രചന : അനിൽ വടക്കാഞ്ചേരി✍
നമ്മളാരെന്ന് മുഖങ്ങളിൽ വായിച്ചറിഞ്ഞവളോട് ….
ശൂന്യതയിൽ എവിടെ വേണമെങ്കിലും
നിലാവ് പെയ്യിക്കാമെന്ന് അരുളിയവളോട് …
വാക്കുകൾ നീറിപ്പോയ രാത്രിയിൽ കരഞ്ഞൊലിച്ചവളോട്…
പഴയകാല മുഷിഞ്ഞ
ഗന്ധങ്ങൾ ചുമന്നവന്നവളോട് …
കാറ്റിനും പകലിനും ഇടക്ക്
ലഹരിയിൽ സമയങ്ങൾ
സ്നാനം ചെയ്തവളോട് …
തിരസ്കൃതങ്ങളിൽ ഒറ്റപ്പെട്ട് തകർന്നുറങ്ങിയവളോട് …
രാത്രിയാത്രയുടെ ചുരങ്ങളിൽ
ഭയരഹിത കണ്ണുകൾ
തുറന്ന് വച്ചവളോട് …
കാത്തിരിപ്പിൻ്റെ ബുദ്ധനെ
തിരികയേൽപ്പിച്ചവളോട് ….
ആതിഥേയയുടെ
അവസാന വാക്കിൽ മാത്രം
കരഞ്ഞു പെയ്തവളോട് …
ഭക്തി നിറവുകൾ എന്നിലൂടെ ചൊരിഞ്ഞലിഞ്ഞവളോട്…
വഴിവക്കിലെ പൊരിവെയിലിൽ
സഞ്ചാരിച്ച വഴികളുടെ
ഭൂതകാലമോർമിപ്പിക്കാതെ
ഒരു സെൽഫിയിൽ
യാത്ര പറഞ്ഞ് അകന്നവളോട് …
തെയ്യങ്ങളാടിയ മഹാനഗരത്തിൽ
കഥകൾക്ക് കൂട്ടിരുന്നവളോട്…
കാത്തിരുന്നൊടുവിൽ
കവിതപോൽ ഞാനും ശൂന്യനെന്ന് നിരാശപ്പെട്ടവളോട്….
ഇനി …
ഇനിയെന്താ…
പ്രണയദിനാശംസകൾ ❤️