രചന : സായ് സുധീഷ് ✍

“എക്സ്പിരിമെന്റ്സില്ലാത്ത ജീവിതം പ്ലെയിൻ റോസ്റ്റ് പോലെ ശൂന്യവും വ്യർത്ഥവുമാണെത്രെ!”
:- അനോണി.
കഥയുടെ ഫ്ലാഷ് ബാക്ക് നടക്കുന്നത് അച്ഛന്റെയും അമ്മയുടെയും കല്യാണത്തിന്റെ ഫീസിബിലിറ്റി ഡിസ്കഷന്റെ ഭാഗമായി അമ്മയുടെ വീട്ടീന്ന് ഡിയർ ആന്റ് നിയർ ടീംസ് അച്ഛന്റെ വീട്ടിൽ വിസിറ്റ് വന്ന ഒരു സൺഡേ ഈവനിങ്ങിലായിരുന്നു.
വന്നവർ ചായേം അച്ചപ്പോം കുഴലപ്പോം മിക്സ്ച്ചറും മാറി മാറിയടിക്കണതിനിടേലാണ് മൂന്ന് മാമൻമാരുള്ളതിൽ നടുക്കണ്ടമായ, മൊട്ടു സൂചിയെക്കുറിച്ചായാലും ആറ്റംമ്പോമ്പിനെക്കുറിച്ചായാലും ആധികാരികതയോടെയല്ലാതെ സംസാരിക്കാനറിയാത്ത പൊന്നിൻ കുടം, നടു-മാമൻ തന്റെ മങ്കി ക്യാപ്പിട്ട ഹെഡ് ലൈറ്റുള്ള ഹെർക്കുലീസ് സെക്കിളിൽ വന്നിറങ്ങിയത്.


“….യ്യോ…ഞാനിച്ചിരി ലേറ്റായിട്ടാ… കറവയൊക്കെക്കഴിഞ്ഞ് പശൂനേം പോത്തിനേം എരുമേനെമൊക്കെ കെട്ടി പിടിച്ച് വന്നപ്പോ സമയം പോയതറിഞ്ഞില്ല “ന്നും പറഞ്ഞ് പ്രോഗ്രാമിന്റെ ഭാഗമായി കണ്ടങ്ങത്ത് സ്റ്റീൽസീന്ന് വാടകക്കെടുത്ത നീല പെയ്ന്റന്റടിച്ച സ്റ്റീലിന്റെ കസേര വലിച്ചിട്ട് ഡിസ്ക്കഷനിൽ ജോയിൻ ചെയ്തു.
സംഗതി സെറ്റാവാണെങ്കിൽ തന്റെ ഫ്യൂച്ചർ ബ്രദർ ഇൻ ലോകളിൽ നടുക്കണ്ടമാവേണ്ട ഓസം-മാൻ പശൂനേം പോത്തിനെയുമൊക്കെ കെട്ടിപ്പിടിക്കാറുണ്ടെന്ന് കേട്ട് അച്ഛന് സംതിങ്ങ് ഫിഷി ന്ന് ഫീൽ ചെയ്തോണ്ട് തന്റെ കസേര നടു -മാമനോട് ചേർത്തിട്ട് ഡൗട്ട് ഇപ്പോത്തന്നെ ക്ലിയർ ചെയ്ത് പോണതാണ് നല്ലതെന്നോർത്ത്, ശംബ്ദം താഴ്ത്തി
” …. ഹല്ലാ…. ഈ പോത്തിനെയൊക്കെ ഹഗ് ചെയ്യുമ്പോ കൊമ്പ്കൾ വന്ന് നെഞ്ചത്ത് തട്ടൂലേ…. “


ന്നോ മറ്റോ ആള് രഹസ്യായിട്ട് ചോദിച്ചപ്പോ ‘മലയാളം ഫ്രെയ്സസ് ഫോർ ഡെയ്ലി യൂസേജ് ‘ നെക്കുറിച്ച് യാതൊരെയ്ഡിയേല്ലാത്തവനാണല്ലോ തന്റെ ഫ്യൂച്ചർ ബ്രോ-ഇൻ-ലോ എന്ന ലൈനിൽ ഇൻ ഹരിഹർ നഗറിൽ സിദ്ധീക്ക് ജഗദീഷിനെ നോക്കിയ അയ്യേ ടൈപ്പ് നോട്ടം നോക്കിയത്രേ നടു-മാമൻ അച്ഛനെ.

