രചന : രാജേഷ് കോടനാട് ✍

ഓട്ടമ്മാ….
നിങ്ങൾ അവിവാഹിതയാണോ?
അല്ല
ഭർത്താവിനാൽ
ബന്ധം വേർപെട്ട് നിൽക്കയാണോ?
അല്ല
വിധവയാണോ?
അല്ല
ഭർത്താവ് വിദേശത്താണോ?
അല്ല
മക്കളില്ലാതെ നിരാശപ്പെട്ട്
ജീവിക്കുന്നവരാണോ?
അല്ല
സാമ്പത്തിക ബുദ്ധിമുട്ട്
അനുഭവിക്കുന്നവരാണോ?
അല്ല
സാമൂഹിക അരാജകത്വം
നേരിടുന്നവരാണോ?
അല്ല
നിങ്ങൾ പുറത്ത്
ജോലിക്ക് പോവുന്നവരാണോ?
ആണ്
മറ്റെന്തെങ്കിലും
സാമൂഹിക പ്രവർത്തനങ്ങളിൽ
ഏർപ്പെട്ടിരിക്കുന്നവരാണോ?
അല്ല
ആരെങ്കിലും പ്രണയാഭ്യർത്ഥനയോ
വിവാഹ വാഗ്ദാനമോ
നൽകിയിട്ടുണ്ടോ?
ഇതുവരെ ഇല്ല
ലൈംഗികാഭിനിവേശം
അമിതമായുള്ളവരാണോ?
അല്ല
സാധാരണയിൽ കവിഞ്ഞ്
പുരുഷ സൗഹൃദം കൂടുതലായി
ഇഷ്ടപ്പെടുന്നവരാണോ?
അല്ല
ലൈംഗീക ജീവിതത്തിൽ
തൃപ്തയാണോ?
അതെ…….
വീട്ടിനുള്ളിലും പുറത്തും
ജോലിസ്ഥലത്തും
മക്കളുടെ പിന്നാലെയും
ഭർത്താവിൻ്റെ പരാതികൾക്ക്
പിന്നാലെയും
വീട്ടുകാരുടെ
ആട്ടുകൾക്കു മുന്നാലെയും
നാട്ടുകാരുടെ
നോട്ടങ്ങൾക്കു മുന്നാലെയും
ഓടിയോടിത്തളർന്ന്
വാടകക്കെടുത്ത ആഗ്രഹങ്ങളെ
തൽക്കാലം
ഭർത്താവും മക്കളുമറിയാതെ
തയ്യലു പൊട്ടിയ
തലയണക്കവറിലേക്ക് തള്ളി വെച്ച്
ഒന്നുറങ്ങാൻ കിടക്കുമ്പോൾ
അവൾക്കൊരു പേരുണ്ട്
“വീട്ടമ്മ”
ഇത് അവളുടെ മാത്രം സ്വകാര്യത
ഒരു സുപ്രഭാതത്തിൽ
വീടും നാടും നഗരവും
പത്രച്ചുമരുകളും
ബഹുഭാഷാ മാധ്യമങ്ങളും
നാവേറ് തീർന്ന നല്ലാണുങ്ങളും
നാട്ടുകൂട്ടം കൂടി
അഴിഞ്ഞോളെന്നവളെ ചുട്ടി മുക്കും
തൂവലു തുന്നാത്ത
കുഞ്ഞുങ്ങളേയും
സ്നേഹഖനിയുടെ പ്രൊപ്രൈറ്റർ
ഭർത്താവിനെയും
നിഷ്ക്കരുണം ഉപേക്ഷിച്ച
കൂത്തിച്ചിക്കുള്ള
മോതിരമിടുവിക്കും
ചടങ്ങ് നടത്തിയ കൂട്ടത്തിലെ
ഏതെങ്കിലുമൊരുത്തൻ
അന്തിക്കവളുടെ വാട്ട്സാപ്പിൻ്റെ
ചെറ്റയൊന്ന് പൊന്തിച്ചു നോക്കി
റോക്കറ്റ് വിടും
ഭർത്താക്കൻമാരേ….
ഓടിയോടിത്തളർന്ന്
കൽക്കരി തുപ്പി
ഒന്ന് തല ചായ്ക്കാനൊരിടമന്വേഷിക്കുമ്പോൾ
” നിൻ്റെ ഇടത്തേ ചെവിത്തുമ്പിലല്ലേ
വികാരത്തളളിച്ച?” കൂടുതൽ
എന്ന് ചോദിച്ചു കൊണ്ട്
ചെവി കടിച്ചു മുറിക്കാൻ
ചെല്ലാതിരിക്കുക
പകരം ഒരു കൈ കൊണ്ട്
കിടക്ക വിരിയുടെ തുമ്പൊന്നു പിടിച്ച്
ഒപ്പമാക്കാൻ സഹായിക്കുക
പെണ്ണുങ്ങൾ
കുഞ്ഞുങ്ങളെപ്പോലെയാണ്
കരയുന്ന കുഞ്ഞുങ്ങൾക്ക്
ചീത്ത കേൾക്കുന്നതിനേക്കാൾ
അടി കിട്ടുന്നതിനേക്കാൾ
സങ്കടകരം
അവഗണിച്ചു പോവുമ്പോഴാണ്
തന്നേപ്പോലെ പരിഗണിക്കുക
ചെയ്‌ത പ്രവൃത്തികൾക്ക്
ചേർത്തുനിർത്തിയൊന്നഭിനന്ദിക്കുക
കുടുംബത്തെ വിട്ട്
ചിരിച്ചുകാട്ടുന്ന
മറ്റൊരുത്തൻ്റെ കൂടെ
ഓടിപ്പോവുന്നവളല്ല വീട്ടമ്മ
കുടുംബം നിലനിർത്താൻ
ഏതറ്റം വരെയും
ഓടിത്തളരുന്നവളാണ്…..
അവളെ ഞാൻ ഇനി മുതൽ
” ഓട്ടമ്മ “
എന്ന് വിളിക്കും
ക്ഷമിക്കണം……

രാജേഷ് കോടനാട്

By ivayana