രചന : പ്രവീൺ സുപ്രഭ✍
ഇന്നലെവരെ
ഒരുതുറിച്ചുനോട്ടത്തിന്റെ
കത്തുന്നമുനകൊണ്ടെന്നെ
ഭയത്തിന്റെ
പരകോടിയിലെത്തിച്ച
തീപോലെതിളങ്ങിയിരുന്ന
കൂർത്തകണ്ണുകൾ
തിരുമ്മിയടയ്ക്കുമ്പോൾ
എന്റെ വിരലുകളും
മരവിച്ചിരുന്നു .
പാതിചത്തവന്റെ കയ്യിൽ
പങ്കുവെക്കാനൊന്നും
ശേഷിച്ചില്ലെന്നറികെ
ഇഷ്ടപുത്രൻ കോപിച്ചു
തട്ടിയെറിഞ്ഞ കൈത്തണ്ട
ഇരുമ്പുകട്ടിൽപ്പടിയിലുരഞ്ഞത്
ചത്തുമരവിച്ചുകറുത്തിട്ടും
എന്നെനോക്കിക്കരയുംപോലെ ,
കൂർത്തവാക്കുകൾകൊണ്ട്
മൂത്തമകൾ നെടുകെവരയവെ
ഒരുപകുതിമരിച്ചെങ്കിലും
ഒട്ടും ദ്രവിക്കാത്തഹൃത്തിൽ
സ്നേഹനിരാസത്തിന്റെ
കനൽമുള്ളുകൾ പതിഞ്ഞു
വെന്തു പിടയുന്ന വൃദ്ധദേഹത്തെ
നെഞ്ചോട് ചേർത്തു പിടിക്കുമ്പോൾ
പിച്ചനൽക്കാത്ത സ്നേഹം പുകഞ്ഞു
പൊള്ളിത്തിണർത്തകണ്ണുകൾ
പാതി മകനെപൊറുക്കെടാ എന്ന്
ദൈന്യമായെന്നോട് പരിതപിച്ചിരുന്നു .
നരച്ചകുറ്റികൾപൊടിഞ്ഞതാടി
നേർത്ത ശീലകൊണ്ടു കെട്ടവെ
വെള്ളിടിമുഴക്കം കൊണ്ടെന്റെ
നനുത്ത ചെകിടോരങ്ങളെ ത്രസിപ്പിച്ച
തടിച്ച വിരൽപ്പാടിലെ തീച്ചൂട്
എന്നിലേക്ക് പടർന്നുകയറും പോലെ,
തൂശനിലയിലെ
പിണ്ഡയുരുളയിൽ
അരിയും പൂവുമിട്ട്
പേരും നാളും ചൊല്ലി
ബലിയിട്ടുതിരിയുമ്പോൾ
ചെന്തെങ്ങിന്റോലയിലൊരു
ബലിക്കാക്ക നീട്ടിക്കരഞ്ഞു,
അനാഥനായി ജീവിച്ചവൻ
അനാഥനായിമരിച്ചവന്
പും ത്രാണനത്തിന്റെ
പുണ്യം പകർന്നപ്പോൾ
കടംകൊണ്ട പുത്രഭാഗ്യത്തിൽ
അറിയാതെ ഞാനുംകരഞ്ഞു …..