രചന : മോഹൻദാസ് എവർഷൈൻ✍
സന്ധ്യയ്ക്ക് വിളക്ക് കൊളുത്തി, അതിന്റെ മുന്നിലിരുന്ന് നിത്യവും ചൊല്ലാറുള്ള സന്ധ്യനാമം ഈണത്തിൽ ചൊല്ലുന്ന ഭാനുമതിയെന്ന ഭാര്യയുടെ ഭക്തിയിൽ അയാൾക്ക് മതിപ്പ് തോന്നി.
ദൈവത്തോടെങ്കിലും അവൾക്കല്പം ബഹുമാനം ഉണ്ടല്ലോ അത് തന്നെ ഭാഗ്യം.
സംയമനം കൊണ്ട് സന്തോഷത്തെ ചേർത്ത് നിർത്തുന്നതിൽ അയാളെപ്പോഴും ജാഗ്രത പുലർത്തിയിരുന്നു.
പഴയകാല മലയാളഗാനങ്ങളോട് അയാൾക്ക് വല്ലാത്തൊരിഷ്ടമാണ്!. ഡ്രൈവ് ചെയ്യുമ്പോൾ ആ വരികൾ അയാളിൽ ഉന്മേഷം നിറയ്ക്കുകയും, മനസ്സിലെ ഭാരം കുറയ്ക്കുകയും ചെയ്തു.
നാമം ചൊല്ലിയെഴുന്നേറ്റ് ഭാനുമതി അയാൾക്കരികിൽ ചെന്നുരുമ്മിയിരുന്നു.
ഈ പ്രേമം എന്തോ കുരുക്കിടാനുള്ള തന്ത്രമാണെന്ന് പിടികിട്ടിയെങ്കിലും പുറത്ത് കാട്ടാതെ അയാളും സ്നേഹത്തോടെ ചിരിച്ചു.
“പിന്നെ…നമ്മുടെ മക്കൾ എത്ര നാളുകൂടിയാ നാട്ടിൽ വരുന്നത്, അവരെയും കൂട്ടി എങ്ങോട്ടെങ്കിലും ഒന്ന് പോകണ്ടേ?”. ഭാര്യയുടെ ചോദ്യത്തിൽ കഴമ്പുണ്ടെന്ന് തോന്നിയതിനാൽ അയാൾ രണ്ടാമതൊന്ന് ആലോചിക്കാതെ സമ്മതിച്ചു.
“പോകാം.. അതിനെന്താ?മക്കളോടും റെഡിയാവാൻ പറയ് “.
വണ്ടി ഓടി തുടങ്ങിയപ്പോൾ അയാൾ തന്റെ ഇഷ്ടഗാനങ്ങൾ വെച്ച് ഒന്ന് ഉഷാറായി.
പെട്ടെന്ന് മകൻ അത് ഓഫ് ചെയ്തു.
“ഈ പഴഞ്ചൻ പാട്ടൊന്നു മാറ്റി പിടിച്ചൂടെ അച്ഛന് “.
“അത് ശരിയാ “
മകളും അവനെ സപ്പോർട്ട് ചെയ്തു.
തന്റെ കരണത്തിന് തല്ല് കിട്ടിയ പോലെ അയാൾക്ക് വേദനിച്ചു.
“ഞാനും ഇതെത്ര നാളൊണ്ട് പറയണോന്ന് വിചാരിക്കയാ “. ഭാനുമതിയും മക്കളെ പിന്താങ്ങിയപ്പോൾ അയാൾക്കൊത്തിരി സങ്കടം തോന്നി.
മലയാളത്തിന്റെ മധുരം നുണയാൻ അറിയാത്തവരോട് എന്ത് പറയാനെന്ന് മനസ്സിൽ ആത്‍മഗതം ചെയ്തു.
അപ്പോഴാണ് മേനോൻ സാർ പറഞ്ഞ “ജനറേഷൻ ഗ്യാപ് “എന്താണെന്ന് അയാൾക്ക് ശരിക്കും പിടികിട്ടിയത്.