രചന : ബാബുഡാനിയൽ ✍

കൊഴിയാറായോരിലകള്‍ ചൊല്ലി
കാലമിതെത്രതുച്ഛം ധരയില്‍.
കുഞ്ഞിലയായിജനിച്ചു പിന്നെ
കരുത്തിന്‍യൗവനമിന്നലെപോലേ.

കാറ്റിന്‍കൈകളിലൂയലുമാടി
കലപിലകൂട്ടി നടന്നൊരു കാലം.
ഇളകിത്തുള്ളും പൂവിന്‍മധുവിന്‍
മോഹമുദിച്ചുനടന്നൊരു കാലം.

ചാരെഗമിക്കും സോദരനിലയുടെ
നേരേരോഷമെറിഞ്ഞൊരു കാലം.
യൗവനതൃഷ്ണമദിച്ചൊരുകാലം.
മോഡിനടിച്ചു നടന്നൊരുകാലം.

ആര്‍ത്തുചിരിപ്പു പച്ചിലമോദാല്‍
ഞാനോ ഞെട്ടറ്റടരാന്‍ നില്‍പ്പൂ.
താഴെ മണ്ണില്‍ വീണുകിടപ്പൂ
കൂനകണക്ക് കൊഴിഞ്ഞോരിലകള്‍

കാലമതിദ്രുതവേഗേ പായും,
കാര്യമറിയാതുഴലും മര്‍ത്ത്യന്‍.
ഒരുനാള്‍ നിലയറ്റവനിയില്‍ വീഴും
വീണുകിടക്കുന്നിലകള്‍ പോലെ..!

ബാബുഡാനിയൽ

By ivayana