രചന : രാഗേഷ് ചേറ്റുവ ✍
ഉറക്കത്തിന്റെ കറുപ്പിൽ നിന്നും
ഉപ്പുമാവിന്റെ വെളുപ്പിലേക്ക്.
ഉപ്പ് കുറവെന്നോ കൂടുതലെന്നോ ഉള്ള
പരാതികൾക്ക് തീരെ ഇടമില്ലാതെ
അമ്മയുടെ തിരക്കെന്നോ വയ്യെന്നോ ഉള്ള
നിശബ്ദ പ്രസ്ഥാവനയ്ക്ക്
ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കൽ മാത്രം ആണ്
മിഴി ഉയർത്താതെ ഉള്ള എന്റെ ഓരോ
ഉപ്പുമാ തീറ്റയും.
ചിലപ്പോൾ ഉപ്പുമാവ് കല്യാണ വീടിന്റെ തിരക്കിലേക്ക്
പറന്നിറങ്ങും,
വലിച്ചു കെട്ടിയ ടാർപ്പോളിൻ പന്തലിന്റെ
ഒരു മൂലയിൽ ക്ഷണക്കത്തില്ലാതെ
വലിഞ്ഞു കയറുന്ന മഴയെ
വരമ്പുയർത്തി തടഞ്ഞു നിർത്തി
ചിര പരിചിതരായ പുഞ്ചിരികൾക്ക്
മറു പുഞ്ചിരി നൽകുമ്പോൾ
ഉപ്പുമാവിന് നല്ല മുല്ലപ്പൂ വാസന.
ചിലപ്പോൾ ഉപ്പുമാവ്
മരണ വീട്ടിലെ നിശബ്ദതയിൽ
കുറുകി കിടക്കും,
വിശപ്പടങ്ങാത്ത വയറിനോട്
‘ഇനിയും വേണോ’എന്ന് ചോദിക്കുമ്പോൾ
അത് നിറഞ്ഞുവെന്ന് വെറുതേ അഭിനയിക്കും.
ഉപ്പുമാവ് എപ്പോഴും തിരക്കിന്റെ ഭക്ഷണം ആണ്,
രുചിയേക്കാൾ തിരക്കിട്ട് കുറുക്കിയത്.