രചന : മധു മാവില.✍

ഇന്നേക്ക് മുന്ന് ദിവസമായി ഇവിടെയെത്തിയിട്ട് എന്ന് മറ്റൊരാളോട് കൂടെയുള്ളവൻ പറയുന്നത് കേട്ടപ്പോയാണ് മൂന്ന് ദിവസത്തിനും വലിയ പ്രത്യേകതയൊന്നും ഇല്ലായിരുന്നു എന്ന് മനസ്സിലായത്.


ആരോടും ഒന്നും മിണ്ടാതെ….
ഒന്നും പറയാതെ ഒറ്റയിരിപ്പാണ് ഇരുന്നിടത്ത് ചിലപ്പോൾ ഉറങ്ങിയിട്ടുണ്ടാവും..
ഭക്ഷണം കഴിച്ചത് പോലും ഓർമയിലില്ല.. തിന്നാത്തത് കൊണ്ട്….. രണ്ടും മൂന്നും മറന്നിരിക്കുന്നു ..
ഈ മുറിയിൽ മറ്റൊരാൾകൂടിയുണ്ടായിരുന്നു.
തന്നെപ്പോലെത്തന്നെ കാണാൻ പ്രകൃതം.
ചെറിയ മെല്ലിച്ച ,60 വയസ്സിനടുത്ത് പ്രായം തോന്നിക്കുന്ന ഒരു ദളിതരൂപം..
മറ്റൊരു കുറ്റവാളിയാകാം.
ചിലപ്പോൾ അല്ലായിരിക്കാം.
മറ്റൊന്നും അറിയേണ്ടതില്ല…


ഇവിടെക്ക് വന്ന ദിവസം ഒന്നു രണ്ട് തവണ എന്തൊക്കയോ അയാൾ
ചോദിച്ചു.
നവാഗതനോടുള്ള ഒരു മര്യാദയെന്നോണം..
മറുപടി ഒന്നും പറഞ്ഞില്ല.
അയാളും പ്രതിക്ഷിച്ചിരുന്നില്ലന്ന് തോന്നി.
കഴിഞ്ഞ 6 വർഷമായി പലതവണയായ് ഒരുപാട് പേരോട് പല സമയത്തായ് മറുപടി പറഞ്ഞുകൊണ്ടിരിന്നതല്ലേ…
ഡോക്ടറോട്…
ഭാര്യയോട്.
മക്കളോട്..
പോലീസിനോട്….
വക്കീലിനോട്….
കോടതിയോട്…
ഈ ലോകത്തോടും..
ദൈവത്തോടും…
എന്നിട്ടോ..?
ഇനിയാരോടും ഒന്നും പറയാനില്ല.. പറഞ്ഞിട്ടു കാര്യവുമില്ല.
അറിഞ്ഞിട്ട് ഇവരൊക്കെ എന്ത് ചെയ്യാൻ..


പിന്നെന്തിന് പറയണം.?
വ്യർഥമായ ചോദ്യങ്ങളോട് പുച്ഛം. ഒരു വേള അത്തരം ചോദ്യങ്ങൾക് ഉത്തരം പറയരുത്.
ചില ചോദ്യങ്ങൾ ഉത്തരം പറയാനുള്ളതല്ല..
ചിലത് ഉത്തരമില്ലാത്തതും ..
ഉത്തരമുള്ളതിനെല്ലാം ശരിയായ് പറഞ്ഞാലും ചിലർക്ക് മാർക്ക് കിട്ടില്ല.. ചില ചോദ്യങ്ങൾ വിലയില്ലാത്ത ഉത്തരങ്ങൾ കണ്ട് തല കുനിക്കും.
ചോദ്യം ചോദിക്കുന്നവർ തന്നെ ചിരിക്കുന്നത് ഉത്തരത്തിന് വേണ്ടിയല്ലന്ന്
പഠിച്ചതും അങ്ങിനെയാണ്.
അതെ ,അങ്ങിനെയാണ് കോടതിയിൽ സത്യoതൂക്കി മാറ്റ് നോക്കുന്നത്..
സ്വർണ്ണം തൂക്കുന്നത് പോലെ..


