രചന : മാധവി ടീച്ചർ, ചാത്തനാത്ത്✍

ഇന്നെൻ മനസ്സിൻമണിമുറ്റത്ത് പ്രണയപ്പൈങ്കിളിയായെത്തിയ കൊഞ്ചുംമൊഴിയെ കണ്ടുവോ?

പഞ്ചവർണ്ണക്കിളിപ്പെണ്ണേ
കൊച്ചുകുറുമ്പിയാം മുത്തേ
പച്ചപ്പനംകിളീ നിന്നെ
ഇഷ്ടമാണേറെയെൻ പൊന്നേ!

അക്കരെ നിന്നു നീയെത്തി
ഇന്നീ കൊച്ചുകുടിലിൻ്റെ മുന്നിൽ
ഉള്ളതു ചൊല്ലിടാം പൊന്നേ-
യെൻ്റെയുള്ളു നിറഞ്ഞെൻ്റെ കണ്ണേ!

കൊഞ്ചുംമൊഴിയാൽ മയക്കീ
നെഞ്ചം കവർന്നല്ലോ പൊന്നേ
പച്ചണിപ്പാടവരമ്പിൽ
നീ പാറിപ്പറന്നൊരു നാളിൽ.

ഒട്ടു കൊതിച്ചു ഞാൻ നോക്കി
നിന്നുപോയന്നൊരു നാളിൽ
ആശക്കിളി നീയണഞ്ഞു
മോഹക്കനിയായ് വിളഞ്ഞു.

തെറ്റാതെ ഹൃത്തിൽ ചേക്കേറി
ഇന്ദ്രജാലത്താൽ മയക്കീ
മാതളത്തേൻപോലെ ഹൃത്തിൽ
ഊറിയോരാദ്യാനുരാഗം !

തൂലികത്തുമ്പാൽ കുറിച്ചാൽ
കൈനീട്ടമായതു തന്നാൽ
ചൊല്ലുമോ നിൻമനം പൊന്നേ
നിന്നിഷ്ടമെന്നിഷ്ടമല്ലേ!

കള്ളീ, നിൻ കള്ളപ്പിണക്കം
മാറ്റി നീ പുഞ്ചിരിതൂകൂ !
ചൊല്ലെടീ കണ്ണേ, കനിയേ
ഒട്ടേറെയിഷ്ടമാണെന്നും.

കൂട്ടുകൂടാനിഷ്ടമോടേ
ആകാശത്താഴ്വരത്തോപ്പിൽ
ആമോദമോടെ രമിക്കാൻ
വന്നെത്തി നീയെൻ്റെ ചാരെ!

ചന്തം തികഞ്ഞൊരെൻ മുത്തേ
അഞ്ജാതെ കൊഞ്ചും മൊഴിയേ!
ചൊല്ലിടാം, കണ്ണേകനിയേ
ഒട്ടേറെയിഷ്ടമായ് നിന്നെ!
🌈🦜

മാധവി ടീച്ചർ

By ivayana