രചന : ബിനോജ് കാട്ടാമ്പള്ളി ✍

ആത്മാവ് നൊന്തു കേഴുന്നു സഹ്യൻ,
ആത്മരോഷത്താൽ എരിയുന്നു സഹ്യൻ.
ആനന്ദധാരയിൽ നിത്യം പുലർന്നൊരാ,
ആയിരം ജന്മാന്തരങ്ങൾ തിരയുന്നു സഹ്യൻ.

ഗിരിശൃഖശിഖരത്തിൽ നിന്നുയിർകൊണ്ടൊരാ
ചടുലഗതിതാളങ്ങൾ ഇനിയില്ലതോർക്കുന്നു.
ഹരിതാഭമായൊരാ കാനനഭംഗികൾ
എവിടെമറഞ്ഞുപോയ് കാലാന്തരങ്ങളിൽ
എവിടെന്റെ കുന്നുകൾ…
തരുശാഖികൾ തണലിട്ട താഴ്‌വരച്ചെരിവുകൾ.
നിറമാരി കുളിരണിയിച്ചൊരാ മേടുകൾ
കതിരവൻ പൊൻകിരണമണിയിച്ച മുടികൾ…

ഹോമാഗ്നിപോൽ എരിയുമാത്മാവിൽ നിന്നുയിർകൊണ്ടു
ചേരസാമ്രാജ്യത്തിൻ കേരളസ്മരണകൾ.
സഹ്യന്റെ താഴ്‌വരത്തണലിൽ വളർന്നൊരാ
കൊച്ചുരാജ്യത്തിന്റെ വിപ്ലവസ്മരണകൾ…
ജീവജലമിറ്റിച്ച താതന്റെമാറിലേയ്ക്കാ-
ഞ്ഞാഞ്ഞു വീഴുന്ന മഴുവിന്റെ മുറിവുകൾ…

ഉണർന്നിരിക്കുന്നു നാം ഇന്നും ഉന്മത്തരായി..
കാത്തിരിക്കുന്നു നാം കഴുകന്റെ
കണ്ണുമായ്രക്തമൂറ്റികുടിച്ചീടാൻ
തിരുഹൃദയരകതമൂറ്റികുടിച്ചീടാൻ…

ഉണരൂ നാം കൂട്ടരേ നാടിന്നുവേണ്ടി..
ഉണരൂ നാം കൂട്ടരേ കാടിന്നുവേണ്ടി..
ഒരുമിച്ചുയർന്നൊന്നു പാറിപ്പറക്കാം..
സഹ്യന്റെവിരിമാറിൽ വീണുമയങ്ങാം..
ആത്മഹർഷങ്ങൾക്ക് താളംപിടിക്കാം..
ആത്മാവിലെരിയുന്ന കനൽ കെടുത്തീടാം..
സഹ്യന്റെ ആത്മാവിലിത്തിരി കുളിരുനിറയ്ക്കാം.

ബിനോജ് കാട്ടാമ്പള്ളി

By ivayana