രചന : വാസുദേവൻ. കെ. വി ✍

പൊക്കിള്‍ക്കൊടിബന്ധം എന്നത് കവികൾ ആവർത്തിച്ചെഴുതുന്ന കാവ്യാത്മകപദം. പെറ്റമ്മയുമായുള്ള അഭേദ്യ ബന്ധം കൂടിയാണ് ആ വാക്ക് ഓർമ്മപ്പെടുത്തുന്നത്.
സിറിയയിലെ ധരിത്രീക്ഷോഭത്തിൽ ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ട ജീവൻ നഷ്ടപ്പെടാത്ത നവജാതശിശു. അറബി ഭാഷയിൽ അത്ഭുതം എന്ന അർത്ഥത്തിൽ ഐയ എന്ന് വിളിക്കപ്പെട്ട പെൺകുട്ടിയെ അഫ്രിനിലെ ഡോക്ടറുടെ ഭാര്യ മുലയൂട്ടുന്നു എന്ന വാർത്ത വേദനയും സന്തോഷവും പ്രദാനം ചെയ്യുന്നു.


പൊക്കിളിനു താഴെ സാരി ഉടുത്തു ഉടൽ പ്രദർശിപ്പിച്ച പെൺമനസ്സുകൾ ഇപ്പോൾ വിരളം. എങ്കിലും മധ്യവയസ്കകളുടെ പൊക്കിൾ പ്രദർശന വീഡിയോക്ലിപ്പുക്കളാൽ റീൽസ് ഉലകം സമ്പന്നം.
പുരുഷനിൽ ഉത്തേജനം ഉണർത്തും ആ കാഴ്ച എന്നതാണിവരുടെ ചിന്ത.
അരോചകവും, ജൂഗുപ്സാവഹവുമാണ് ചാടിയ വയറിൽ ഉഴുന്നുവട പ്രദർശനം. ഉള്ള ഉത്തേജനം കൂടി ഇല്ലാതാവും.


എന്നിട്ടും ഔട്ട്‌ഡേറ്റഡ് ആയ ആ മേനികാട്ടൽ നിർവൃതി വിട്ടൊഴിയാതെ നമ്മുടെ ചേച്ചിപ്പെണ്ണുങ്ങൾ.
ആംബ്ലികസ് എന്ന ലാറ്റിൻ നാമം പൊക്കിൾ എന്ന വാക്കിന്.
ചില്ലറയല്ല പൊക്കിൾക്കൊടി. വികസിത രാജ്യങ്ങളിൽ കുഞ്ഞിന്റെ പൊക്കിൾ കൊടിയിൽ നിന്നുള്ള രക്തമെടുത്തു സൂക്ഷിക്കുന്നു. ഭാവിയിൽ ഉണ്ടായേക്കാവുന്ന ചിലചികിത്സകൾക്ക്., ” നവ ദ്വാരേ പുരേ ദേഹീ നൈവ കുർവൻ ന കാരയൻ ” എന്ന് ഭഗവത് ഗീതയിലും അത് ഏതൊക്കെയെന്ന് ഉപനിഷത്തിലും പറയുന്നുണ്ട്, നവ മഹന്തി ഛിദ്രാണി-സപ്ത ശിരസി, ദ്വേചാധഃ, ഏതാവദൃശ്യം ശക്യമപി നിർദിഷ്ടം,
എങ്കിലും ഉൾപ്പെടുത്താതെ പോയ ദ്വാരങ്ങളിൽ മുലക്കണ്ണുകളും ഗർഭാശയ ദ്വാരവും ഒപ്പം പൊക്കിളും.


ദ്വാരങ്ങൾ സ്രവം പുറം തള്ളുന്നവ. പൊക്കിൾ ചുരത്തുന്ന സ്രവഗന്ധം ഏറിയും കുറഞ്ഞും. ബെല്ലി ബട്ടൺ ഇൻഫെക്ഷൻ, ക്ലീനിങ് വ്ലോഗുകൾ ഇട്ട് തരുണീമണികൾ പൂണ്ടുവിളയാടുന്നു യു ട്യൂബിൽ. ,
സമ്പന്നമായ ചലച്ചിത്രഗാനശാഖയിൽ പൊക്കിൾ വർണ്ണന വിരളമെങ്കിലും,
ഭരതൻ ടച്ച്‌ ആയാലും പപ്പേട്ടൻ മാജിക്‌ ആയാലും അവരുടെ സിനിമകളിൽ യഥേഷ്ടം പൊക്കിൾ കാട്ടൽ ദൃശ്യങ്ങൾ. ഗർഭസ്ഥശിശു പർവ്വത്തിൽ നമ്മളൊക്കെ വിശപ്പകറ്റി വളർന്നത് ഈ പൊക്കിൾ കൊടിയിലൂടെ ആയിരുന്നല്ലോ.
പിൻചെവിയും, പിൻകഴുത്തും പോലെ അധരസ്പർശം വൈദ്യുതി സ്പർശമാക്കി മാറ്റുന്ന ഇടം കൂടിയാണ് പിടകൾക്കത്.


