രചന : വൈഗ ക്രിസ്റ്റി ✍

പ്രേമപ്പൊട്ടി മരിച്ചയന്നാണ്
ഞാനാദ്യമായി ,
ആ കുന്നു കയറുന്നത് .
നിറയെ ,
കാട്ടുപൊന്തയും ചുണ്ടച്ചെടിയും
പടർന്നു കിടന്ന വഴികളിൽ
പാമ്പുകൾ ,
പടം പൊഴിച്ചിട്ടിരുന്നതിൽ
പ്രേമപ്പൊട്ടിയുടെ
ചിരി നിറഞ്ഞു കിടന്നു .
ഒരു ചിരിയുടെ പിന്നാലെയാണ്
പ്രേമപ്പൊട്ടി
യാത്ര തുടങ്ങിയത്
ഇടയ്ക്കുവച്ചാ വഴി മുറിഞ്ഞുമാറി
മറ്റൊരു ചിരിയുടെ
ചില്ലയിൽ പിടിച്ചവൾ
മറ്റൊരു വഴിക്കു നടന്നു
പിന്നീട് ,
ചിരികൾ മാറിമാറി വന്നു
പ്രേമപ്പൊട്ടിയുടെ
വഴികളും .
ഒടുവിൽ ,
അവളുടെ രഹസ്യം പുറത്താവുകയും
പലരും അവളോട് താൽക്കാലിതമായി
ചിരിക്കുകയും ചെയ്തു
ഭാര്യ മരിച്ചവർ ,
ഭാര്യ ഉപേക്ഷിച്ചവർ ,
ഭാര്യയെ മടുത്തവർ ,
അങ്ങനെയാ നിരയങ്ങു നീണ്ടു
അവളാ ചിരികൾക്കു താഴെ
നഗ്നയായി
അവർ ,
തങ്ങളുടെ ചിരികൊണ്ടവളുടെ
നഗ്നതയെ
പുതപ്പിക്കുകയും
തേവിടിശ്ശി എന്ന
വാക്കു കൊണ്ടവളുടെ
നഗ്നതയിൽ കുത്തുകയും ചെയ്തു
മനസ്സും ശരീരവും
നിറയെ വടുക്കളായപ്പോൾ
പ്രേമപ്പൊട്ടി ,
അലമാരയിൽ
കൊതിയോടെ വൃത്തിയായിട്ടെഴുതി
മടക്കി വച്ചിരുന്ന
ജീവിതമെന്ന വാക്കെടുത്ത്
പുഴയിലെറിഞ്ഞു കളഞ്ഞു
ഞാൻ ചെല്ലുമ്പോൾ ,
മീനുകൾ ,
കൊത്തിവലിച്ച
ജീവിതമെന്ന വാക്കിനെ
പുറത്തിറക്കി കിടത്തിയിരുന്നു
ചുറ്റും ,
ഒരുപാട് ചിരികൾ കൂടി നിന്നു
പ്രേമപ്പൊട്ടിയുടെയടുത്ത്
അന്തം വിട്ടിരുന്ന
എട്ടുവയസ്സുകാരിയെ
ചില ചിരികൾ
അളന്നെടുത്തു
ചില ചിരികൾ കോർത്തെടുത്തു
അവയ്ക്കിടയിൽ
ഉറവിടമറിയാത്ത
ഒരച്ഛൻചിരിയും തിളങ്ങിനിന്നത്
എനിക്കു കാണാമായിരുന്നു..

വൈഗ ക്രിസ്റ്റി

By ivayana