിവിടേക്ക് ഈ ടാക്കീസിലേക്ക് ഒട്ടും ഇഷ്ടമില്ലാഞ്ഞിട്ടും വഴി നടത്തിയത്.
ഇരിക്കാനൊരിടം. അതിലേക്ക് നമ്മളമർന്നാൽ പിന്നെ ചുറ്റുപാടൊന്ന് ശ്രദ്ധിക്കും. എവിടേയും സ്വസ്ഥതയാണല്ലോ ജീവിതത്തിന് ആവശ്യം.
തിരിഞ്ഞൊന്ന് നോക്കി, പിന്നിലിരിക്കുന്നവരിലേക്ക് അവളുടെ മുഖം തിരിഞ്ഞു.
കണ്ണുടക്കി സലീമിന്റെ മുഖത്തേക്ക്. പ്രിയപ്പെട്ടവളുടെ മനസ്സുള്ളിൽ ആ നേരത്ത് എന്തായിരുന്നെന്ന് ദൈവം സാക്ഷി.


മുഖത്ത് സന്തോഷമോ സങ്കടമോ എന്നത് വേർതിരിക്കാൻ കാഴ്ച്ചക്കാരന് ആവുന്നില്ല.
അവളുടെ അറിയിക്കലാവാം കൂട്ടുകാരി മൂക്കുത്തിക്കുട്ടിയും തിരിഞ്ഞു നോക്കി.
ഒന്ന് മിണ്ടാനാവാതെ,
എന്നും സംഭവിച്ച ഒരേപോലെയുള്ള വിധിയുമായി ഇന്നത്തെ ഒത്തിരി നേരങ്ങൾ കഴിയുന്നു.
ഇടവേളക്ക് വീണ്ടും ടാക്കീസിനുള്ളിൽ വെളിച്ചം തെളിഞ്ഞപ്പോൾ പലപ്പോഴും അവൾ തിരിഞ്ഞു നോക്കുന്നത് സന്തോഷത്തിലേറെ നോവിനെയാണ് തന്നതും.
കാരണം,
ഒന്ന് മിണ്ടാനാവുന്നില്ലല്ലോ എന്നതു തന്നെ.


“എടാ…,
നിന്നെയാണെന്ന് തോന്നുന്നു, നിന്റെ നേർമുന്നിലിരിക്കുന്ന കുട്ടി ഇടയ്ക്കിടയ്ക്ക് തിരിഞ്ഞു നോക്കുന്നുണ്ടല്ലോ.”
സലീമിന്റെ തൊട്ടായിട്ട് ഇരിക്കുന്ന മൂസാപ്പു ശബ്ദം ചെറുതാക്കി പറയുന്നു.
“കൂടെ പഠിച്ച ആളാവും അല്ലെ.”…
മറുപടിക്കായി സലീമിന്റെ നാവ് വാക്കുകളെ പരതുമ്പോൾ, പ്രായംകൊണ്ട് മാറ്റമൊത്തിരി സലീമിനും പേരറിയാത്ത മിഴിപ്പെണ്ണിനും കാണുന്നുണ്ടെങ്കിലും, അവനു രക്ഷപ്പെടാനുള്ള പൊട്ടത്തരത്തിന്റെ ഉത്തരം സുഹൃത്ത് ബാപ്പു തന്നെ ഇത്തരത്തിൽ കണ്ടെത്തി.


സിനിമ തീർന്നു.
ലുബ്നയിൽ നിന്നും ആളുകൾ പല വഴിയിലൂടെ വീടുകളിലേക്കുള്ള മടക്കം.
അങ്ങാടിയെ ലക്ഷ്യം വെച്ചുള്ള നടത്തക്കാരിൽ ഈ കുടുംബങ്ങളുമുണ്ട്. വഴിവിളക്കിന്റെ വെളിച്ചത്തിൽ അവൾ സലീമിലേക്കായി ഇടയ്ക്കിടെ നോക്കുന്നതു കാണാവുന്നു.
പോലീസ് സ്റ്റേഷൻ കഴിഞ്ഞുള്ള പടർന്നു പന്തലിച്ച ചീനിമരത്തിനടുത്തെത്തിയപ്പോൾ വീണ്ടും മഴ ചാറിതുടങ്ങി.
പിന്നെ അങ്ങാടിയുടെ ഒത്ത നടുവിലായി സലീമും കൂട്ടുകാരും. വേറെ മറ്റുള്ളവരായ ഒത്തിരി പലരും.
രണ്ടു കുടുംബങ്ങൾ അവരായി വിളിച്ച ഒരു ടാക്സി ജീപ്പിലേക്ക് കിഴക്കോരം വാണിയമ്പലം റോഡിലൂടെ.


വണ്ടൂരിന്റെ തെക്കോരം നിർത്തിയിട്ട ഒരു ടാക്സിയിലേക്ക്‌ സലീമും കൂട്ടുകാരും.
മഴ, മഴ വീണ്ടും തുടങ്ങി. പിന്നിലൊരു ദൂരം കൂടെക്കൂടിയിരുന്ന മഴ ചില നിമിഷങ്ങൾക്ക് ശേഷം വീണ്ടും വണ്ടൂരിനെ നനയിച്ചു. സലീമിന്റെയും പേരറിയാ കുട്ടിയുടെയും കണ്ണുകളിലോ നോവിന്റെ നീരുറവ പെയ്തിറങ്ങി.
കവല ഉറങ്ങിയിട്ടുണ്ട്. പള്ളിക്ക് മുന്നിലെ ചീനിമരച്ചോട്ടിൽ ഇഖ്ബാലിന്റെ തട്ടുകട മാത്രം ഉണർന്നിരുപ്പുണ്ട്. നാൽചക്ര വണ്ടിയിൽ തീർത്തെടുത്ത തട്ടുകടക്കുള്ളിലെ പെട്രോൾമാക്സ് വെളിച്ചത്തിനു ചുറ്റുമായി അവരുടെ പ്രണയം പോലെ മരിക്കാനായി ചുറ്റുന്ന ഈയാംപാറ്റകളും.


കാഴ്ച,
അവസാനത്തെ കാഴ്ച,
മിഴിയ്ക്കുള്ളിലേക്ക് ഇറക്കി വക്കാനായി അവർ രണ്ടു പേരും ആ നേരത്തും തെരുവ് വിളക്കിന്റെ പ്രകാശത്തിലായി പരസ്പരം വേദനയോടെ നോക്കുന്നുണ്ടായിരുന്നു.
മിഴിയോരംകൊണ്ട് അവർക്കല്ലാതെ ലോകത്ത് മറ്റൊരാൾക്കും മനസ്സിലാക്കാനാവാത്ത ഭാഷയിൽ, മറ്റാരും കേൾക്കാനാവാതെ മഴയുടെ ലോകത്തോടൊപ്പം ശബ്ദിക്കുന്നുണ്ടായിരുന്നു.


പിന്നെ,
പിന്നെപ്പിന്നെ.
ഇനിയെന്നെങ്കിലും ഒരുനോക്ക് കാണാനാവുമോ എന്നറിയാതെ രണ്ടു ദിക്കിലേക്കായി രണ്ട് വാഹനത്തിലൂടെ ആ കാഴ്ച്ചകൾ മിഴികൾക്കുമപ്പുറം മറഞ്ഞു മറഞ്ഞു മറഞ്ഞില്ലാതാവുന്നു.!!

ഹുസൈൻ പാണ്ടിക്കാട്

By ivayana