രചന : എസ്. ശ്രീകാന്ത്✍
അപരാഹ്നത്തിന്റെ മടങ്ങിപ്പോക്കിലാണ് ഞാനും നാടകസംവിധായകൻ പീറ്റർ മാഷും കോഴിക്കോട് നടക്കാവിൽ വണ്ടിയിറങ്ങിയത്. അവിടെക്കണ്ട നീലക്കുപ്പായമിട്ട യൂണിയൻ തൊഴിലാളിയോട് എം.ടി യുടെ വീട് ചോദിച്ചു.
‘ആ കാണുന്ന റോഡിൽ നേരെ കാണുന്നതാണ് വീട് ‘
ഞങ്ങൾ വികാരഭാരത്തോടെ നടന്നു. കൊട്ടാരം റോഡിലെത്തി എം.ടിയുടെ വീടിന്റെ നടവഴിയിലേക്ക് നടക്കുമ്പോൾ പേടിക്ക് ഒട്ടും കുറവുണ്ടായില്ല.
അദ്ദേഹം ദേഷ്യപ്പെടുമോ , അവിടെക്കാണുമോ – ബഹളം വച്ച ഉത്കണ്ഠകളെ പ്രതീക്ഷകൾ തല്ലിയൊതുക്കി. എതിരേ വന്ന സ്ത്രീയോട് എം.ടിയുടെ വിടേതാണ് എന്നു ചോദിച്ചപ്പോൾ അവരുടെ ചുണ്ടിൽ നിന്നും തൂവിപ്പോയ ചിരി ഉത്കണ്ഠയ്ക്കു മേൽ മണ്ണെണ്ണയും തീപ്പെട്ടിയുമായി. നടത്തത്തിന്റെ വേഗത്തിന് കടിഞ്ഞാൺ വീണു. ‘മാഷേ എന്തിനാ അവർ ചിരിച്ചത്?’ ( ആ ചിരിയുടെ നാനാർത്ഥങ്ങൾ എനിക്കിന്നും അജ്ഞാതം.) എന്റെ ചോദ്യം കേട്ട മാഷും ചിരിച്ചു പോയി.
‘ ഉം.. ചെന്ന് . കേറിക്കൊട്. അതാണ് ആ ചിരിയുടെ അർത്ഥം’ -മാഷ് പറഞ്ഞു. നമുക്ക് പോവാം മാഷേ. കാണാൻ പറ്റിയില്ലെങ്കി വേണ്ട, അക്ഷരങ്ങളിലൂടെ സഞ്ചരിച്ചാണ് നമ്മൾ അദ്ദേഹത്തെ കാണാനെത്തിയത് , മഹാ അപരാധമൊന്നുമല്ലല്ലോ എന്നൊക്കെ പറയുമ്പോഴും ആവശ്യത്തിനുമനാവശ്യത്തിനും എന്നെ പിടികൂടാറുള്ള ഉത്കണ്ഠ ഇവിടെയും തനിക്കൊണം കാണിച്ചു. തറയോട് പാകിയ പാതയിൽ നടുക്ക് നീളത്തിൽ വച്ച് പിടിപ്പിച്ച പുൽനിര സ്വരവും വ്യഞ്ജനവുമായി നിന്നു. ‘ചിലപ്പോൾ അദ്ദേഹം ഉറക്കമായിരിക്കും. നമുക്ക് കുറച്ചു കഴിഞ്ഞ് നോക്കാം. മാഷ് പറഞ്ഞവിധം ഞങ്ങൾ തിരികെ നടന്നു. ചായ കുടിച്ചിരിക്കുമ്പോൾ എം.ടി. കഥകളും സിനിമകളും ജീവിതവും ആ മൗനവും ചായയ്ക്ക് ചൂടേറ്റി. വീണ്ടും ആ തൊഴിലാളിയെക്കണ്ടു. ‘ഇതിലേ നടക്കാനിറങ്ങാറുണ്ട്. മരുമോനവിടെക്കാണും. ഇന്നാള് മുഖ്യമന്ത്രി വന്നിരുന്നല്ല..’
പ്രതീക്ഷകളുടെ ചാക്ക് കെട്ടാണ് അദ്ദേഹം എന്റെ തലയിലോ നെഞ്ചിലോ കയറ്റി വച്ചത്. എം.ടി എത്രയോ തവണ നടന്ന വഴിയിലാണല്ലോ ഞങ്ങൾ നിൽക്കുന്നത് !! നാലരയോടടുക്കുമ്പോൾ ഞങ്ങൾ വീണ്ടും കൊട്ടാരം റോഡിലേക്ക്. ‘നമ്മളിങ്ങനെ കിടന്ന് കറങ്ങണതേ.. ഇവിടെയൊക്കെ ക്യാമറയുണ്ടാവും.’ മാഷ് പറഞ്ഞു.
എം.ടിയുടെ വീട്. പത്മവിഭൂഷൺ നൽകി രാജ്യമാദരിച്ച ഒരെഴുത്തുകാരന്റെ വീടിന്റെ ഗേറ്റ് മലർക്കെത്തുറന്നിട്ടിരിക്കുന്നു; ആർക്കും സ്വാഗതമെന്ന പോലെ. ഗേറ്റിൽ സിതാര എന്നടിച്ചിരിക്കുന്നത് കണ്ടപ്പൊ എന്തൊരു കൗതുകം. മുറ്റത്തെ അയയിൽ നനച്ച് വിരിച്ചിരിക്കുന്ന തുണികൾ. ചിത്രങ്ങളിൽ കണ്ട് പരിചയിച്ച എം.ടി യുടെ ഷർട്ട്. വരാന്തയിലിരുന്നയാൾ ചോദ്യഭാവത്തിൽ നോക്കി.
