രചന : സുഭാഷ് .എം.കുഞ്ഞുകുഞ്ഞ് (കുവ)✍

ഹേ.. പ്രോമിത്യുസ് നിന്നെ
തിരിച്ചറിഞ്ഞേ ഇല്ല ഞാൻ…
പ്രോമിത്യുസ് നീ…..
വാക്കിനും വരികൾക്കുമപ്പുറം
ഞാൻ കേട്ട കഥകൾ ,
കവിതകൾ, എന്നിവയ്ക്കപ്പുറം
നിസ്തുല സ്നേഹപ്രതീകമായി…
കാലങ്ങളിൽ നിന്നു
കാലങ്ങളിലേക്കു
യവനനായകാ നീയൊരു
വിങ്ങലായ്
ഹൃദയത്തിനുള്ളിൽ
ജ്വലിക്കുന്നു…
നീയെനിക്കേകിയൊരഗ്നിയാൽ
തപിക്കുന്നു; നെഞ്ചകം പൊള്ളുന്നു
നീ തന്നൊരഗ്നിയിൽ
ചെയ്തു ഞാനുണ്ടോരു
ചോറിൽ ചുവയ്ക്കുന്നു രുധിരം
നീയെനിക്കേകിയൊരു
സ്നേഹാഗ്നിനാളം
ചുട്ടുപൊള്ളിക്കുന്നു ഉള്ളം
വയ്യിനി ;വയ്യെന്ന്
പോലും പറയുവാൻ
പ്രോമിത്യുസ് നിന്നെ
തിരിച്ചറിയുന്നു…. ഞാൻ
യാഗാഗ്നി തന്നു
നിബന്ധിതനായതും
എനിക്കായി വേദന
ശിക്ഷയായ് വാങ്ങിയതും ….
പ്രോമിത്യുസ് … നിന്നെ
തിരിച്ചറിയുന്നു ഞാൻ
പുലരിയിൽ പൂക്കുന്ന
പുതിയ ഹൃദയം
അതിനുള്ളിൽ നിറയുന്ന
സ്നേഹതീർത്ഥം
ഹൃദയപുഷ്പത്തിനെ കഴുകുകൾ
കൊത്തിപ്പറിക്കുന്ന നോവുകൾ
ഓർക്കുവാനാവില്ലയല്ലോ….
എനിക്കായ് എന്റെ വർഗ്ഗത്തിനായി
നീ കൊണ്ട വേദന
ആ ഹൃത്തടം തന്നിലൊരുതരി
സ്നേഹം ചൊരിയാതിരുന്നു
നീയെങ്കിലോ…?
വീണ്ടും ഹൃദയം മുളയ്ക്കാതിരുന്നേനെ..
ജീവനിൽ വേദന പിടയാതിരുന്നേനെ..
സ്നേഹിപ്പോർക്കെന്നും വേദന
നല്കുവോൻ മാനവൻ
മാതൃഭാവത്തിന്റെ
യോനിയിലൊരു നോവൊരു
നനവായി പടർത്തി
പുറത്തു വന്നോൻ…
തന്നിലടുക്കുവോർക്കൊരു
മരക്കുരിശു തീർക്കുവാൻ
പാപങ്ങൾ കുന്നുകൂട്ടുന്നവൻ
മാനുഷൻ
എന്നെ സ്നേഹിച്ചോർക്ക്
ദുഃഖങ്ങൾ നൽകുന്ന
ദുർവിധി നിന്നിലും യവനാ…
ഹേ പ്രോമിത്യുസ് നീയും
എനിക്കുവേണ്ടി….
ഇന്ന് നിന്നിലെ നിന്നെ
തിരിച്ചറിയുന്നു ഞാൻ…

സുഭാഷ് .എം.കുഞ്ഞുകുഞ്ഞ് (കുവ)

By ivayana