രചന : പ്രിയബിജൂ ശിവ ക്യപ✍
” അമ്മേ… അമ്മേ…. അച്ഛൻ എന്നാമ്മേ ഇനി അവധിക്ക് വരുന്നേ…. വരുമ്പോ ഗൗരി മോൾക്ക് കൊറേ ടോയ്‌സ് വാങ്ങി വരാമെന്നു പറഞ്ഞിട്ടുണ്ട്… “
ഗൗരിയുടെ പതിവുപോലെ ഉള്ള ചോദ്യങ്ങൾക്കു മുൻപിൽ വന്ദന നിശബ്ദയായി….
വിഷ്ണുവേട്ടൻ ഇപ്പൊ വിളിച്ചിട്ട് ഒരുപാട് ദിവസമായി… മൂന്നാഴ്ച്ച മുൻപ് വിളിച്ചതാണ്… അന്ന് ഏറെ സന്തോഷത്തിലായിരുന്നു… അടുത്ത മാസം നാട്ടിലേക്ക് വരാൻ കഴിയുമെന്ന ഉറപ്പ് കിട്ടിയെന്നു പറഞ്ഞു ഒത്തിരി സന്തോഷം പങ്കു വച്ചു…
പുതിയ വീട് പണിയൊക്കെ പൂർത്തിയായി. ലീവിന് വരുമ്പോൾ കേറിതാമസം ഭംഗിയാക്കണം എന്നെപ്പോഴും പറയും
കശ്‍മീരിലേക്ക് പോയിട്ടിപ്പോൾ ഏകദേശം രണ്ടു വർഷത്തോളം ആകുന്നു….. ഇടയ്ക്ക് ആരോഗ്യ പ്രശ്നങ്ങൾ കുറച്ചു കലശലായപ്പോൾ കുറച്ചു ദിവസം അവധി അനുവദിച്ചിരുന്നു.. അന്ന് വന്നു പോയ ശേഷം കാശ്മീരിൽ ഏതു സമയവും ഒരു യുദ്ധഭീതി നില നിന്നിരുന്നു…
വിളിക്കുമ്പോൾ അതൊന്നും പുറമെ കാട്ടാറില്ല… എപ്പോഴും സന്തോഷത്തോടെ സംസാരിക്കും… അവിടെ പോയതിനു ശേഷം കാൾ വിളിക്കലൊക്കെ വളരെ കുറവാണ്…
ഗൗരിക്ക് എപ്പോഴും അച്ഛന്റെ ചിന്തയെ ഉള്ളു… അച്ഛൻ എപ്പോഴാ വരുന്നേ.. എന്നു ചോദിച്ചു തന്റെ പിന്നാലെ ഉണ്ടാകും.. അച്ഛനുള്ളപ്പോൾ പുഴയിൽ കുളിക്കാൻ പോകാം… ഉത്സവ സമയമാണെങ്കിൽ തോളിലിരുന്നു ഉത്സവം കാണാം.. കറങ്ങി നടക്കാം… കൈത്തോടിൽ നിന്നു പരൽമീനുകളെ പിടിച്ചു കുപ്പിയിലാക്കി കൊടുക്കും വിഷ്ണുവേട്ടൻ…
ഇടയ്ക്ക് ടൗണിൽ പ്പോയി ടെഡി ബയർ വാങ്ങിക്കൊടുക്കും.. ഗൗരിയുടെ ഇഷ്ടപ്പെട്ട ടോയ്‌സ് ആണ് കരടിപ്പാവകൾ.. ഷോക്കേഴ്സിൽ ഒരുപാടുണ്ട് ചെറുതും വലുതുമായ അനേകം കരടിപ്പാവകൾ… എല്ലാം അച്ഛന്റെ സ്നേഹസമ്മാനം..