പക്ഷെ പലപ്പോയും നീതിദേവൻ സൂര്യനെപ്പോലെയാണ്. കൂടുതലടുത്ത് പോയി പറയാൻ പറ്റില്ല. നിറമില്ലാത്തവൻ്റെ
സത്യത്തിന് വില പറയുന്നത് കോടതിയിലെ കറുത്ത കൂട്ടത്തിൻ്റെ ആർപ്പുവിളിയിൽ
ദൈവം പോലും പലപ്പോയും കേൾക്കില്ല..
അതാണ് നീതിയുടെ ചരിത്രത്തിൻ്റെ നിയോഗം.
നിയമത്തിന്ന് മുന്നിൽ
ദൈവത്തിന് പോലും സത്യം പറയാൻ പറ്റാത്ത ചില നേരങ്ങളിൽ നിഴൽ പോലും കുറുതായ ഒരു മനുഷ്യൻ എന്തു ചെയ്യാൻ..
ഒരു വേള ചില നിസ്സഹായരുടെ നിലവിളികൾ പാതി കേട്ടാൽ മുഖം തിരിച്ചു നടന്നു കളയും നീതിയും ദൈവങ്ങളും…


എത്രയോ തവണ വഴി മാറി നടന്ന ഒരു ദൈവത്തിനെ കോടതി വളപ്പിലെ കേൻ്റീനിൽ സംസാരശേഷിയില്ലാത്ത അവസ്ഥയിൽ ജിനേന്ദ്ര ബഹ്റ കണ്ടിട്ടുണ്ട്.
അയാളോട് എന്തൊക്കയോ സംസാരിച്ചിട്ടുണ്ട്.
ചോദ്യങ്ങൾ ചോദിച്ചിട്ടുണ്ട്..
പക്ഷെ ഉത്തരം ആൾക്കൂട്ടമാണ് പറഞ്ഞത്…
ആർപ്പുവിളിയാണ് പിന്നെ
കാഴ്ചയിൽ നിന്ന് മാറുന്നത് വരെയുള്ള
അസുരവാദ്യമേളങ്ങളും കൂക്കിവിളികളും തൻ്റെ കാതിൽ പെരുക്കുകയാണ്..
അസഹനീയമായ ശബ്ദങ്ങൾ.


ജിനേന്ദ്രയെ കാണാൻ ഒരാള് വന്നിട്ടുണ്ട്..
അയാൾ എങ്ങിനെയോ തൻ്റെ പേര് മനസിലാക്കിയിരിക്കുന്നു.
മലയാളിയായ വാച്ചർ വന്ന് പറഞ്ഞു… അയാൾ പറഞ്ഞത് തന്നോടാവില്ല..!
അല്ലങ്കിലും തന്നെക്കാണാൻ ആരാ വരാനുള്ളത്.
മീശ മുളച്ചതു മുതൽ കുറെ വർഷങ്ങളായ് പലരെയും കാണാൻ പോയതല്ലാതെ.., എന്നെക്കാണാൻ ആരും ഇതുവരെ വന്നിട്ടില്ല. കാണാൻ നിറവും ഭംഗിയും വലുപ്പവുമില്ലാത്ത തൻ്റെ നിഴലുപോലും മടിച്ച് മടിച്ച് തലയിൽ മുണ്ടിട്ടാണ് തൻ്റെ കൂടെ വരാറ്…
അത് കണ്ട് ഞാനും ചിരിച്ചിട്ടുണ്ട്.


അതിനിടയിൽ
കൂടെയുള്ളവൻ എന്നോടെന്ന പോലെ വിണ്ടും പറഞ്ഞു..
നിങ്ങളോടാണ് ..ഹലോ….
കാണാൻ ആരോ വന്നിട്ടുണ്ടന്ന്.
വാച്ചറുടെകൂടെ വന്നയാളെക്കാണാൻ അവിടേക്ക് പോകണം..
തല ഉയർത്തി പുറത്തേക്ക് നോക്കി
അപ്പോൾ മതിലിന്ന് മേലെ പകൽ പ്രായമായ് നരച്ചിരുന്നു. ആകാശം
പതിവിലും മങ്ങിയിട്ടുണ്ട്…
തികഞ്ഞ നിസംഗതയാണ് പുറത്തെ മരങ്ങൾക്കും ആകാശത്തിന്നും.
മേഘക്കൂടുകൾ നിറഞ്ഞിട്ടും മഴ പെയ്യാതെ കറുത്തിരുണ്ട് നില്കുന്ന മുഖമാണ് പ്രായമായ ജയിലിന്നും
ഉള്ളിലായവനും.


ആരെയും കാണണ്ടാ..
ജിനേന്ദ്ര ബഹ്റ പറഞ്ഞു..
കാണണ്ട എന്നത് തൻ്റെ തീരുമാനമാണ്..
ആരോടും ഒന്നും പറയാനില്ല.. പറയാനുള്ളതെല്ലാം പലവട്ടം പറഞ്ഞിരിക്കുന്നു.
ആരെയും എനിക്ക് കാണണ്ട.
വീണ്ടും കുറച്ച് ഉറക്കെപ്പറഞ്ഞു.
വിളിക്കാൻ
വന്നയാൾ വീണ്ടും തിരിച്ചു പോയി….
ദിവസങ്ങളും ആഴ്ചകളും…
പകലും രാത്രിയും വലിയ വിത്യാസമില്ലാതായിരിക്കുന്നു.
നിറങ്ങളിലല്ലാതെ…
സംസാരിക്കാത്തത്തത് കൊണ്ട് വാക്കുകൾ മുശിഞ്ഞ് നാറാൻ തുടങ്ങിയിരിക്കുന്നു.
നാറുന്ന വാക്കുകൾ ചുറ്റിലും കറങ്ങി നടന്നു.. എവിടെയോ ചുരുണ്ടു് കൂടി..
ബാക്കിയെല്ലാം ഒരേപോലെയാണ്…
മനസ്സ് ഒരു തരം മരവിപ്പിലായിട്ട് വർഷങ്ങളായ്..


