രചന : സാബു കൃഷ്ണൻ ✍

മൗനം കൊണ്ടടച്ചൊരു
വാതിലിൽ തഴുതിട്ടു
ഉറക്കെത്തേങ്ങുന്നു,നീ
എന്തിനാണാവോ കൂട്ടേ.
മൗനം നീ,ഭഞ്ജിച്ചില്ല
വേദനയെന്താണാവോ
രാവിലും പകലിലും
ആധി പൂണ്ടിരിക്കുവാൻ
ഇന്നലെ രാവിൽ വന്നു
മുട്ടി ഞാൻ വിളിച്ചപ്പോൾ
മെല്ലെയൊരർദ്ധഭാഗം
തുറന്നു മൊഴിഞ്ഞു, നീ
ചുരുക്കം വാക്കു മാത്രം
പിന്നെയോ മൗനത്തിന്റെ
അർത്ഥവിരാമമിട്ടു
മാനസ വാതിൽ പൂട്ടി
പകലിൻ പെരുക്കത്തിൽ
മയങ്ങും സ്വപ്നങ്ങളിൽ
‘റൂമി’യെ വായിക്കുന്നു
ചൈതന്യ സ്നേഹോദാരം
മനസ്സിനൗഷധം പോൽ
‘റൂമി’യൊരാശ്വാസം താൻ
സ്നേഹത്തിൻ ചിദാകാശം
തുടിക്കുംകവിതയിൽ
ഇരുളിൽ മുങ്ങിത്താഴും
മനസ്സിൻ പരിഭ്രമം
വിട്ടു നീ,യുണരുവാൻ
സൗഹൃദ ,വിളക്കിന്റെ
വെളിച്ചം കാട്ടിത്തരാം
കൂട്ടുകാരായി നമ്മൾ
പണ്ടെന്നോ കണ്ടുമുട്ടി
കപടമല്ലെന്നത്
നിശ്ചയമറിഞ്ഞു ഞാൻ
കാർമുകിലൊഴിയുമ്പോൾ
തുടുക്കും വാനം പോലെ
മനസ്സിൽ നഭസ്സിന്റെ
വെളിച്ചം നിറയട്ടെ
കദനം മറയ്ക്കാതെ
ഹൃദയം തുറക്ക ,നീ
സൗഹാർദ്ധം നിനക്കേകാം
ആശ്വാസ വചനങ്ങൾ
പ്രശ്നങ്ങൾ സങ്കീർണമാ-
യലട്ടും നിന്റെയുള്ളം
എങ്കിലും താങ്ങായിടാം
തുറന്നു പറക, നീ
ഹ്രസ്വമീ ജന്മം കൊണ്ട്
വഴിയിൽ വീഴാം നമ്മൾ
പരസ്നേഹത്താലല്ലോ
ജീവന ഗീതമുള്ളു
അന്യോന്യമടരും നാം
കാലത്തിൻ ചക്രങ്ങളിൽ
ആശ്രയമല്ലാതെന്തു-
ണ്ടുലകിൽ മിച്ചമൂല്യം.
തളരാതുണരുക
അഭിമാനിനിയായ്
ജീവിതകൊടിപ്പടം
ഉയർത്തിടിപ്പിക്ക,നീ
ർതുക്കൾ നിനക്കായ്
പൂചൂടും വാസരത്തിൽ
സഹർഷം കാലത്തിന്റെ
സൂര്യാംശു നിന്നെ,തൊടും.

സാബു കൃഷ്ണൻ

By ivayana