സ്വദേശി ജനസംഖ്യക്ക് സമാനമായി വിദേശ ജനസംഖ്യയും പരിമിതിപ്പെടുത്തുന്നതിന് വിദേശ രാജ്യക്കാര്‍ക്ക് ക്വാട്ടാ സമ്പ്രദായം നടപ്പില്‍ വരുത്താനുള്ള കരട് ബില്ലിന് കുവൈറ്റ് പാര്‍ലമെന്ററി ഉന്നത സമിതി അംഗീകാരം നൽകി.
ഇതുപ്രകാരം വിദേശി ജനസംഖ്യ, സ്വദേശി ജനസംഖ്യക്ക് സമാനമായി പരിമിതപ്പെടുത്തും. ഇതോടെ ഇന്ത്യൻ ജനസംഖ്യ 15 ശതമാനത്തിൽ കൂടാൻ അനുവദിക്കില്ല. 14.5 ലക്ഷം ഇന്ത്യക്കാരാണ് ഇവിടെയുള്ളത്. ഇതിൽ ക്വാട്ടാ സമ്പ്രദായം വരുന്നതോടെ എട്ടുലക്ഷത്തോളം പേർക്ക് നാട്ടിലേക്ക് മടങ്ങേണ്ടിവരും. ഈജിപ്ത്, ഫിലിപ്പൈന്‍സ്, ശ്രീലങ്ക എന്നീ രാജ്യക്കാര്‍ക്ക് കുവൈത്ത് ജനസംഖ്യയുടെ 10 ശതമാനത്തിന് മാത്രമേ തുടരാന്‍ അനുവാദമുള്ളൂ.
നേപ്പാള്‍, പാകിസ്ഥാന്‍, വിയറ്റ്‌നാം, എന്നീ രാജ്യക്കാര്‍ക്ക് മൂന്നു ശതമാനത്തിനാണ് തുടരാനാകുക. ഭരണ ഘടന വ്യവസ്ഥകളനുസരിച്ച് നിര്‍ദേശങ്ങള്‍ സൂക്ഷ പരിശോധന നടത്തിയതായും കരട് ബില്‍ പാർലമെന്റില്‍ അവതരിപ്പിച്ച് പാസാക്കി നിയമം പ്രാബല്യത്തില്‍ വരുത്തുന്നതിനുമാണ് സമിതി ആലോചിക്കുന്നത്.
കുവൈത്തിലെ ഏറ്റവും വലിയ പ്രവാസി സമൂഹം ഇന്ത്യക്കാരാണ്. കോവിഡിന്റെ ആരംഭഘട്ടത്തിൽ രാജ്യത്തെ ഒട്ടേറെ നിയമവിദഗ്ധരും സർക്കാർ ഉന്നതോദ്യോഗസ്ഥരും കുവൈത്തിലെ വർധിച്ച പ്രവാസി സാന്നിധ്യത്തിനെതിരെ ശബ്ദമുയർത്തിയിരുന്നു.