അന്ന്ബോധം വരുമ്പോൾ മുസ്സാഫർപൂർ ജില്ലാ ഹോസ്പിറ്റലിൽ ആയിരുന്നു. 7 ദിവസം ICU വിൽ ആയിരുന്നുപോലും. മൂത്രം പോകാത്തത് കൊണ്ട് പൈപ്പിട്ടിരുന്നു പോലും. മേലാസകലം ബെറ്റാഡിൻ മണമുള്ള പഞ്ഞി ഒട്ടിക്കിടക്കുന്നു.
ഇവിടെയെത്തുമ്പോൾ ജീവനുള്ളത് കൊണ്ടു മാത്രം അഡ്മിറ്റ് ചെയ്തതാണന്ന് പിന്നീട് പറയുന്നതും കേട്ടു .. അത്തരത്തിലുള്ള ഭീകരമായ അടിയും ചവിട്ടും ആയിരുന്നു. കടിക്കാത്ത പട്ടിയെ കല്ലെറിഞ്ഞു കൊല്ലാൻ നല്ല സുഖമല്ലേ…ഒരു പാട് പേർ കൂട്ടം കൂടി തല്ലിയതാണ്… അതിനിടയിൽ ഉപ്പ് വാരി ഒരുത്തൻ വായിൽ കുത്തിക്കയറ്റിയെന്ന് കണ്ടു നിന്നവൻ ആവേശത്തോടെ അന്ന് പറഞ്ഞതും അറിഞ്ഞു…
പിന്നീട് ആരും ഒന്നും പുറത്ത് പറഞ്ഞില്ല.. പത്തിരുപത്തഞ്ച് ആളുകൾ നോക്കി നിൽക്കേ അഞ്ചാറു പേര് ഈർക്കിൽ പോലുള്ള ഒരു മനുഷ്യനെ കൂട്ടം കൂടി തല്ലിയാൽ ചാവേണ്ടതല്ലേ…..ചത്തില്ല


പണ്ട് ചമ്പൽക്കാടിനടുത്ത് ഇത്തരം സംഭവങ്ങൾ ദിനേന ഉണ്ടാവാറുണ്ട്. അടുത്തടുത്ത ഒരോ ഗ്രാമത്തിനും സമാനതകളുള്ള ഇതുപോലുള്ള ഒരു പാട് കഥകൾ പറയാനുണ്ടാകും.
ആരും പറയാത്ത കഥകൾ
പുറം ലോകം അറിയാത്തത്..
‘കേരളശബ്ദം ‘ത്തിൽ ലേഖനം എഴുതി
മലയാളിയെ പ്രതികരിപ്പിക്കാൻ പഠിപ്പിച്ച ഇടമുറക് ഇന്നില്ലല്ലോ…
അനങ്ങാൻ പറ്റാത്ത വേദന ശരീരം മുഴുവനുമുണ്ട്.. ഒരു മാസം ജില്ലാ ഹോസ്പിറ്റലിൽ ആയിരുന്നു.


ബോധം വന്ന ദിവസമാണ് എന്തിനാണ് ഇങ്ങിനെ ഭീകരമായി ഗ്രാമീണർ തല്ലിയതെന്ന് ജിനേന്ദ്ര ബഹ്റ അറിഞ്ഞത്. അത് കേട്ടതും വീണ്ടും ബോധം പോയി.
പറഞ്ഞവരും കേട്ടവരും വിശ്വസിച്ചു.. അല്ലങ്കിൽ വിശ്വസിച്ചതായി അഭിനയിച്ചു.
കുറ്റവാളിയെ സഹായിച്ചവന് ബേനി ബാദിൽ പിന്നെ ജിവിക്കാൻ ചമ്പൽക്കാട്ടിലെ ആൾക്കാർ സമ്മതിക്കില്ല.
ഹോസ്പിറ്റലിൽ നിന്ന് നേരെ ജില്ലാ കോടതിയിൽ കുറ്റപത്രം വായിച്ച് കേട്ടപ്പോൾ ..
കനത്ത നിസ്സഹായതയായിരുന്നു..
പണമില്ലാത്തവൻ്റെ … ആൾബലമില്ലാത്തവൻ്റെ നിസ്സഹായത അധികാരമില്ലാത്ത കറുത്തവൻ്റെ നിസ്സഹായത..


