രചന : വിദ്യ പൂവഞ്ചേരി ✍
ചിരിച്ചുകൊണ്ട്
അടുത്തുവന്നിരുന്ന്,
ഞാൻ നിന്നെ
അഗാധഗൂഢമായി പ്രണയിക്കുന്നു എന്ന്
ചെവിതിന്നുന്ന,
അരിക്കുന്ന തണുപ്പിൽ
പ്രലോഭിപ്പിക്കുന്ന
ഒമ്പതാം വളവ്,
യുക്തിവാദങ്ങൾക്കിടയിൽ
ആത്മീയതയൊളിപ്പിച്ച
കള്ളനാണ്.
അരഭിത്തിക്കപ്പുറം
കോട മറച്ച ലോകം
(വലുതെന്നാണ്
അവൻ പറഞ്ഞത് )
നമുക്ക് വേണ്ടി
കാത്തുനിൽക്കുന്നു എന്ന്
കണ്ണിൽ നോക്കി
ആത്മഹത്യക്ക് പ്രേരിപ്പിക്കുന്ന
സ്വാർത്ഥനായ കാമുകൻ.
ചെരിവുകളിൽ
ശ്വാസംപിടിച്ചിരിക്കുന്ന
മരങ്ങൾ
അതിജീവനത്തിന്റെ
മുഴക്കങ്ങളിലും പെരുക്കങ്ങളിലും
പേടിച്ചുപേടിച്ച്
തുള്ളിതുള്ളിയായി പെയ്യുന്നു.
ചവിട്ടിപ്പിടിച്ചിരിക്കുന്ന
നിയന്ത്രണം
ഈ വളവിൽ വെച്ച്
ഇല്ലാതായാൽ എന്ന്
വലിവില്ലാത്ത പാണ്ടിലോറി
മുന്നറിയിപ്പില്ലാതെ
എതിരെ വന്നുനിന്നപ്പോൾ
ഏഴാം വളവ് പേടിപ്പിച്ചു.
ഇറുക്കെയടച്ച കണ്ണുകൾ
അറിഞ്ഞുകൊണ്ട് ചതിച്ചതാണ്.
ഞാനെന്ന് തലപൊക്കുന്ന
പണിതീരാത്ത
സ്വപ്നങ്ങളെ കണ്ട്
കാളുന്ന ഉള്ളിനെ
മെല്ലെമെല്ലെ ശ്വാസമെടുത്തു സമാധാനിപ്പിച്ചു.
വിശക്കുന്നുണ്ടോ എന്ന്
ഒരു കരുതൽ
അടിവാരത്തിൽ നിന്ന്
ഒന്നാം വളവോളമെത്തി
ചോദിച്ചപ്പോഴാണ്
ഒറ്റക്കിറങ്ങിയപ്പോൾ
നെഞ്ചു കല്ലാക്കിയ
പേടി മാറ്റിയത്.
പേടിച്ചിട്ടെന്താ?
കയറ്റങ്ങളും ഇറക്കങ്ങളും
ഒറ്റക്കു തന്നെയാണ് നല്ലത്.
■■■