കഥ തുടങ്ങുന്നത് ഞാൻ കയ്പമംഗലം വിജയഭാരതീലെ നാലാം ക്ലാസീന്ന് പ്രൊമോഷൻ കിട്ടി പെരിഞ്ഞനം ഗവൺമെന്റ് യുപിയിൽ അഞ്ചാം ക്ലാസിൽ അഡ്മിഷനെടുത്ത സമ്മർ വെക്കേഷനിലെ ഒരു സണ്ണി സൺഡേ മോണിങ്ങിലാണ്, സ്ഥലം അമ്മേടെ വീട്.
വിറകുപുരേടെ സൈഡിൽ പിള്ളേർക്ക് കുളിക്കാനായി മാത്രം നാലഞ്ചിഷ്ടിക വിരിച്ചുണ്ടാക്കിയ ഓപ്പൺ ബാത്ത് ഫെസിലിറ്റിയിൽ എണ്ണ തേപ്പിച്ചിഞ്ചയിട്ടുരച്ച് കുളിപ്പിച്ച് തുവർത്തി അതേ ഈരിഴത്തോർത്തുടുപ്പിച്ച് “പോയി ട്രൗസെറുടുത്തിടടാ ” ന്ന് പറഞ്ഞ്


അടുക്കള വാതിൽ വഴി വീട്ടിനകത്തേക്ക് കയറ്റി വിട്ട മൊമന്റിലായിരുന്നാ ട്വിസ്റ്റ്.
ജനിച്ചിട്ട് അന്നേക്ക് മൂന്ന് മാസം തികഞ്ഞ പോത്തുകുട്ടി, അതെ, നടു-മാമൻ ഡെയ്ലി ഹഗ് ചെയ്യാറുണ്ടെന്ന് ഒരിക്കൽ അച്ഛൻ മിസ്സണ്ടർസ്റ്റാന്റ് ചെയ്ത പോത്തച്ചന്റെ കന്നി ഓഫ് സ്പ്രിങ്ങ്, പുഴക്കപ്പുറം പോട്ടപ്പുല്ല് പടർന്നു കിടക്കണ തുരുത്തിലേക്ക് റുട്ടീൻ റൗണ്ട്സിന് പോകാൻ റെഡിയായി പാരൻസിനെ അപ്പാപ്പൻ തൊഴുത്തീന്ന് റിലീസ് ചെയ്യുന്നതും വെയ്റ്റ് ചെയ്ത് അടുക്കള ഭാഗത്തെ കൊന്നത്തെങ്ങിൽ പുറമുരച്ച് നിൽക്കുന്നു.
എക്സ്പിരിമെന്റ്സില്ലാത്ത ജീവിതം പ്ലെയിൻ റോസ്റ്റ് പോലെ ശൂന്യവും വ്യർത്ഥവുമാണെത്രെ എന്നാരോ എന്റെയുള്ളിലിരുന്ന് പറയുന്നത് ഞാൻ വ്യക്തമായും കേട്ടു.


” ഹാറ്റും കോട്ടുമിട്ട് എരിയുന്ന പൈപ്പ് കടിച്ച് പിടിച്ച് കുതിരപ്പുറത്ത് കയറി ലക്ഷ്യമില്ലാതെ പാഞ്ഞ് പോകണ ഒരു കൗബോയാകണമെന്നുള്ള ആഗ്രഹത്തിന്റെ പ്രൂഫ് ഓഫ് കൺസെപ്റ്റ് ഇംപ്ലിമെന്റ് ചെയ്യാനുള്ള അസുലഭാവസരം ദേ ദൈവായിട്ട് നിന്റെ മുന്നീക്കൊണ്ട് വച്ചിരിക്കുന്നു…. ജമ്പിൻ !” എന്നാരോ ആജ്ഞാപിക്കുന്നത് പോലെ.


വെരി നെക്സ്റ്റ് മൊമന്റ് കൊന്നത്തെങ്ങ് വഴി വലിഞ്ഞ് കയറി ഞാൻ ജൂനിയർ പോത്തച്ചന്റെ പുറത്തെത്തി. ( ടേക് യുവർ ടൈം ടു ഡിസൈഡ് ബട്ട് ഡോണ്ട് വെയ്റ്റ് ഫോർ ഇംപ്ലിമെന്റേഷൻ എന്നാണല്ലോ.)