കോടതിയിൽ നിന്ന്
പാട്നാ ജയിലിലേക്ക് മൂന്ന് മാസം അവിടെ കിടന്നു. അടുത്ത ബന്ധുക്കളിൽ ചിലരല്ലാതെ ആരും ജയിലിലും കാണാൻ വന്നില്ല.
കുറ്റം ചാർത്തിയത് നിരവധി കേസിൽ വിധി എഴുതിയ ചമ്പൽക്കാട്..
അത്രയും ചെറിയ ഒരു കുറ്റവാളിക്ക് ശിക്ഷ വിധിച്ചത് അയൽക്കാരായിരുന്നു.
നടപ്പിലാക്കിയത് നിത്യം കാണുന്നവരും.
പിഞ്ചു കുട്ടിയെ പീഡിപ്പിച്ചവനെ അയൽക്കാരും നാട്ടുകാരും തിരിഞ്ഞു നോക്കിയില്ല.. അയൽവാസിയായ കുറ്റവാളിയുടെ ഭാര്യയെയും കുട്ടികളേയും അന്വേഷിച്ചു വീട്ടിൽ പോയവരെയും സഹായിക്കാൻ ശ്രമിച്ചവരെയും അപവാദവും തെറിയും പറഞ്ഞു ഭീഷണിപ്പെടുത്തി.
മടക്കി അയച്ചു.. കുറ്റവാളിക്
രാഷ്ട്രീയ അഭയം ഇല്ലാത്തതു കൊണ്ട് നേതാക്കളും മാറി നിന്നു… അപവാദങ്ങളും ഭീഷണിയും ഭയന്നിട്ട് പിന്നെയാരും ജീനേന്ദ്ര ബഹ്റയുടെ വീട്ടിലേക്ക് വന്നില്ല.
കുടുബം തീർത്തും ഒറ്റപ്പെട്ടു.


അയാളുടെ ഭാര്യക്കും മക്കൾക്കും അവരുടെ വീട്ടിൽ ജീവിക്കാൻ പേടിയായ് .. രാത്രിയിലെ ചെറിയ അപശബ്ദങ്ങൾ പോലും ഭയപ്പെടുത്തി… വീടിൻ്റെ മുന്നിലുള്ള റോഡിലൂടെ ഇരുട്ടിയാലുള്ള അട്ടഹാസങ്ങളും പൊട്ടിച്ചിരികളും ഒരു തരത്തിൽ ഒഴിഞ്ഞ് പോകാനുള്ള സൂചനയായിരുന്നു.
രണ്ടാം ദിവസം
ഭാര്യയും മക്കളും ജീവനും കൊണ്ട് അടുത്ത ഗ്രാമത്തിലെ മറ്റൊരു കുടുബ വീട്ടിലേക്ക് താമസം മാറ്റി.


ജാമ്യത്തിലെടുക്കാൻ
നല്ല നല്ല വക്കീലന്മാരെ കണ്ടപ്പോൾ അവരും ഒഴിഞ്ഞുമാറി.. സത്യം എന്തെന്ന് പറയാൻ പോലും വേദിയില്ലാത്തവരുടെ ചോദ്യങ്ങൾ കൊഞ്ഞനം കുത്തി…
ദളിതൻ്റെയും ഇല്ലാത്തവൻ്റെയും നിയോഗം… വാശിയും പ്രതികാര ചിന്തയും ആത്മഹത്യയുടെ വഴി വേണ്ടന്ന് വെച്ചു. പണം കിട്ടില്ലന്നത് കൊണ്ടോ മറ്റ് ഭീഷണി കൊണ്ടാണോ എന്നറിയില്ല സഹായിക്കാൻ ആരും മുന്നോട്ട് വന്നില്ല. പ്രശസ്തരല്ലാത്തവരുടെ പീഡനക്കേസിന്
മാന്യന്മാരായ വക്കീലൻമാർ വക്കാലത്ത് എടുക്കില്ല പോലും..
ചമ്പൽക്കാട്ടിലെ കൊള്ളക്കാരുടെയും
തീവെപ്പുകാരുടെയും കൊടിയ പീഢനങ്ങൾ ഇടക്കിടെ ബേനിബാദ് ഗ്രാമത്തിൽ പണ്ട് ഉണ്ടാവാറുണ്ട്. തിരഞ്ഞെടുപ്പ് കാലത്ത് അടിക്കടി ഏകപക്ഷീയമായ ഏറ്റുമുട്ടലുണ്ടാവും…


