രചന : സഫൂ വയനാട്✍
നമ്മളിരുവഴിയായ് പിരിയുന്നയിടത്ത്
എത്രവേഗമാണൊരു വെയിൽ കനത്തത്..
കാപ്പി നേരങ്ങൾ മരവിച്ചു പാടകെട്ടിയത്…
ഇളംചൂടാർന്ന ഇരിപ്പിടങ്ങൾ
തണുത്തുറയുന്നുവെന്ന് പകൽ സാക്ഷ്യം..!
ഇപ്പോൾ ദീർഗനിശ്വാസങ്ങളുടെ ആഴപ്പരപ്പിൽ ജീവിതപുസ്തകം മാറോടടുക്കി
ഞാനവസാനത്തെ തീവണ്ടി ഇരമ്പത്തിനായ്
കാതോർക്കുന്നു
പാളത്തിനരുവശവും
ശൂന്യതയുടെ വള്ളികൾ നൂണ്ട് കയറി
ഇരിപ്പുറപ്പിച്ചിട്ടുണ്ട്….
അവ നമ്മുടെ മൗനം മാറ്റുരയ്ക്കുന്ന
രഹസ്യം ചോർത്തും നിശ്ചയം…
ഇടതു വശത്തെ ചുറ്റുമതിലിൽ
ചാഞ്ഞും ചരിഞ്ഞും ഇടതൂർന്ന ബോഗൺവില്ലകൾ…
അതിനിടയിലൊരു നേർത്തഇതളായി നീ..
അഗ്രങ്ങളിൽ ശവം തീനി പുഴുക്കൾ.
നമ്മെ തഴുകുന്ന കാറ്റ്…!
ആളൊഴിഞ്ഞ തീവണ്ടി ബോഗികൾ,
ആറിക്കടഞ്ഞ ചിരികൾ ഊരിവെക്കുന്നു..
ഞാനിപ്പോഴുമോർക്കുന്നു…
ഇടങ്ങളിൽ പൂത്ത അതിരാണി പൂക്കൾ
പെയ്ത നക്ഷത്രങ്ങൾ…
വീണുപൊട്ടിയ ആലിപ്പഴങ്ങൾ..
ഞാനുരുകിയത്,നീ പൊള്ളിയത്
ചുംബനങ്ങളിൽ നിന്ന് പ്രാണനും
വിയർപ്പിൽനിന്നു പ്രണയവും
ഉറ്റുന്നുവെന്ന് ശമിച്ചത്..
നമ്മൾ മിണ്ടിയത് തൊട്ട് പ്രപഞ്ചം നിശ്ചലമായത്
രാക്കിനാവിന്റെ മുല്ലവള്ളിയിൽപോലും
സ്വപ്നപുഷ്പങ്ങൾ പൊട്ടി വിടർന്നത്.
നീ എനിക്കുണ്ടായ രാത്രികളുടെ-
മുടിയിൽ നക്ഷത്രങ്ങളായ് ഞാനവചൂടിച്ചത്
ഇടക്കൊരു കാഞ്ഞിരചുവന്നമുറ്റിയ
കാറ്റ് വീശിയത്
വക്കുകളുടെ വിസ്‌ഫോടനത്തിൽ
ചങ്കിലെ അടിവേരിളകിയത്….
ആത്മാവോളം ചോര ചുവച്ചത്….
ചുറ്റിലും പടർന്ന നിശബ്ദതയിലും
നേർത്ത നിലാവൊഴിച്ചുവച്ച്
അവളയാളിൽ മരിച്ചു വീണത്..
അരികിൽനിന്നാരോ
തട്ടിവിളിച്ചു മതിമരിച്ചതെന്നൊരു
ശ്വാസം പകുത്തുതന്നത്…
ഞാനാൾക്കൂട്ടത്തിലപ്പോഴുമൊരു
മുഖം തിരഞത്…
ഇടമുറിയാതൊഴുകിയിരുന്നൊരാ
വിളിക്ക് ചെവിയോർത്തത്….
അത് മരിച്ചു വീണിടത്തെപ്പഴോ മറന്നുവച്ചുവെന്നൊരു
കരച്ചില് പൊട്ടീത്…
അയാൻ,
നീയെന്റെ ഹൃദയത്തിന്റെ ചില്ലുജാലകം
തുടച്ചു മിനുക്കി പ്രണയമുറ്റിച്ചവനാണ്…
ഇപ്പോഴെന്റെ കാഴ്ചയും കവിതകളും
നീയോർമ്മകൾ നിയന്ത്രിച്ചു
തുടങ്ങിയിരിക്കുന്നുവെന്ന്
ഏറെ ആസ്വസ്ഥതയോടെ ഞാൻ
പറഞ്ഞുവെക്കുന്നു…
നിന്റെ നെറ്റിയിലും ,കവിളുകളിലും
തീരെ അനുസരണ കാട്ടാത്ത മുടിയിഴകൾ
മാടിയൊതുക്കി എനിക്കേറെ ഇഷ്ടമുള്ളൊരാ
പിൻകഴുത്തിലെ മറുകിലും,
പ്രണയത്തോടൊപ്പം ഞാനെന്റെ
ചുംബനങ്ങളെയും മറന്നുവെക്കുന്നു……
അയാൻ,എന്നോട് ക്ഷമിക്കുക…
നിന്റെ സ്നേഹത്തിന്റെ പങ്കു
ചോദിച്ചതിന്..
നിന്റെ നേരങ്ങൾ കടമെടുത്തതിന്..
എല്ലാത്തിലുമപ്പുറം നിന്റെ
കാമുകിക്ക്‌മാത്രം അവകാശപ്പെട്ട പ്രണയം പകുത്തെടുക്കാൻ ശ്രമിച്ചതിന്…
ഒടുവിൽ ഇരുളും, പാതിരാവും കണ്ടു-
മുട്ടുന്ന വിനാഴികയിൽ ഞാനവസാന
വണ്ടിയുടെ മുരൾച്ചയ്ക്കൊപ്പം
ഓർക്കുന്തോറും വീർക്കുന്ന
നീയോർമ്മകളഴിച്ചുവെച്ച് യാത്രയാകുന്നു….
ദേ…കണ്ണുകളിപ്പഴും നിറയുന്നുവെന്നത് മറച്ചുവെക്കുന്നില്ല….
ഇത്രേം കരയുവാൻമാത്രം നീ, അത്രമേൽ
എന്നിൽ ഉണ്ടായിരുന്നുവോ …?
കരയട്ടെ…കരഞ്ഞു കരഞ്ഞു കണ്ണുനീർ തീരുമ്പഴെങ്കിലും എന്നിലുള്ളനീ ഉരുകിതീരട്ടെ….