രചന : ബിന്ദു ബാലകൃഷ്ണൻ ✍

പാർശ്വവൽക്കരിക്കപ്പെട്ടു പോയ
ഒരുവളുടെ കവിതകളെക്കുറിച്ച് പറയട്ടെ…
അവയിൽ ഏച്ചുകൂട്ടലുകളുടെ
പളപളപ്പുകളെ നിങ്ങൾ പ്രതീക്ഷിക്കരുത്,
പ്രണയത്തേയും വിരഹത്തേയും ചികയരുത്,
പൂക്കളെയും… കടലിനെയും… മഴയെയും
തിരഞ്ഞു നോക്കുകയേ അരുത്.
ആ വരികളിലെല്ലായ്പ്പോഴും
പിന്നെയും പിന്നെയും തട്ടിവേദനിക്കുന്ന ഒരുണങ്ങാമുറിവുണ്ടാകും,
അവളതിനെ ചിനക്കുമ്പോഴൊക്കെ
അത്രമേൽ ചലവും ചോരയും ചീറ്റുന്നത്.
വീണ്ടും വീണ്ടും മനോധൈര്യത്തിന്റെ നനുത്തൊരു തൂവാലയെടുത്തൊപ്പി
അവളാ മുറിവിനെ ഉണക്കാൻ ശ്രമിക്കും.
എന്നിട്ടും വല്ലാതെ പിടഞ്ഞുപോകുമ്പോഴൊക്കെ
അവളാ അങ്കലാപ്പുകളപ്പാടെ
കടലാസോരം പകർത്തി വെക്കും,
ഒട്ടും പ്രാസഭംഗികളില്ലാത്ത
ഒരുതരം നോവെഴുത്തുകൾ.
ഒരുപക്ഷേ….
നാളെയാ മുറിവ് പൊറുത്ത് കിട്ടുന്നേരം തീർച്ചയായും
അവളൊരു അതിജീവനത്തിന്റെ മനോഹരമായ കവിത ചൊല്ലിയേക്കാം.
എത്രയെത്ര അവഹേളനങ്ങളുടെ ഉപ്പുപരലുകൾ കുടഞ്ഞെറിഞ്ഞിട്ടാണ്
അന്ന്… അവളവളായിട്ടുണ്ടാവുക.!!!

ബിന്ദു ബാലകൃഷ്ണൻ

By ivayana