നിസ്സഹായരുടെ കഥകൾ പത്രത്തിലൊന്നും വരില്ല… ഗ്രാമം നിയന്ത്രിക്കുന്ന കൊള്ളക്കാർ കൊടുക്കുന്ന വാർത്തകൾ മാത്രം അച്ചടിച്ചു വരും.
ആൾക്കൂട്ടത്തിൻ്റെ മർദ്ദനത്തിനിടെ മരണത്തിൽ നിന്നും വെറുതെയെന്നോണം മരിക്കാതെപോയ എത്രയോ കഥകൾ മറവ് ചെയ്ത മണ്ണിൽ ഇത് മറ്റൊരുവൻ്റെ , ജിനേന്ദ്രയുടെ കഥയാണ്..
കോടതിയും വിചാരണയും ശിക്ഷയും
ബേനിബാദ് ലെ ഗ്രാമവാസികളിൽ ചിലർ
തീരുമാനിച്ചത്. ബേനിബാദിലെ
രാഷ്ട്രീയ അഭയമില്ലാത്തവരുടെയും പണമില്ലാത്തവൻ്റെയും പിന്നീടുള്ള ജീവിതവും വലിയ പീഢനമാണ്.
റിമാൻഡ് കാലാവധി കഴിഞ്ഞു.
മൂന്ന് മാസം കഴിഞ്ഞപ്പോൾ സ്വാഭാവിക ജാമ്യം കിട്ടി ജിനേന്ദ്ര ബഹ്റ ജയിൽ മോചിതനായി.


നാട്ടിലെത്തി.. അയൽവാസികൾ സാധാര പോലെ ആർക്കും പ്രത്യേകിച്ച് മാറ്റം ഒന്നും ഇല്ല… ബേനിബാദിലെ പീടികക്കും.
വർഷം 6 കഴിഞ്ഞിരിക്കുന്നു…
ഇന്നും മോചിതനാവാത്ത ,,,
വേദന തിന്നുന്ന ശരീരവും
മരവിച്ചു പോയ മനസ്സും ,
ആരും ഇല്ലാത്തവൻ്റെ പകർന്നാട്ടമാവുന്ന രാത്രിയും പകലുകളും നിശബ്ദമാണ്
നിർവ്വികാരമാണ്.
ഒന്നുമറിയാത്ത പോലെ ഭീകരമായ്മർദ്ദിച്ചവരും വീടിന് മുന്നിലൂടെ നടന്നും വാഹനത്തിലും പോകുന്നത് ജിനേന്ദ്ര ബഹ്റ കാണുന്നുണ്ട്.
തല്ലിയവർക്കെതിരെ പരാതി കൊടുത്തിട്ടും Fi R എടുത്തില്ല.. കേസ്സും ഇല്ല.. ബേനി ബാദിലെ രാഷ്ട്രീയ തീരുമാനമേ പോലിസും നടപ്പിലാക്കൂ..
മനസ്സുറങ്ങാതായിട്ട് കാലമേറെയായി.


ദിനചര്യകൾ മാറി.
ഉറക്കം ക്രമം തെറ്റിയിരിക്കുന്നു.
ആരാണ് ഈ സമയത്ത്
പാതിരാത്രിയിൽ കമ്പിയും പിടിച്ച് ഇവിടെ നിൽക്കുന്നത്.
ആരാണത് …?
ചോദിച്ചത് കേട്ടിട്ടും അയാൾ ഒന്നും മിണ്ടുന്നില്ല..
തുറിച്ച് നോക്കുന്ന മനുഷ്യനെ ഇരുട്ടത്ത് മനസിലാകുന്നില്ല.. വെളുത്ത മുണ്ടും ഷർട്ടുമാണ് വേഷം.. അരക്ക് മീതെ മാത്രം കാണാം. കാലുകൾ ഇല്ലാത്ത മനുഷ്യരൂപം.
ചിലപ്പോൾ താഴ്ത്തിയിട്ട മുണ്ട് മറങ്ങിയത് കൊണ്ടാവാം.
എത്ര കാലമായ് ഇവിടെയെത്തിയിട്ട്.?
നാട്ടിൽ എവിടെയാണ് വീട്..?
എന്താണ് കുറ്റം ചെയ്തത്….?
അക്ഷരസ്ഫുടതയുള്ള ചോദ്യങ്ങൾ..
ജിനേന്ദ്ര ചോദിച്ചതിന് മറുപടി പറയാതെ തിരിച്ച് ചോദ്യം ചോദിക്കുന്ന അപരിചിതൻ..
പ്രത്യേകിച്ച് ഭാവമാറ്റമൊന്നും ഇല്ല..,
രണ്ട് പേർക്കും നടുവിൽ ജയിലഴികൾമാത്രം.


