രചന : ശിവരാജൻ കോവിലഴികം ,മയ്യനാട്✍
എഴുതുവാൻ സുഖമുള്ള കാവ്യം പ്രണയം
എഴുതിയാൽ തീരാത്ത കാവ്യം
അകതാരിലായിരം മഴവില്ലു തീർക്കുന്നൊ-
രലിവാർന്ന മഴയാണു പ്രണയം.
ഓർമ്മതൻ ചില്ലയിലോടിക്കളിക്കുന്നൊ-
രോമൽക്കിനാവാണു പ്രണയം
മൗനങ്ങൾ വാചാലമാക്കുന്ന മാന്ത്രിക-
വീണയാണെന്നുമേ പ്രണയം .
ഏതോ നിമിഷത്തിലനുരാഗരേണുവായ്
മാനസം പൂകുന്ന പ്രണയം
ഗന്ധർവ്വതംബുരു മീട്ടുംമനസ്സിന്റെ
സ്വരരാഗസുധയാണ് പ്രണയം .
മൊഴിമാഞ്ഞു മൗനം വിരുന്നൊരുക്കുമ്പൊഴും
മൊഴിതേടിയലയുന്ന പ്രണയം
അവസാനമവസാനമില്ലാതെ മിഴികളിൽ
കഥകളായ് പൂക്കുന്ന പ്രണയം .
വിരലൊന്നു തൊട്ടാൽ മിഴികൂമ്പിനിൽക്കുന്ന
ഒരു തൊട്ടാവാടിയീ പ്രണയം
ഒരു നീർക്കുമിളപോലൂതിവീർപ്പിക്കുന്ന
പരിഭവത്തുള്ളിയീ പ്രണയം .
കുളിരുതിർക്കുന്നൊരാ പനിമതിപോലവേ
കുളിരുമായെത്തുന്ന പ്രണയം
മിഴിചിമ്മിനില്ക്കുന്ന പൊൻതാരകങ്ങളെ
മിഴികളിൽ ചേർക്കുന്ന പ്രണയം .
കർമ്മകാണ്ഡം തീർത്ത കാണാക്കയങ്ങളിൽ
കരൾ നൊന്തുനീറുന്ന പ്രണയം
പറയാതെ പിരിയുന്ന വഴികളിൽ പിന്നെയും
പിൻവിളി മോഹിച്ച പ്രണയം
ആരോ മറന്നിട്ട വീൺവാക്കിനാൽ ഹൃത്തിൽ
മതിവിഭ്രമംപോലെ പ്രണയം
അവസാനരാവിന്റെ വേദാന്തവേദിയിൽ
ധ്യാനിച്ചുനില്ക്കുന്നു പ്രണയം .
അരുതെന്ന വാക്കിലുമരുതായ്ക കാണുവാ-
നാവേശമേകുന്ന പ്രണയം
കരളിന്റെ ഭിത്തിമേൽ കാലം വരയ്ക്കുന്ന
പലവർണ്ണക്കോലങ്ങൾ പ്രണയം .
രതിബന്ധനത്തിന്റെ ഉൾച്ചൂടിലുരുകുന്നൊ-
രുഷ്ണപ്രവാഹമീ പ്രണയം
വിധിയേതുമറിയാതെ കളിയാട്ടമാടുന്ന
കലികാലകേളിയീ പ്രണയം .
മൃതിയെന്നൊരിടവേള വഴിപിഴച്ചെത്തുമ്പോ-
ളഗതിയായ്മാറുന്ന പ്രണയം
വാടാതെ പൂക്കുവാനാവാതെ മണ്ണിന്റെ –
യാത്മാവു തേടുന്ന പ്രണയം.