രചന : മായ അനൂപ്✍
ഒരുമണിത്തെന്നലായരികിൽവന്നെനിക്ക്
നിൻ
അസുലഭസൗഭഗം പകരുമോ പ്രണയമേ
തപിക്കും മനസ്സിലേയ്ക്കിന്ന് നീ ഒരു ചെറു
മഞ്ഞിൻ കണമായി വന്നണഞ്ഞീടുമോ
ഓരോരോ തുള്ളിയായ് വന്നു വന്നെന്നിൽ
ഇന്നൊരു വർഷമായി നീ പെയ്തിറങ്ങീടുമ്പോൾ
മനസ്സും കുളിരുന്നു തനുവും തളിർക്കുന്നു
പുതിയൊരുന്മാദത്തിൽ ഞാനലിഞ്ഞീടുന്നു
സ്വർണ്ണത്തിൻ നൂലിഴ കോർത്ത നിൻ അനുരാഗചന്ദ്രിക
എന്നിൽ നീ ചൊരിയുകെൻ പ്രണയമേ
മധുരം പകരുമാ കുറുമ്പുമായ് വന്നെന്റെ
അളകങ്ങൾ മെല്ലെ തലോടിയൊതുക്കുമോ
മാനത്തിൻ മുറ്റത്തു പൂവായ് വിരിയുമാ
വാർമഴവില്ലായി മാറുമോ പ്രണയമേ
കൊതി തീരും വരെയെന്നിൽ മധു പകർന്നീടുവാൻ
മകരന്ദമൊരു കുടം കൊണ്ട് വന്നീടുമോ
മനസ്സിലേയ്ക്കിരുൾവന്നുനിറയുമ്പോൾ
പ്രണയത്തിൻ
കൗമുദിയായ് നീ പ്രഭ ചൊരിഞ്ഞീടുമോ
ഓരോ നിമിഷവും ഓരോ നിമിഷവും
മറന്നിടാനാകാത്തൊരോർമ്മയായ് മാറുമോ
ഇനിയെത്ര കാലങ്ങൾ വന്നു പോയെന്നാലും
എത്ര വസന്ത ഹേമന്തങ്ങൾ വന്നാലും
എന്നാളുമൊന്നായലിഞ്ഞലിഞ്ഞിങ്ങനെ
ഒരു രാഗ മന്ദാകിനിയായൊഴുകുമോ.