രചന : ഉഷാ റോയ് ✍

"  നിസാറേ, ഉച്ചക്കലേക്ക്  കൊറച്ചു മീൻ

ബാങ്ങിക്കോളീ… ബയ്ക്കാനും പൊരിക്കാനും ബേണം … ” വല്യുമ്മ പറഞ്ഞത് കേട്ട് പതിനേഴുകാരനായ മിടുക്കൻ നിസാർ തിടുക്കത്തിൽ ചായേം കടീം അകത്താക്കി. മുക്കിലെ മത്സ്യവിൽപ്പനക്കാരന്റെ അടുത്തേക്ക് പോകാനായി സൈക്കിളെടുത്ത് ചെറിയമുറ്റത്തു തിരിച്ച് ശരവേഗത്തിൽ പുറത്തേക്കിറങ്ങി. “… ജ്ജ് ബേം പീടികേലോട്ട് ബന്നേക്കണേ നിസാറേ….”


തന്റെ പുതിയ ബൈക്കിലേക്ക് കയറിക്കൊണ്ട് കബീർ അവനോടു വിളിച്ചു പറഞ്ഞു. ” ആ മാമാ… “എന്നു പറഞ്ഞ് നിസാർ ഇടവഴിയിലൂടെ വേഗത്തിൽ ഓടിച്ചുപോകുന്നത് അടുക്കള മുറ്റത്തു വസ്ത്രങ്ങൾ കഴുകുന്നതിനിടയിലും ഉമ്മ സുബൈദ കണ്ടു. അവളുടെ ചിന്തകൾ
പെട്ടെന്ന് പഴയ ഓർമ്മകളിലേക്ക് പോയി.


പതിനാറാം വയസ്സിൽ ബന്ധുക്കളുടെ നിർബന്ധത്തിന് വഴങ്ങി തന്നെ ഭർത്താവ് ഒഴിവാക്കുമ്പോൾ
നിസാറിനെ മൂന്നു മാസം ഗർഭിണിയായിരുന്നു. അന്ന് ഇരുപത്തൊന്നു വയസ്സേ മൂപ്പർക്ക് ഉണ്ടായിരുന്നുള്ളു… എന്തിനാണ് ഒഴിവാക്കുന്നത് എന്ന് തങ്ങൾക്ക് രണ്ടുപേർക്കും നിശ്ചയവും ഉണ്ടായിരുന്നില്ല… പിന്നെ ഒരിക്കലും അദ്ദേഹത്തെ കണ്ടിട്ടില്ല.അന്ന് തുടങ്ങി താൻ സ്വന്തം വീട്ടിലാണ്. ഉപ്പയും ഉമ്മയും അനുജത്തിമാരും അനിയന്മാരും എല്ലാം ഉള്ള ചെറിയ വീട്ടിലെ ഞെരുക്കങ്ങൾക്കിടയിൽ താനൊരു അധികപ്പറ്റായി.ഭേദപ്പെട്ട വീട്ടിലേക്കു കല്യാണം കഴിച്ചയച്ചിട്ട് ഒറ്റപ്പെട്ടു മടങ്ങിവന്നപ്പോൾ എല്ലാവർക്കും ശത്രുതാമനോഭാവമായിരുന്നു. തന്റൊപ്പം പഠിച്ച റസിയാനെ കല്യാണം കഴിച്ചയച്ചതോടെ അവളുടെ വീട് രക്ഷപ്പെട്ടു എന്നാണ് ഉപ്പയും ഉമ്മയും പറയുന്നത്. റസിയാന്റെ പുയ്യാപ്ല നല്ലവനാണ്… റസിയാന്റെ വീട്ടിലുള്ളവർക്കും വേണ്ടതെല്ലാം കൊണ്ടുക്കൊടുക്കുമത്രെ…. കുത്തുവാക്കുകളും കത്തുന്ന ദാരിദ്ര്യവും… തനിക്ക് അന്നൊക്കെ കണ്ണീരൊഴിഞ്ഞ ദിനങ്ങൾ ഉണ്ടായിരുന്നില്ല…


