രചന : ആതിര മുരളീധരൻ ✍

മിട്ടായിത്തെരുവിലെ
സിമന്റ് ബെഞ്ചിൽ
വൈകുന്നേരത്തിലേക്ക് കാലാഴ്ത്തി വച്ചിരിക്കുമ്പോഴാണ്
തൊട്ടരികിൽ
നിന്റെ ഛായയുള്ള ഒരാൾ വന്നിരുന്നത്.
കണ്ട മാത്രയിൽ, നിന്നെ കാണുമ്പോഴുള്ളത്ര ഇല്ലെങ്കിലും
നെഞ്ചിലെ
ഉറുമ്പിൻ പൊത്തുകളിൽ നിന്നെല്ലാം
ഈയാംപാറ്റകൾ പൊടിഞ്ഞുവന്നു.
അടുത്ത ബസ്സിന് പോയിക്കളയാതിരിക്കാൻ
നിന്റെ കൈത്തണ്ടയിലെന്നപോലെ
പിടിമുറുക്കാൻ വെമ്പിയ ഇടംകൈ
അവന്റെ വിരൽത്തുമ്പോളം ചെന്ന്
തിരികെ പോന്നു.
ചിറകു പൊടിഞ്ഞു തുടങ്ങിയ
ഒരു മഞ്ഞശലഭം
അവന്റെ തോളത്ത്
കുറെ നേരമായി ഇരിക്കുന്നു.
നിന്റെ തോളനക്കം പോലെ ഒന്നിൽ
അതിന്റെ ചിറകുപൊടികൾ കാറ്റിൽ അലഞ്ഞ്
അവന്റെ മൂക്കിൻ തുമ്പിൽ പറ്റിയിരുന്നു.
അതു വേച്ച് പറന്ന്
ഇനി വയ്യെന്ന്
കരിങ്കല്ല് പതിച്ച നിലത്തമർന്നു.
അതിന്റെ മഞ്ഞിച്ച ചിറകുകൾ
എന്റെ കണ്ണുകളോളം
വിളറി വെളുത്തു തുടങ്ങിയിരുന്നു.
എന്റെ കണ്ണ് നനയുന്നത്
നീ അറിയുന്ന പോലെ
അവനറിയാൻ പോകുന്നില്ലെന്നോർത്ത്
എന്റെ ഇടംകണ്ണ് പിടച്ചു.
കറുത്ത കട്ടിച്ചട്ടയിട്ട പുസ്തകത്തിലേക്ക്
കണ്ണുകൾ പൂഴ്ത്തി
മീശയരുകുകൾ തെറുത്തു കടിച്ചു പിടിക്കുന്ന അവനോട്
“ഇന്നൊന്നും കിട്ടീല്ലേ തിന്നാൻ ” എന്നെങ്ങാനും
പറഞ്ഞുപോയിരുന്നെങ്കിൽ എന്തബദ്ധമായേനെ!
അത് നീയല്ലല്ലോ, നിന്നെപ്പോലെയുണ്ടെന്നല്ലേ ഉള്ളൂ!
എന്റെയാണെന്നൊരു
കല്ലുവെച്ച നുണ കൊണ്ട്
മുറിവുണക്കാൻ അറിയുന്ന
നിന്നോളം വിരുതവനുണ്ടോ ആവോ!
നിന്റെയാണെന്നൊരു കള്ളം
കോടമഞ്ഞുപോലുറഞ്ഞുകൂടി
നമ്മളെ പൊതിയുമ്പോളെന്നപോലെ
അവനന്നേരം കുളിരാനേ ഇടയില്ല
വെയില് ചാഞ്ഞ ചാരക്കണ്ണുകൾ കൊണ്ട്
അവൻ എന്നെ
പാളി നോക്കിയപ്പോൾ
നീ തൊട്ടപോലൊരാന്തലായിരുന്നെനിക്ക്.
നിറഞ്ഞ താടി രോമങ്ങൾക്കിടയിലൂടെ
ഒരു ചിരി
പരുങ്ങി വരുന്നുണ്ടായിരുന്നു.
നീ ചിരിക്കും പോലെ തന്നെ.
പക്ഷേ, അത് നീ ആയിരുന്നില്ലല്ലോ.
“നിങ്ങളെപ്പോലെ തന്നെ ഒരുവളെ
എനിക്കറിയാമായിരുന്നു” എന്നവൻ
ഓർക്കാപ്പുറത്തു കുടഞ്ഞിട്ടപ്പോൾ
ഞെട്ടൽ ഒളിപ്പിക്കാൻ
ഞാൻ പെട്ട പാട്!
തിരിച്ച് എന്തെങ്കിലും
പറയും മുൻപ്
“അവളിപ്പോൾ എന്നെ മറന്നു പോയിരിക്കുന്നു”
എന്നൊരു കനലെടുത്ത്
എന്റെ ഉള്ളം കയ്യിൽ തന്നു.
അയാൾ കടലിന്റെ ദിക്കിലേക്ക് നടന്നകലുന്നതും നോക്കി
പാർക്കാൻ ആളില്ലാതെ ഒറ്റയ്ക്കായിപ്പോയ വീട് പോലെ ഞാൻ മരവിച്ച് നിന്നു.
■■■■

ആതിര മുരളീധരൻ

By ivayana