ഹോഴ്സ് റൈഡ് സിനിമേൽ കണ്ടിട്ടുണ്ടെന്നല്ലാതെ അതിന്റെ പ്രാക്ടിക്കൽ ആസ്പെക്ട്സിനെക്കുറിച്ച് എനിക്ക് യാതൊരു ഐഡിയേമില്ലന്നറിഞ്ഞ നിമിഷായിരുന്നത്. ബിഫോർ യു ജമ്പ് ഇൻ ടു എനിത്തിങ്ങ്… ഹാവ് എ കംപ്ലീറ്റ് പ്ലാൻ വിത്ത് റിസ്ക് മിറ്റി ഗേഷൻ എന്നൊക്കെ പിൽക്കാലത്ത് പലരേയും പലവട്ടം ഉപദേശിക്കാൻ ഉപയോഗിച്ച പാഠം അനുഭവിച്ചറിഞ്ഞ മാജിക് മൊമന്റ്!
പ്രധാന ത്രെട്ട് കൗബോയ്സ് കുതിരയെ നിയന്ത്രിക്കാനുപയോഗിക്കണ മൂക്ക് കയർ ജൂനിയർ പോത്തച്ചനില്ലായിരുന്നു എന്നതായിരുന്നു. എങ്കിലും കാലുകൊണ്ട് ജസ്റ്റൊന്ന് തട്ടിയപ്പോൾ ജൂനിയർ പോത്തച്ചൻ പതുക്കെ മുൻപോട്ട് നടന്നു തുടങ്ങി.
അടുക്കള റൗണ്ട് ചെയ്ത് മുൻ വശത്തെത്തിയപ്പോൾ ഞാൻ ജൂ.പോത്തച്ചന്റെ കഴുത്തിൽ മണി കെട്ടിയിട്ട വട്ടക്കയറിൽ പിടിച്ചൊന്നു വലിച്ചു നോക്കി.


യെസ് ! ” പോത്തച്ചൻ പതുക്കെ മുന്നോട്ടോടാൻ തുടങ്ങി. ഞാൻ ച്ചിരി ആക്സിലേറ്റർ കൊടുത്തേക്കാമെന്നോർത്ത് വലത് കാൽ കൊണ്ട് പോത്തച്ചന്റെ വലത്തേ മുൻകാലിൽ മെൽഡായിട്ടൊന്ന് തട്ടി. അതേ ഓർമ്മേള്ളൂ. പിന്നെന്തൊക്കെ ചെയ്തൂന്നൊരു പീടീംല്ല, അജ്ജാതി ഓട്ടായിരുന്നു ജൂ.പോത്തച്ചൻ!
മുന്നോട്ടോടുമ്പോൾ പെട്ടന്ന് നിന്ന് ഇടത്തേക്ക് തിരിഞ്ഞ് ഇടത്തോട്ടോടേം വിത്തിൻ സെക്കന്റ്സ് വലത്തേക്ക് വെട്ടിത്തിരിഞ്ഞ് വലത്തോട്ടോടേം ചെയ്യണ തരം സിമ്പിൾ മാനുവറിങ്ങ് വിട്ട് ടു-വീലർ ഡ്രെവിങ്ങ് ടെസ്റ്റിന് വേണ്ടി എട്ടെടുക്കണ തരം കോംപ്ലക്സ് മോഡിലേക്ക് ജൂ.പോത്തച്ചൻ മാറ്യേതോടെ എന്റെ സ്റ്റബിലിറ്റി എക്സ്പൊണൻഷ്യൽ റേറ്റിൽ ഡീഗ്രേഡ് ചെയ്തു അണ്ടർ ക്വസ്റ്റ്യൻ മോഡിലായി. ഉടുത്തിരുന്ന സിഗിൾ പീസിനൊരു വിഭാഗീയ പ്രവണത ഫീൽ ചെയ്തോണ്ട് ഒച്ചയിട്ട് ആളെക്കൂട്ടാൻ മനസനുവദിച്ചില്ല.


ത്രെട്ട് ഫീൽ ചെയ്ത സ്പോട്ടിൽ ഞാൻ മുന്നോട്ടാഞ്ഞ് പോത്തച്ചന്റെ കഴുത്തിലൂടെ കൈ രണ്ടും ചുറ്റി വട്ടം കെട്ടിപ്പിടിച്ച് ചേർന്ന് കിടന്നു !!
ആ സ്പ്ലിറ്റോഫേ സെക്കന്റിൽ താഴെപ്പറയുന്ന രണ്ട് കാര്യങ്ങൾ ഒരേ സമയത്തു സംഭവിച്ചു.