ചെറിയ നിലാവുള്ള രാത്രിയിലെ നിശബ്ദത
ഇടക്കിടെ അയാൾ തിരിഞ്ഞും മറഞ്ഞും നോക്കുന്നുണ്ട്..
ആരങ്കിലും കാണുന്നുണ്ടോ എന്ന്
ഇത്ര പേടിയുള്ള ആളെന്തിനാണ് തന്നെക്കാണാൻ രാത്രി വന്നത് .?
നിങ്ങളാരാണ്…?
പറയാം…
ഉറച്ച സ്വരം
എന്ത് കുറ്റമാണ് നിങ്ങൾ ചെയ്തത്…?
വീണ്ടും ചോദ്യം.
ഉത്തരം പറയിപ്പിക്കുന്ന ചോദ്യങ്ങൾ ചോദിച്ചു ശീലിച്ച ആരോ ആണന്ന് ചോദ്യത്തിൽ നിന്ന് ബോധ്യമായ്.
എവിടെത്തുടങ്ങണം എന്നറിയാതെ വിഷമിക്കുമ്പോൾ..,,
അയാൾ പറഞ്ഞു.


അടി കൊണ്ട ദിവസത്തിലെ വൈകീട്ട് 4 മണി മുതൽ 7 മണി വരെയുള്ള സംഭവങ്ങൾ മാത്രം പറഞ്ഞാൽ മതി.
ഇയാൾക്ക് എന്തൊക്കൊയോ അറിയാം.
ഇയാൾ ആരാണ് …! അന്നത്തെ സമയം പോലും കൃത്യമായ് അറിയുന്നവൻ.. അയാളുടെ
ആജ്ഞാപിക്കുന്ന വാക്കുകൾക്ക് മുന്നിൽ നിന്ന് രക്ഷപ്പെടാനാവുന്നില്ല. പതറിപ്പോവുന്നു…
നിങ്ങൾ ആരാണ്…?
പേടിക്കണ്ട … പറഞ്ഞോളൂ..
വൈകിട്ട് നേരത്തേ വീട്ടിലെത്തുന്ന ദിവസം വീട്ടിന് തൊട്ടടുത്തുള്ള പീടികയിൽ ചില്ലറ സാധനങ്ങൾ വാങ്ങാൻ പോയതാണ്
അന്നും…


പീടിക ചായ്പ്പിലെ കേരംസ് ബോർഡിൽ സിംഗിൾസ് കളിക്കുന്നതിന് ടീം വിളിച്ചു.
ചാൻസ് വന്നപ്പോൾ ഒരുവൻ കളിക്കാൻ വിട്ടില്ല… സ്ഥിരമായ് അപമാനിക്കുന്ന, കുത്ത് വാക്ക് പറയുന്നവൻ..
അവനുമായ് വാക്കേറ്റമായ്…..
തെറി വിളിയായ് …. അടിപൊട്ടിയില്ല…വെല്ലുവിളിയിൽ അവസാനിച്ചു.
അന്നവിടെ ഉള്ള മറ്റുള്ളവരെല്ലാം ജിനേന്ദ്രക്കെതിരായിരുന്നു..
ജാതിയമായ കുറവ്.,,
കറുത്തവൻ..
കൂലിപ്പണിക്കാരൻ…
ചോദ്യം ചെയ്യാൻ പാടില്ലാത്ത ഇടങ്ങളിൽ
അരിക് മാറിനിൽക്കേണ്ടവൻ…
ചമ്പലിൻ്റെ പിതൃത്വം പേറുന്ന
ഈ ഗ്രാമത്തിൽ അനുസരണയോടെ ,,,
തർക്കുത്തരം പറയാതെ ജീവിക്കേണ്ടവൻ..


എല്ലാവരും കൂടി കുക്കി വിളിച്ച് ഇറക്കിവിട്ടു.
കേരംസ് കളിക്കാൻ വിടാത്തതിൻ്റെ ദേഷ്യവും വാശിയും അഭിമാനിയായവൻ്റെ വാക്കുകളിലൂടെ ജിനേന്ദ്രയും കാർക്കിച്ച് തുപ്പി.
ജിനേന്ദ്ര ബഹ്റ അപമാനിതനായ് പുറത്തിറങ്ങി …
അതേ കടയിൽ നിന്ന് വീട്ടിലേക്കുള്ള സാധനവും വാങ്ങിയിട്ട് തിരിച്ചു പോയി. വീട്ടിലോട്ട് പോകുമ്പോഴും അപമാനഭാരത്താൽ എന്തൊക്കൊയോ പിറുപിറുത്തുകൊണ്ടാണ് പോയത്..
സമയം വൈകീട്ട് അഞ്ചര മണിയായിക്കാണും.
കടയിൽ നിന്നും നൂറ്മിറ്റർ അകലെ, വയൽക്കരയിലുള്ള ജിനേന്ദ്രയുടെ
വീട്ടിലേക്ക് അയൽക്കാരനായ ഒരാൾ വന്നു… മെലിഞ്ഞ് കറുത്ത് വയസ്സായ ഒരാൾ…
ജിനേന്ദ്രയെ വിളിച്ചു…