ഏറെ നാളത്തെ പ്രണയത്തിനു ശേഷം വിവാഹിതരായതാണ് വിഷ്ണുവും വന്ദനയും…. അവരുടെ പ്രണയ വല്ലരിയിൽ വിരിഞ്ഞ മനോഹരമായ പനിനീർപൂവ് അതാണ് ഗൗരി മോൾ…
ചെറുപ്പത്തിലേ വിഷ്ണുവിന് ഇഷ്ടമാണ് പട്ടാളക്കാരെ… പട്ടാളക്കാരനായിരുന്ന അമ്മാവൻ പറയുന്ന വീര പോരാട്ടകഥകൾ കേട്ടു വളർന്ന വിഷ്ണുവിന് വലുതാകുമ്പോൾ ആരാകണമെന്ന് ആരെങ്കിലും ചോദിച്ചാൽ യാതൊരു വിധ ആലോചനകളും ഇല്ലാതെ വിഷ്ണു പറയും ‘ പട്ടാളം ‘
വിവാഹം കഴിഞ്ഞിട്ടിപ്പോ ആറു വർഷത്തോളമാകുന്നു…. കൊതി തീരെ സ്നേഹിക്കാൻ കഴിഞ്ഞിട്ടില്ല… എങ്കിലും അഭിമാനമാണ് വന്ദനക്ക്… ഒരു പട്ടാളക്കാരന്റെ ഭാര്യ ആയതിൽ….
രാത്രി….രഘുവും ഭാര്യ സീമയും വിഷ്ണുവിന്റെ അയൽക്കാരാണ്.. മക്കളില്ലാത്ത അവർക്ക് സ്വന്തം മകളാണ് ഗൗരി.. ഇടയ്ക്ക് ഗൗരിയെ അവിടെ നിർത്തിയിട്ടാണ് വന്ദന പുറത്തേക്ക് ഒക്കെ പോകാനുണ്ടെങ്കിൽ പോകുന്നത്… സീമ പൊന്നുപോലെ കൊണ്ടു നടക്കും ഗൗരിയെ… ഇഷ്ടമുള്ള പലഹാരങ്ങളൊക്കെ ഉണ്ടാക്കി കൊടുക്കും..
.സീമയുടെ അനിയനും ഇന്ത്യൻ ആർമിയിലാണ്… ഇപ്പോൾ അവൻ പഞ്ചാബിൽ ആണുള്ളത്…
എന്നും എട്ടു മണിയൊക്കെ ആകുമ്പോൾ അവൻ വിളിക്കാറുണ്ട്.. ഇന്നവന്റെ കാൾ കണ്ടില്ലല്ലോ എന്നോർത്തിരിക്കുമ്പോഴാണ് ഫോൺ ബെല്ലടിച്ചത്..
നോക്കിയപ്പോൾ അനിയൻ സിദ്ധാർഥ്..
” എന്താടാ ഇന്നു ലേറ്റ് ആയല്ലോ മോനെ…. ഞാനോർത്തു ഇന്നിനി നീ വിളിക്കില്ലെന്ന്..”
മറുവശത്തു അവന് സംസാരിക്കാൻ എന്തോ വിഷമം ഉള്ളത് പോലെ
” ചേച്ചി “
” എന്താ മോനെ “
” എങ്ങനെ പറയണം എന്നറിയില്ല.. നമ്മുടെ വിഷ്ണുവേട്ടൻ പോയി ചേച്ചി “
പറഞ്ഞു തീർന്നതും അവൻ കരഞ്ഞുപോയി,.
” ങേ… സിദ്ധു “
” അതെ ചേച്ചി…
“ജമ്മുവിൽ നിന്നും ശ്രീനഗറിലേക്ക് പോകുകയായിരുന്നു. വിഷ്ണുവേട്ടനും സംഘവും… പോകുന്ന വഴിയിൽ തീവ്ര വാദികളുമായുള്ള ഏറ്റുമുട്ടൽ…. കുറെ പട്ടാളക്കാർ മരിച്ചു “
” എന്റെ ദൈവമേ.. ഞാൻ ഇതെങ്ങനെയാ പെണ്ണിനോട് പറയും “
സീമ കരച്ചിലടക്കാനാവാതെ പറഞ്ഞു…
“എന്തായാലും വിവരമറിയിച്ചല്ലേ പറ്റുകയുള്ളു… ചേച്ചി അവരുടെ അമ്മാവനോട് വിളിച്ചു കാര്യങ്ങൾ പറയു… ടീവി യിലൊക്കെ വാർത്ത വരുന്നുണ്ട്…”
” ശരി മോനെ. ഞാനൊന്നങ്ങോട്ട് ചെല്ലട്ടെ “
സീമ ശങ്കരൻ മാമന്റെ നമ്പർ തിരഞ്ഞു…
വിഷ്ണുവിന്റെ മാമനാണ്…
അദ്ദേഹത്തെ വിളിച്ചു… വിളിച്ചപാടെ അദ്ദേഹം വിതുമ്പിയ സ്വരത്തിൽ പറഞ്ഞു… ” വിവരം ഞാൻ അറിഞ്ഞു മോളെ… എന്തു പരീക്ഷണമാണിത്… മോളോട് ഞാനിതെങ്ങനെ പറയും.. എന്തായാലും ഞാൻ സതീഷിനെയും കൂട്ടി അങ്ങോട്ട് വരാം.. തുടർന്നുള്ള കാര്യങ്ങൾ നടത്തണമല്ലോ…”
അയാൾ ഫോൺ വച്ചു…
ഒരാഴ്ച കഴിഞ്ഞു…..
