രചന : മാധവ് കെ വാസുദേവ് ✍
പ്രണയാക്ഷരങ്ങളെ സ്നേഹിക്കുവാനായ്
പ്രണയമെന്തെന്നു ഞാന്‍ ഓര്‍ത്തുവെച്ചു.
ഒരുനെഞ്ചിലൂറുന്ന വ്യഥയാണതെന്നു ഞാന്‍
അറിയാതെ എല്ലാമറിഞ്ഞു വെച്ചു…….
പൂന്തേന്‍നുകര്‍ന്നു പറന്നകലുന്നൊരു
ശലഭ നിസംഗതയെന്നറിഞ്ഞു.
തീരം പുണര്‍ന്നു കവര്‍ന്നകലുന്നൊര
തിരയുടെ നൊമ്പരമെന്നറിഞ്ഞു…..
കാറ്റിന്നലയില്‍ വിതുമ്പിനില്‍ക്കുന്നൊര
മുളം തണ്ടിന്‍ വേദനയാണെന്നറിഞ്ഞു.
കടലിന്‍റെ മാറിലലിഞ്ഞുചേരുന്ന
സന്ധ്യതന്‍ കുങ്കുമമെന്നറിഞ്ഞു……..
മൗനം മിഴികളില്‍ വാചാലമാകുന്ന
മാസ്മര സ്വപനമതെന്നറിഞ്ഞു.
ഹൃദയത്തിന്‍ തന്ത്രികള്‍ മീട്ടിനിന്നീടുന്ന
സുന്ദര രാഗമാണെന്നറിഞ്ഞു……….
ഏഴുവര്‍ണ്ണങ്ങളും ഒന്നിച്ചുചേര്‍ന്നുള്ള
മാരിവില്‍ ശോഭയാണെന്നറിഞ്ഞു.
കളകളമൊഴുകുന്ന അരുവിതന്‍മാറിലെ
കുളിര്‍ നീര്‍ക്കുമിളയതെന്നറിഞ്ഞു……
പ്രണയം മനസ്സിനെ വര്‍ണ്ണാഭമാക്കുന്ന
മൗന സംഗീതത്തിന്‍ ആത്മരാഗം.
പ്രണയാക്ഷരങ്ങളെ സ്നേഹിക്കുവാനായ്
പ്രണയമെന്തെന്നു ഞാന്‍ ഓര്‍ത്തുവെച്ചു.