എന്താ ….’?
വരാന്തയിൽ നിന്ന് ചോദിച്ചു.
ഒന്നുമില്ലടോ ….
ഒരു ചെറിയ കാര്യം.
ഇങ്ങോട്ട് വാ. ചോദിക്കട്ടെ
മുറ്റത്തിറങ്ങിയപ്പോൾ മേലേപ്പീടികയിലോട്ട് പോകാമെന്നയാൾ.
അവിടെന്ന് പറയാം….
വരൂ ..വാടോ….
പ്രായത്തിൽ മുതിർന്ന പരിചയക്കാരൻ വന്ന് ഭാവ വിത്യാസമോ സംശയമോ ഇല്ലാതെ വിളിക്കുമ്പോൾ പോകാതിരിക്കുന്നതെങ്ങിനെ.
മറ്റൊന്നും സംശയിച്ചില്ല… കൂടെപ്പോയി.. വീട്ടിൽ നിന്ന് നോക്കിയാൽ കാണുന്ന ദുരമല്ലേ…!
നടക്കുന്നതിനിടെ അയാൾ ചോദിച്ചു.


കേരംസ് കളിക്കുന്നിടത്ത് ഇന്ന് എന്തോ
കശപിശ ഉണ്ടായോ…?
ഉണ്ടായി.. അവൻ .
എന്നെ കളിക്കാൻ വിട്ടില്ല .. ഇവിടെ
ടീം തരില്ലന്നവൻ പറഞ്ഞു…
അത് പറയാൻ അവനാരാ….
മറുപടിക്ക് ഇത്തിരി വൈരം കൂടുതലായിരുന്നു..
അപ്പോഴേക്കും നടന്ന് റോഡിലെത്തിയിരുന്നു.
അവിടെ പത്തിരുപത് പേരുണ്ടായിരുന്നു.
പതിവില്ലാത്ത ചിലർ അപ്പോഴേക്കും അവിടെ എത്തിയിട്ടുണ്ട്.
എന്തോ പന്തികേട് തോന്നി.’


തിരിഞ്ഞ് നടക്കാൻ പറ്റുന്നതിന് മുന്നെ ചിലർ ഓടിയടുത്തു.. ഒച്ചയും ബഹളവും..
രണ്ട് മൂന്ന് പേർ പിന്നിലുമുന്നിലുമായ് വട്ടം ചേർന്ന് അടിക്കാൻ തുടങ്ങി..
ചീത്ത വിളിയും.. ആക്രോശങ്ങളും
അടിക്കടാ.. നായിൻ്റെ….πππ}¢~….#_#$#$$$€¢€
ചവിട്ടും തല്ലും കൊണ്ട് നിലത്ത് വീണു..ജീവനു വേണ്ടി കെഞ്ചിക്കരഞ്ഞു .. ഒച്ച പുറത്തേക്ക് വന്നില്ല..തൊണ്ട വറ്റി.. ചെറിയ ഞരക്കം മാത്രം. വെള്ളത്തിന് ചോദിച്ചതോർമയുണ്ട് … അതിനിടയിൽ ആരോ വായിലേക്ക് ഉപ്പ് കുത്തിനിറച്ചു…
താഴെ വീണു കിടക്കുന്നിടത്ത് ബോധം പോയി..
പിറ്റേ ദിവസം ഓർമ വരുമ്പോൾ ആശുപത്രിയിലായിരുന്നു.


അടി കൊണ്ടവൻ മരിക്കാനായ്.സീരിയസ്സാണ് പോലും.. ഇനിയും ബോധവന്നിട്ടില്ല.
നാട്ടിൽ ചിലർ പിറുപിറുക്കാൻ തുടങ്ങി..
ആവേശത്തിൽ തല്ലിയവർ അകത്താകും.
സാക്ഷികളായ് ഒരു പാട് പേരുണ്ട്..
കളിമാറി… അടിച്ചവരുടെ ആവേശം പോയി.. അടിച്ചവരും തല്ലിയവരും പരസ്പരം കൈമലർത്തി.
എല്ലാവർക്കും അങ്കലാപ്പായി…
കൊലപാതകം..
ആൾക്കൂട്ട മർദ്ദനം…
പത്രത്തിലും Tv യിലും വാർത്ത വരുന്നതിന് മുന്നെ തടയണം.
എന്നാലെ രക്ഷയുള്ളൂ…
പതിറ്റാണ്ട് മുന്നെ ശത്രുവിനെതിരെ പ്രയോഗിച്ച വജ്രായുധം കൊള്ളക്കാരിൽ ബാക്കിയുള്ള ഒരുത്തൻ കുശുകുശുത്തു ..
പീഡനകഥയുണ്ടാക്കുക..


