രചന : ബിനു ആനമങ്ങാട് ✍

ചില മനുഷ്യരുണ്ട്
നമ്മൾ എത്രയാഴത്തിൽ സ്നേഹം വിളമ്പിയാലും തൊട്ടുപോലും നോക്കാത്തവർ…
കുമ്പിളിൽ കോരിയാലും കുടത്തിൽ നിറച്ചാലും
വറ്റാത്ത കിണറോ പുഴയോ തന്നെ ആയാലും കാര്യമില്ല.
എന്തെന്നാൽ,
അവർക്ക് സ്നേഹം ആവശ്യമേയില്ല!
നിങ്ങളുടെ സ്നേഹത്തിന്
പ്രത്യേകിച്ചൊരു മൂല്യവും കാണാൻ
അവർക്കു കഴിയുകയുമില്ല.
അവരിൽ നിന്ന്
തിരികെ സ്നേഹം പ്രതീക്ഷിക്കരുത്‌
എന്നു മാത്രമല്ല,
അങ്ങനെയുള്ളവരെ സ്നേഹിക്കാൻ നിൽക്കരുത്.
സ്വയം നഷ്ടപ്പെടുത്തിക്കൊണ്ടു മാത്രമേ നിങ്ങൾക്കവരെ സ്നേഹിക്കാനാവൂ.
ഓരോ വളവിലും
അവഗണനയുടെ അമ്പുകൾ കൊണ്ട്
നിങ്ങൾക്ക് മുറിപ്പെടും.
ഓരോ നിമിഷവും
സ്നേഹരാഹിത്യത്തിന്റെ മുള്ളുകൾ കൊണ്ട് വ്രണപ്പെടും.
സദാ അപമാനത്തിന്റെ കനലിൽ പുകയും.
എന്നിട്ടും നിങ്ങൾക്ക്
അവരെ സ്നേഹിക്കാതിരിക്കാൻ കഴിയുന്നില്ലെങ്കിൽ
അത്രതന്നെ വലിയ ദുര്യോഗം വേറെയില്ല.
ഈ ലോകം
അത്തരം സമർപ്പണങ്ങൾ ആവശ്യപ്പെടുന്നില്ല…
നിങ്ങൾ അത്രയും വേദനയും നിന്ദയും
ഏറ്റുവാങ്ങാൻ വിധിക്കപ്പെട്ടവൾ/ൻ അല്ല..
ഈ ഭൂമിയിൽ ആരും തന്നെ
അത്രയും സ്നേഹം അർഹിക്കുന്നുമില്ല!!
■■■■

ബിനു ആനമങ്ങാട്

By ivayana