ആകൃതിയാണ് ഭംഗിക്ക് നിദാനമെങ്കിൽ ചുക്കിചുളിഞ്ഞ രൂപഹീന ഇടം കാഴ്ച്ചക്കുളിർ നൽകില്ല.
പാൻക്രിയാസ് ചികിത്സക്ക് പൊക്കിൾ വഴി ഉപയോഗിക്കപ്പെടുന്നു ആരോഗ്യശാസ്ത്രത്തിൽ.
ശരീരശാസ്ത്ര പണ്ഡിതൻ ഡെസ്മണ്ട് മോറിസ് വ്യക്തമാക്കുന്നുണ്ട് പൊക്കിൾ എന്ന അവയവത്തെയും .
ഹസ്തരേഖാ ശാസ്ത്രം പോലെ പൊക്കിൾ ലക്ഷണ ശാസ്ത്രവും പണ്ട് തൊട്ടേ..
“ആസ്‌ട്രോ ഉപായ് “എന്ന സൈറ്റിൽ അതു കാണാനാവുന്നു .
വൃത്താകൃതിയിലുള്ള പൊക്കിളെങ്കില്‍ ആഴത്തിൽ ചിന്തിക്കാന്‍ കഴിവുളളവരായിരിക്കും ഈ സ്ത്രീകള്‍. ഇവര്‍ ദയയുള്ളവരും സത്യസന്ധരുമായിരിക്കും. ആരോഗ്യസ്ഥിതിയും മെച്ചപ്പെട്ട ഭാഗ്യവതികളായിരിക്കും ഇവർ .വലിയ പൊക്കിള്‍ ഉള്ള സ്ത്രീകളെ ബുദ്ധിയുടെ കാര്യത്തില്‍ തോല്‍പ്പിക്കാനാകില്ല. പ്രതീക്ഷിച്ചത് പോലെ ഉയരാന്‍ പറ്റാത്ത സാഹചര്യത്തിലും ഇവര്‍ പ്രായം ചെല്ലുന്തോറും നേട്ടങ്ങള്‍ കൊയ്യുന്നവരാണത്രെ .


ലംബമായി ഓവല്‍ ഷേപ്പിലുള്ള പൊക്കിളുള്ള സ്ത്രീകള്‍ സംസാരപ്രിയരായിരിക്കും.
സോഷ്യൽ മീഡിയ മാനിയ ഉറപ്പെന്നു സാരം.
തിരച്ഛീനഓവൽ ഷേപ്പിൽ പൊക്കിള്‍ ഉള്ളവരെ ആര്‍ക്കും പെട്ടെന്ന് മനസിലാക്കാന്‍ കഴിയില്ല.
മറ്റുള്ളവരിൽ തെറ്റുകളും കുറ്റങ്ങളും കാണുന്നവരായിരിക്കും ഇവര്‍.
ഗർഭിണികളെ പോലും ഈ ലക്ഷണശാസ്ത്രം വെറുതെവിടുന്നില്ല.
ഗര്‍ഭകാലത്ത് പൊക്കിള്‍ പുറത്തേക്ക് ഉന്തിനില്‍ക്കുന്നതാണെങ്കില്‍ ഇത്തരക്കാര്‍ക്ക് ഒന്നിലേറെ കുട്ടികള്‍ അകത്തുണ്ടായിരിക്കും.


ഇവർ വേഗത്തില്‍ ഗര്‍ഭിണികളാകുകയും ചെയ്യും. വളരെ ശ്രദ്ധാലുക്കളായിരിക്കും ഇവര്‍ എന്നാണ് മറ്റ് ചില ലക്ഷണക്കാര്‍ പറയുന്നത്. എല്ലാ കാര്യവും വളരെ സൂക്ഷിച്ച് മാത്രമേ ഇവര്‍ കൈകാര്യം ചെയ്യുകയുള്ളൂവെന്നും ശാസ്ത്രം പറഞ്ഞുവെക്കുന്നു.
മുന്നോട്ട് തള്ളി നില്‍ക്കുന്ന പൊക്കിള്‍ ഐശ്വര്യത്തിന്റെ ലക്ഷണം ഏത് മേഖലയിലും അവർക്ക് വിജയം നേടാൻ കഴിയും. ഊര്‍ജ്ജസ്വലരായിരിക്കും. കൂടെയുള്ളവരില്‍ പോലും പോസിറ്റിവ് ചിന്താഗതികള്‍ പകര്‍ത്താന്‍ ഇവര്‍ക്ക് സാധിക്കുമെന്നു കൂടി കാണുമ്പോൾ കൊള്ളാലോ പൊക്കിൾ ലക്ഷണതിയറിയെന്ന് തോന്നിയേക്കാം.
ഇത് പ്രചുര പ്രചാരത്തിലായാൽ സോഷ്യൽ മീഡിയയും ഹാപ്പി. പൊക്കിൾ നോക്കട്ടെ എന്ന് ധൈര്യപൂർവ്വം ആർക്കും പറയാനാവും. പൊക്കിൾ ചിത്രങ്ങൾ മാറ്റിമാറ്റിയിട്ട് പ്രൊഫൈൽ പിക്ചറുകളും പിറന്നേക്കാം.


അപ്പോഴും സാഹിത്യ പുംഗവർ ആവർത്തിക്കും പൊക്കിൾക്കൊടി ബന്ധം എന്ന പദം കാവ്യത്മകമായി.

By ivayana