അലിഗേഷൻ വന്നത് നടു-മാമന്റെ പേരിലായിരുന്നെങ്കിലും, അമ്മേടേം അച്ഛന്റേം തറവാടുകളിലാദ്യമായി തികഞ്ഞ ആത്മാർത്ഥതയോടെ ഒരു പോത്തിനെ ഹഗ് ചെയ്ത ആൾ എന്ന ക്രെഡിറ്റ് എന്റെ പേരിൽ രേഖപ്പെടുത്തപ്പെട്ടു.

. പോത്തിനെ ഹഗ് ചെയ്യുമ്പോൾ കൊമ്പ്കൾ നെഞ്ചത്ത് കൊള്ളുമോ എന്ന അച്ഛന്റെ ചിരപുരാതന സംശയത്തിന് എനിക്കുത്തരം കിട്ടി – നിങ്ങളുടെ തല അവക്കിടയിലാണെങ്കിൽ കൊമ്പ് കൾ ഒരിക്കലും നിങ്ങടെ നെഞ്ചത്ത് കൊള്ളുകയേയില്ല!
ആ കിടന്ന കിടപ്പിൽ ഒരു പാടാലോചിക്കാനൊന്നും ടൈം കിട്ടിയില്ല, ദി വെരി നെക്സ്റ്റ് മൊമന്റ് ജൂ.പോത്തച്ചൻ തോടിനരികിലൂടെ പുഴ ഡെസ്റ്റിനേഷൻ സെറ്റ് ചെയ്ത് ഓട്ടം തുടങ്ങി.
ദൈവമേ എനിക്ക് സ്വിമ്മിങ്ങറിയൂലല്ലോന്നൊരു സ്പാർക്ക് കിട്ടിയതിനൊപ്പം തലേന്ന് പുഴക്കപ്പുറം പോയി പുല്ല് തീറ്റ കഴിഞ്ഞ ജൂ.പോത്തച്ചൻ മൃഗയയിൽ മമ്മൂട്ടി നീന്തി വരണ പോലെ നീന്തിക്കേറി വന്ന സീൻ കണ്ടതൂടെ ഓർമ്മ വന്നതോടെ സംഗതി കയോസാണെന്ന് സ്പോട്ടിൽ തിരിച്ചറിഞ്ഞ് ഞാൻ ഫൈറ്റർ പെലറ്റുമാരെപ്പോലെ ആട്ടോ ഇജക്ഷൻ എക്സിക്യൂട്ട് ചെയ്ത് നേരെ തോട്ടിൽ ലാന്റ് ചെയ്തു !
വെള്ളത്തേക്കാൾ കൂടുതൽ ചളിയുണ്ടായിരുന്നത് കൊണ്ട് കളിമണ്ണ് ചികിൽസ കഴിഞ്ഞ് സ്റ്റീംബാത്തിന് പോണ ആളെപ്പോലെയായിരുന്നു ഒരു നിലക്ക് വലിഞ്ഞ് കരക്ക് കയറിയ ഞാൻ വീട്ടിൽ നടന്നെത്തിയത്.
“പ്പങ്കട് കുളിപ്പിച്ച് വിട്ടൊള്ളൊല്ലോടാ ….. ന്തൂട്ട് കളിയായിരുന്നൂടാവടെ? ” ന്നും ചോദിച്ചുണക്കാനിട്ടതിൽ നിന്നും കൈപ്പാങ്ങിന് കിട്ടിയ ഒരോല മടലെടുത്ത് വീശി വന്ന അമ്മയോട് ഞാൻ മന്വന്തരങ്ങളായുള്ള നിരന്തര തപസിലൂടെ ആത്മസംയമനം കൈവന്ന ഋഷി വര്യനെപ്പോലെ പ്രതിവചിച്ചു,
“ഒരു ജെല്ലിക്കെട്ടുണ്ടായിരുന്നമ്മേ! “
( ഹഗ് ഒക്കെ ഞങ്ങളുടെ തറവാട്ടിൽ പണ്ടേ ഉണ്ട് )

സായ് സുധീഷ്

By ivayana