പിറന്ന നാടിന്റെ കാവൽക്കാരിൽ ഒരാളായ വിഷ്ണു നാട്ടിലേക്ക് വരുന്നു.. ജീവൻ ബലിയർപ്പിച്ചിട്ട്….
വൻ ജനാവലിയുടെ സാന്നിധ്യത്തിൽ വിഷ്ണുവിന്റെ ചലനമറ്റ ശരീരം വീട്ടിലേക്ക് കൊണ്ടുവന്നു…
പുതിയ വീട്ടിലെ ഹാളിൽ ചേതനയറ്റ് വിഷ്ണു കിടന്നു… ഒന്നു കരയുവാൻ പോലുമാകാതെ വന്ദന ആ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു…
പല തവണ വിഷ്ണുവേട്ടൻ പറഞ്ഞിട്ടുണ്ട്..
“എന്തുവന്നാലും ചിരിച്ചു കൊണ്ടു നേരിടണം… ഞാനൊരു പട്ടാളക്കാരനാണ്.. നീയെന്റെ ഭാര്യയും.. ധീരന്മാർ കരയാറില്ല… നെഞ്ചും വിരിച്ചു നിന്നു ചിരിക്കണം… അതിനി ഞാൻ ഇടയ്ക്ക് യാത്ര പോലും പറയാതെ പോയാലും നീ കരയരുത് കേട്ടോടി കാന്താരി “
അന്നിതു കേട്ടപ്പോൾ താൻ ആ വായ പൊത്തി.. ഇപ്പോഴിതാ ആ അവസ്ഥ… അവൾ നെഞ്ചകം വിങ്ങിനിന്നു…
ഗൗരിമോൾ അച്ഛന്റെ അടുത്ത് ചെന്നു നിന്നു അച്ഛനെ ഉണർത്താനുള്ള ശ്രമത്തിലാണ്…
” അച്ഛാ… ഗൗരിമോളെ കാണാൻ വന്നിട്ട് കിടന്നുറങ്ങുവാണോ… എഴുന്നേൽക്കച്ഛാ… “
കണ്ടു നിന്നവരുടെയെല്ലാം കണ്ണ് നിറഞ്ഞുതുളുമ്പി…
പകരമാവില്ല എന്തു നൽകിയാലും ഈ ത്യാഗങ്ങൾക്ക് മുൻപിൽ….
നമ്മൾ ഇന്ത്യക്കാർ സമാധാനമായി കിടന്നുറങ്ങാൻ കാരണക്കാരായ ഓരോ പട്ടാളക്കാരും നമ്മുടെ നാടിന്റെ സ്വത്താണ്.. അവർ ഉറങ്ങാതിരിക്കുന്നത് നമ്മൾ ഉറങ്ങുന്നതിനു വേണ്ടിയാണെന്ന് ഓർക്കുവിൻ സഹോദരങ്ങളെ 🙏🙏🙏🙏🙏
എല്ലാ ധീര ജവാന്മാർക്കും വേണ്ടി ഈ കുറിപ്പ് സമർപ്പിക്കുന്നു 🙏🙏🙏🙏🙏
PBSK✍️✍️✍️✍️✍️