ഒരു സന്ധ്യക്ക്‌ അലക്കുകല്ലിനരികെ
വസ്ത്രങ്ങൾ കഴുകി നിൽക്കുമ്പോൾ, രാവിലെ തുടങ്ങിയ വേദന സഹിക്കാനാകാതെ മുറ്റത്തേക്ക് വീണുകിടന്ന് താൻ പ്രസവിക്കുകയായിരുന്നു. കെട്ടിയവൻ ഉപേക്ഷിച്ച പെണ്ണിന് സ്വന്തം വീട്ടിൽ എന്തു വില.. പ്രസവരക്ഷ ഒന്നും ലഭിച്ചില്ല…വിശപ്പടങ്ങാത്ത ദിനങ്ങൾ… എങ്ങനെയോ രണ്ടുമാസം പിന്നിട്ടു.അടുത്തുള്ള യത്തീംഖാനയിൽ ശുചീകരണത്തൊഴിലാളിയെ വേണമെന്ന് ആയിടക്കാണ് ആരോ പറഞ്ഞറിഞ്ഞത്. താൻ ആ ജോലി ഏറ്റെടുത്തു. രാവിലെ കുഞ്ഞിനെയുമെടുത്ത് പോകും. അവിടെയുള്ള അനാഥമക്കളുടെ ഇടയിൽ കുഞ്ഞിനെ കിടത്തിയിട്ട് ജോലി ചെയ്യും. തനിക്ക് ഒരു നേരം വയർ നിറയാനുള്ളത് അവിടെ നിന്ന് ലഭിച്ചു തുടങ്ങി.വൈകുന്നേരം കുഞ്ഞിനെയുമെടുത്തു വീട്ടിലേക്കു പോരും .. തന്നെയും കുഞ്ഞിനേയും വീട്ടിൽ ആരും ശ്രദ്ധിക്കാറുമില്ല.


രണ്ടുവയസ്സായപ്പോഴേക്കും നിസ്സാറിന്
എല്ലാ ഭക്ഷണത്തോടും വല്ലാത്ത ആർത്തിയായിരുന്നു. ഇറച്ചിക്കൊതിയനായിരുന്നു അവൻ… രാത്രി ഭക്ഷണത്തിന് പാത്രത്തിന്റെ അരികിൽ വല്ലപ്പോഴും മാത്രം വിളമ്പുന്ന ഇത്തിരി ഇറച്ചിക്കറി ഒറ്റപ്പിടിക്കു വായിലാക്കി, അവൻ പിന്നെയും ആവശ്യപ്പെടും. അതു കാണുമ്പോൾ കറിതികയാതിരിക്കുന്ന തന്റെ കൂടെപ്പിറപ്പുകൾക്കെല്ലാം ദേഷ്യം വരും. ആർക്കും കുഞ്ഞിനോട് ദയ തോന്നിയിരുന്നില്ല….”എങ്ങോട്ടെങ്കിലും കുട്ടിയേയും എടുത്ത് പൊയ്ക്കൂടെ…”… എന്ന് അവർ പിറുപിറുക്കും. ഭക്ഷണം കഴിഞ്ഞ് ഇളയ ആങ്ങള കബീറിന്റെ നേതൃത്വത്തിൽ ഒരു തമാശക്കളിയുണ്ട്.


എല്ലാവരും ഇരിക്കുന്ന ഒറ്റമുറിയിലെ ലൈറ്റ് പെട്ടെന്ന് അണച്ചിട്ട് മൂന്ന് ആങ്ങളമാരും തമ്മിൽ അടിച്ചുകളിയാണ്.
ഭയന്ന് മുറിയുടെ മൂലയിലേക്ക് പതുങ്ങുന്ന
കുഞ്ഞുനിസാറിന് കണ്ണും മൂക്കും നോക്കാതെയുള്ള വേദനിപ്പിക്കുന്ന മൂന്നു നാല് അടി കൃത്യമായി കിട്ടിയിരിക്കും. കുട്ടി
അലറിക്കരയുമ്പോൾ വേഗം ലൈറ്റ് ഇട്ട്
അറിയാത്ത ഭാവത്തിൽ കബീർ പുറത്തേക്ക്‌ പോകും. എല്ലാവരും അതു കണ്ട് ചിരിക്കും. ആരും കബീറിന്റെ ക്രൂരതയെ വിലക്കാറില്ല. എങ്ങനെയും തന്നെയും മോനെയും ഒഴിവാക്കാനായുള്ള
ഓരോ വേലകളാണ്. അടുക്കളയിൽ നിന്ന്
ആളൊഴിഞ്ഞിട്ട് ഒന്നു പായ വിരിക്കാനായി
താൻ മോനെയും അടക്കിപ്പിടിച്ച് അടുക്കള മുറ്റത്തേക്കുള്ള ഒതുക്കുകല്ലിൽ ഇരിക്കും.
ആകാശത്ത് അങ്ങിങ്ങ് കണ്ണു ചിമ്മുന്നകുഞ്ഞുനക്ഷത്രങ്ങളെ കണ്ടുകണ്ട് കുട്ടി
ഉറക്കം പിടിക്കും. തീരങ്ങളെ തകർത്ത്, കലങ്ങിമറിഞ്ഞു കൂലം കുത്തിയൊഴുകുന്ന മഹാനദി പോലെയുള്ള തന്റെയും മോന്റെയും ജീവിതം… കാരിരുമ്പുപോലെ കടുപ്പമാർന്നകരിമ്പാറക്കെട്ടുകളിൽ തട്ടിച്ചിതറിയും
അപ്രതീക്ഷിതമായി ആഴങ്ങളിലേക്ക് എടുത്തെറിയപ്പെട്ടും അങ്ങനെ… അങ്ങനെ… മുൻപോട്ടുപോയി.