വേറെ രക്ഷയില്ല.
ശിശുപീഡനം
പീടികക്കാരൻ്റെ വീടും പിടികയും അടുത്തടുത്ത്.. സമയം വൈകിട്ട് അഞ്ചര മണി.. റോഡിലും പീടികയിലും ആൾക്കാർ ഉള്ളപ്പോൾ..
കുട്ടിയെ കടയുടെ പിന്നിലെക്ക് പിടിച്ചു കൊണ്ടു പോയ് പീഠിപ്പിച്ചു.
ഒരേ രീതിയിൽ കഥ നാട് നീളെ പറഞ്ഞു ‘
അടിച്ചത് അതിനാണ്…
തിരക്കഥ റെഡിയായ്.
പീടികക്കാരൻ്റെ 6 വയസ്സുള്ള കുഞ്ഞിനെ ബലിയാടാക്കി ബാക്കി തിരക്കഥ റെഡിയാക്കി..
അവൻ്റെ പീടികയിൽ നിന്ന് ,അടി കൊണ്ടവൻ മരിച്ചാൽ അവനും കൊലപാതകത്തിൽ പ്രതിയാകും.
കൂടെ നിന്നാൽ എല്ലാവർക്കും നല്ലത്.


അതോ ജയിലിൽ പോണോ…?
ഭീഷണികൾക്ക് മുന്നിൽ നിസ്സഹായനായ പിടികക്കാരൻ…
കള്ളക്കഥയുണ്ടാക്കിയവർ കാതിൽ പിറുപിറുത്ത്….അത് കാറ്റായ് കൊടുങ്കാറ്റായ് ഒറ്റരാത്രി കൊണ്ട് നാട്ടിൽ അലയടിച്ചു..
പക്ഷെ വാർത്തകൾ പുറത്ത് പോകാതെ ബേനിബാദിലെ വേലിക്കെട്ടിനുള്ളിൽ നിർത്തി..
ചമ്പൽക്കാടിൻ്റെ നിയമം ഇന്നും ധിക്കരിക്കാൻ ബേനിബാദ്ൽ ആർക്കും ധൈര്യം വരില്ല. നിയമം തെറ്റിച്ചവർ ഈ ഗ്രാമത്തിൽ കൂടുതൽക്കാലം താമസിക്കില്ല…
മുസ്സഫർപൂരിൽ നിന്ന് 25 കിലോമിറ്റർ അകലെയുള്ള ബേനിബാദ് ഗ്രാമം കഴിഞ്ഞ 28 വർഷമായ് അങ്ങിനെയാണ്.


പത്രത്തിലും ടീവിയിലും വാർത്ത വരില്ല
സത്യമെന്താണന്ന് പുറത്തറിയാതിരിക്കാൻ വാദിയുടെയും പ്രതിയുടെയും വീടിന് രാവും പകലും ,, ആഴ്ചകളോളം കൊള്ളക്കാർ കാവലിരുന്നു. സത്യം അറിയുന്നവർ പറയാതിരിക്കാനും
കൊള്ളക്കാർ ഭീഷണിപ്പെടുത്തും… ജീവഭയം കാരണം
ആരും എതിർത്ത് പറയില്ല…
ഇത്രയും കേട്ടിട്ടും..ജയിലഴിയും പിടിച്ച് നിൽക്കുന്നയാൾക്ക് ഒരു ഭാവ വിത്യാസവുമില്ല.. ഇനിയെങ്കിലും പറയൂ
നിങ്ങളാരാണ്..?
ഞാൻ ബേനി ബാദിലെ മാഷാ ‘യിരുന്നു’.


ഘനമുള്ള ഒറ്റവരി ഉത്തരം.
എന്തിനാണ് ഈ പാതിരാത്രിയിൽ വന്നത്.
ഇതറിഞ്ഞിട്ട് നിങ്ങൾക്കെന്താണ് കാര്യം..?
35 കൊല്ലം മുന്നെ ബേനിബാദിൽ നിന്ന് ഇതേ മുറിയിലേക്ക് ഞാനും വന്നിരുന്നു.
ഇവിടെയെത്തുന്ന ആ നാട്ടുകാരെ കാണാൻ പിന്നീടെന്നും ഞാൻ വരാറുണ്ട്.
ജിനേന്ദ്രയോട് അയാൾ പറഞ്ഞു.
അയാൾ ഇടത്തോട്ട് മാറി നടന്നു
പക്ഷെ കാലുകൾ കാണുന്നില്ല…
സൂക്ഷിച്ചു നോക്കി..
ഒരു വെളുത്ത രൂപം ,..അയാൾ ഇരുട്ടിലേക്ക് നടന്നുപോയി.. അപ്പോഴും അയാൾക്ക് കാലുകൾ ഉണ്ടായിരുന്നില്ല.

മധു മാവില.

By ivayana