രചന : രാജീവ് ചേമഞ്ചേരി✍
കുരങ്ങിൻ്റെ ജന്മമായിന്നും ചാഞ്ചാടി!
കുരയ്ക്കാനനുവാദമില്ലാത്ത നായായീ!
കളിച്ചു നീങ്ങുന്നയീ ജീവിതനാടകം –
കറുപ്പിൻ്റെയതിപ്രസരം കാണ്മൂയുള്ളിൽ?
കമനീയമായൊരുങ്ങീടും സദ്യയിലെപ്പോഴും –
കൂട്ടായെന്നും സുഗന്ധമേകി ചേർന്നീടവേ!
കഴിച്ചു കഴിയുമ്പോൾ നാക്കിലമൂലയിൽ –
കുപ്പതൊട്ടിയ്ക്കൊരു വിരുന്നുകാരനായ്!
കാലങ്ങളിത്രയും നന്മകൾ ചെയ്തീടിലും-
കുത്ത് വാക്കുകൾ ശരമായ് പാഞ്ഞടുക്കുന്നു
ക്രൂരമാം നിമിഷങ്ങൾ താണ്ഡവനടനമായി-
കുത്തൊഴുക്കിലകപ്പെട്ട് കണ്ണിലിരുട്ടായ്!
കുട്ടിലടച്ചിട്ടയൊരടിമയായ് ദിനചര്യയെന്നും-
കുനിയുന്ന ശിരസ്സും മനസ്സുമായ് കരയുന്നു!
കാര്യങ്ങളൊക്കെയും കരതലമായിടുമ്പോൾ-
കൂടിക്കഴിയുന്ന ബന്ധങ്ങളാട്ടിയോടിക്കയായ്?