യത്തീം ഖാനയുടെ സ്കൂളിൽ നാലാം ക്ലാസ്സ് വരെ നിസാർ ഒരുവിധേന പഠിച്ചു. പൊള്ളുന്ന ജീവിതയാഥാർഥ്യങ്ങൾ
അവൻ അപ്പോഴേക്കും മനസ്സിലാക്കിത്തുടങ്ങിയിരുന്നു. വീട്ടിൽ അനുജത്തിമാരെ അതിനോടകം മംഗലം കഴിച്ചയച്ചു . ആർക്കും തന്റെ വിധി ഉണ്ടായില്ല. രണ്ട് ആങ്ങളമാർ വിവാഹിതരായി പുര കെട്ടി മാറിത്താമസിച്ചു. തനിക്ക്‌ വീണ്ടും ചില വിവാഹാലോചനകൾ വന്നു എങ്കിലും ഇനി
തന്റെ ജീവിതത്തിൽ മോൻ മാത്രം മതി എന്ന് നിശ്ചയിച്ച് ഉറപ്പിച്ചിരുന്നു.
കബീർ അതിനിടെ ഒരു പലചരക്കുപീടിക തുടങ്ങി… നിസാറിനെ അവിടെ എടുത്തുകൊടുപ്പുകാരനായി നിർത്തി. ശമ്പളം ഇല്ലാത്ത ജോലിക്കാരനെ കിട്ടിയതിൽ കബീറിന് വലിയ സന്തോഷമായിരുന്നു. തനിക്കും മോനും മൂന്നു നേരം വയർ നിറച്ച് ആഹാരം കിട്ടിത്തുടങ്ങിയത് അതിൽപ്പിന്നെയാണ്.നിസാർ ആത്മാർത്ഥതയുള്ളവനും കഠിനാധ്വാനിയുമായിവളർന്നുവന്നപ്പോൾ എല്ലാവർക്കും അവനോടു സ്നേഹമായി.

കബീറിന്റെ കച്ചവടം മെച്ചപ്പെട്ടപ്പോൾ അവന്റെ സമീപനത്തിലും വലിയ വ്യത്യാസം വന്നു.മിടുക്കനും വിശ്വസ്തനുമായ നിസാറിനെ മറ്റേതെങ്കിലും കച്ചവടക്കാർ
കൊണ്ടുപോയാലോ എന്ന് കരുതിയാവും, കബീർ അവനു മാന്യമായ വേതനം നൽകിത്തുടങ്ങിയിരുന്നു. ഇപ്പോൾ വല്യുപ്പാക്കും വല്യുമ്മാക്കും മാമന്മാർക്കും അമ്മായിമാർക്കുമെല്ലാം എന്തിനും ഏതിനും നിസാറിനെ മതി. തന്നെയും കാര്യമാണ്…. “… ന്റുമ്മാ ഇനി പണിക്കു പോണ്ടാ…. കാശു സൂക്ഷിക്കുന്നുണ്ട്… മ്മക്ക് പുര ബച്ച് മാറണം… ഒരു
പച്ചക്കറിപ്പീടികേം തുറക്കണം….” നിസാർ
തന്റെ ആശകൾ ഉമ്മാനെ ചേർത്തുപിടിച്ചു പറയാറുണ്ട്. ഇപ്പോൾ എല്ലാം ഒന്നു ശാന്തമായിരിക്കുന്നു. തീരങ്ങളെ തഴുകി തലോടി ഒഴുകുന്ന കുഞ്ഞുപുഴ പോലെയാണ് ഇന്ന് തന്റെയും മോന്റെയും ജീവിതം…ഓർത്തോർത്ത് സുബൈദയുടെ കണ്ണുകൾ നിറഞ്ഞുവന്നു.


” ഉമ്മാ…. “… സൈക്കിൾ ബെല്ല് നീട്ടിയടിച്ചുകൊണ്ട് നിസാർ വിളിച്ചു. “ഉമ്മാ ങ്ങള് കിനാവ് കണ്ട് നിൽക്കുകാണോ… മ്മള് എത്ര വിളിച്ചു “… അവൻ ഉമ്മയുടെ കയ്യിലേക്ക് മീൻ അടങ്ങിയ കവറും ചിക്കന്റെ കവറും കൈമാറി. “ഉച്ചക്കലേക്ക് കോഴി പൊരിച്ചു ബച്ചേക്കണേ ഉമ്മാ…. “… നിസാർ കടയിലേക്ക് പോകാനായി സൈക്കിൾ തിരിച്ചുകൊണ്ട് പറഞ്ഞു. സുബൈദ തട്ടത്തിന്റെ തുമ്പുകൊണ്ട് കണ്ണുകൾ തുടച്ച്, നിറഞ്ഞു ചിരിച്ചു നിന്നു.

ഉഷാ റോയ്

By ivayana