‘ഞങ്ങൾ തിരുവനന്തപുരത്ത് നിന്നും വരികയാണ്. അദ്ധ്യാപകരാണ്, ഇവിടെ സ്കൂൾ കലോത്സവത്തിന് നാടകവുമായി ബന്ധപ്പെട്ട് വന്നതാണ്. സാറിനെ ഒന്ന്കാണാൻ കഴിയുവോ? ‘ ചോദിച്ച് നോക്കാം എന്നു പറഞ്ഞ് അദ്ദേഹം അകത്തു പോയി. വീടിന് പുറത്ത് ഒരു സ്ത്രീയും കാത്തു നിന്നിരുന്നു. അല്പം കഴിഞ്ഞയുടൻ ഇറങ്ങി വന്നത് സരസ്വതി ടീച്ചറാണ്. ‘ നിങ്ങൾക്കെന്ത് വേണം? ‘ ഞങ്ങൾ കാര്യം പറഞ്ഞു.
‘ എങ്ങനെ പ്രതികരിക്കുമെന്നറിഞ്ഞുകൂടാ. കണ്ടാൽ മതിയല്ലോ , വേറെ ഒന്നും.. ഫോട്ടോയെടുക്കാനൊന്നും പറ്റില്ല’ – ആ വാക്കിലും നോക്കിലുമുണ്ടായ താക്കീത് ഞങ്ങളുടെ മനസ്സിനെ ഒന്നുകൂടെ പരുവപ്പെടുത്തി. ‘ സരസ്വതി ടീച്ചറല്ലേ ‘
‘ അത , സരസ്വതി ടീച്ചറാണ്’ ചിരിച്ചു കൊണ്ടവർ പറഞ്ഞു. ചോദിച്ചു നോക്കട്ടെ എന്നു പറഞ്ഞ് അവർ അകത്തേക്ക്. അനുസരണയുള്ള കുട്ടികളായി ഞങ്ങൾ മുറ്റത്തു നിന്നു .
‘ വരൂ ‘ സരസ്വതിടീച്ചർ തിരികെ വന്ന് വിളിച്ചു.
ചെരിപ്പൂരി വച്ച് ഞങ്ങൾ അകത്തേക്ക്. ഹാളിലെ കസേരയിൽ ദാ മുന്നിൽ സാക്ഷാൽ എം.ടി. വാസുദേവൻ നായർ.! മുണ്ട് മടത്ത് കെട്ടി ചാഞ്ഞിരിക്കുന്നു. ഇരിക്കൂ എന്ന് സരസ്വതി ടീച്ചർ രണ്ട് തവണ പറഞ്ഞപ്പോഴാണ് അധൈര്യപ്പെട്ടു നിന്ന ഞങ്ങൾ ഇരുന്നത്; എം.ടിയ്ക്ക് തൊട്ടരികിൽത്തന്നെ! കാലം ദർശിച്ച കണ്ണടയിലൂടെ അദ്ദേഹം ഞങ്ങളെ നോക്കിച്ചിരിച്ചു. ഞങ്ങൾക്ക് കിട്ടിയ ഏറ്റവും വലിയ ആതിഥ്യം! പ്രേമത്തിലകപ്പെട്ടവരെ പോലെ ഞാനും എം.ടിയും പരസ്പരം നോക്കി. എന്നിട്ടദ്ദേഹം നോട്ടം പിൻവലിച്ചു. ഇടതു കൈയിൽ അപ്പോഴും ഒരു പുസ്തകം കിലുങ്ങിയിരുന്നു. ശ്വാസമെടുക്കാതെ ജീവിക്കുന്നതെങ്ങനെ …
സരസ്വതി ടീച്ചർ ഞങ്ങളെത്തന്നെ നോക്കി നിന്നു ; ഇവരുടെ അടുത്ത പുറപ്പാടെന്തായിരിക്കും എന്ന ഉത്കണ്ഠയോടെ . യാത്ര പറഞ്ഞ് പുറത്തിറങ്ങുമ്പോൾ അനുയാത്രയ്ക്കെന്നപോലെ ടീച്ചർ വരാന്തയിൽ നിന്നു . ‘കോഴിക്കോട്ടൊരു ഫ്ലാറ്റുണ്ട്. വൈകുന്നേരങ്ങളിൽ അവിടേക്ക് പോകും എന്നു തുടങ്ങി കൂടല്ലൂരും വീടുമൊക്കെ വർത്തമാനത്തിൽ വന്നു. അങ്ങനെയൊന്നും ആരോടും ചിരിക്കാത്ത ആ അക്ഷര മൂർത്തി ഞങ്ങളെ നോക്കിച്ചിരിച്ച അത്യപൂർവ്വാനുഭവവും പേറി ഞങ്ങൾ കലോത്സവ നഗരിയിലേക്ക് നടക്കുമ്പോൾ സായാഹ്ന സൂര്യൻ പതിവിലും സുന്ദരനായിരുന്നു.
‘ഒരു സിംഹ തന്നെ ‘ മാഷ് പറഞ്ഞു.
ഒന്നും സംസാരിച്ചില്ല; എന്നാലോ എന്തൊരു സംവേദനത്വമായിരുന്നു.
ഇത്തിരി സമയമേ ഇരുന്നുള്ളൂ; പക്ഷേ എന്തൊരു ‘ സമയ’ മായിരുന്നു അത്!!
ആ കാൽ തൊട്ട് വന്ദിക്കാൻ പോലും അധൈര്യപ്പെട്ട കൈ കൊണ്ട് പകർത്തിയ അനുഭവച്ചൂടിന് എന്ത് കനം ?
(എസ്. ശ്രീകാന്ത്)