രചന : റഫീഖ്. ചെറുവല്ലൂർ.✍
ഇത്ര വേഗേന പ്രിയതേ,
നീയെന്നിലേക്കിത്ര
ചേർന്നു നിന്നതിത്രയകലെയാണെങ്കിലും.
കൗമാരം പൂത്തുലഞ്ഞ കാലം മുതലേ,
പ്രണയമായിരുന്നെന്നു നീ
പറഞ്ഞതീ,
യൗവ്വനം പടിയിറങ്ങും
പതിതകാലത്തിലാണെങ്കിലും
പ്രണയം പൂത്തുലഞ്ഞിതാ
കവിത കുറിക്കുന്നു നിനക്കായിന്നു ഞാൻ.
ജരാനരകളങ്ങിങ്ങു
ചിത്രം വരയ്ക്കുന്നുവെങ്കിലും
നിന്റെ പൂവാടിയിൽ വിരിയും
ചുംബനപ്പൂക്കളിൽ
മധു നുകരുമൊരാൺശലഭമായി ഞാൻ!
തൊലി ചുളിഞ്ഞ കവിളിലും
ചുളിഞ്ഞുലഞ്ഞധരത്തിലും
പ്രണയാർത്ഥനായ് ചുംബിക്കും
പ്രണയസങ്കൽപങ്ങളിൽ
ഏറുമാടങ്ങൾ തീർത്തതിലൊരു
കാവലാളാകുന്നു ഞാൻ.
എന്തിനോ വേണ്ടിയീ കാലങ്ങളത്രയും
പറയാതെ സൂക്ഷിച്ച പ്രണയമതത്രയും
വീര്യമേറുന്നൊരു വീഞ്ഞായെനിക്കെന്നും
കല്പാന്തകാലവും
നുണഞ്ഞുന്മത്തനാവണം.
.