വാരിയം കുന്നത്തു ഹാജി,യുയർക്കുന്നി-
താരെയും കൂസാത്ത പോരാളിയായ്! പഴേ
യേടുകളൊക്കെത്തുടച്ചെടുത്തിന്ത്യതൻ
പോടിൽ ജനിക്കും പുഴുക്കുത്തൊടുക്കുമോ?

നേരിൻ്റെയുജ്വലജ്ജ്വാല,യെതിർപ്പിൻ്റെ
പോർമുന പൊള്ളിച്ച വൈദേശ ശക്തികൾ-
ക്കായില്ല നേരിൽ ജയിക്കാൻ; ചതിച്ചിട്ടൊ-
രയ്യർ സുഹൃത്തായ് ചമഞ്ഞു വഞ്ചിച്ചവൻ
.ചുട്ടുപൊള്ളുന്നൊരാ സൂര്യനെ,യൊറ്റിൻ്റെ
കെട്ട തന്ത്രത്തിൽക്കുരുക്കി ബന്ധിച്ചവർ-
ക്കൊട്ടും വഴങ്ങാതെ ജന്മദേശത്തിനെ
മുത്തമിട്ടസ്തമിക്കാനായ് കൊതിച്ചൊരാൾ….

“പിന്നിലല്ലായെൻ്റെ മുന്നിൽ നാട്ടീടുക
ജീവനെടുക്കുന്ന തോക്കു്; തീയുണ്ട ഞാൻ
കണ്ടേറ്റുവാങ്ങിടാം നെഞ്ചിലീനാടിൻ്റെ
മണ്ണിൽ മുഖം പൂഴ്ത്തിയെന്നും ശയിച്ചിടാൻ…”

അന്നസ്തമിച്ചില്ല ‘വാറിയർ’; വീണ്ടുമീ
മണ്ണിൽപ്പുനർജ്ജനിച്ചീടുന്നു; നാടിനെ
പിന്നോട്ടെടുക്കുവാനൊറ്റുകാർ ഗൂഢമായ്
വന്നു നിൽക്കുന്ന നിഴൽപ്പാടു നോക്കുക…

By ivayana