രചന : വാസുദേവൻ. കെ. വി✍
പ്രതിസന്ധികൾ മറികടക്കാനാവാതെ സ്വയം അവസാനിപ്പിക്കുന്ന സഹോദരിമാരിൽ 74% നവവധുക്കൾ എന്ന് പാർലിമെന്റ് രേഖകൾ. അതിൽ മികച്ച വിദ്യാഭ്യാസമുള്ളവരും, തൊഴിലുള്ളവരും. എളുപ്പവും ലാസ്റ്റ് റിസോട്ടും അതാണെന്ന് ചിന്തിപ്പിക്കുന്നു എങ്കിൽ രോഗം സമൂഹത്തിനു തന്നെയല്ലേ..
സെൽവി കുഞ്ചിഗൗഡ അതിൽ ഭിന്നയാവുന്നു
കളി ചിരി വിട്ടുമാറാത്ത പ്രായത്തിൽ വിവാഹിതയാവുക, സ്നേഹവും കരുതലും നൽകേണ്ട ഭർത്താവിൽ നിന്ന് പീഡനവും. ഭര്‍ത്താവ് തന്നെ അവളെ മറ്റൊരാൾക്ക് കൂട്ടിക്കൊടുക്കാൻ തുനിയുക. കണ്ണീർ തുടയ്ക്കാൻ ആരുമില്ലാത്ത ഇടത്തിൽ നിന്നും സ്വയം ജീവനോടുക്കാൻ പതിനാലുകാരി പാതിരാത്രി റോഡരികിൽ വാഹനം കാത്തുനിൽക്കുക. ഉൾവിളി കേട്ട് വന്ന ബസിൽ ചാടിക്കയറുക..
സെൽവിയുടെ യാതനകളുടെ അന്ത്യവും അതിജീവനവും ആ പാതിരാത്രിയിൽ.
മൈസൂർ നഗരത്തിൽ ബസ്സിറങ്ങി അങ്കലാപ്പിൽ നിന്ന കുട്ടിയെ ദൈവദൂതനായ ഒരാൾ “ഉടനടി ” എന്ന സന്നദ്ധ സംഘടനയിൽ കൊണ്ടു ചെന്നെത്തിച്ചു. നാല് കൊല്ലം അവളവിടെ ആശ്രിതയായി. പതിനെട്ടു വയസ്സ് പൂർത്തിയായതോടെ സൈക്കിൾ ഓടിക്കാൻ പോലും അറിയാത്ത അവൾ ഡ്രൈവിംഗ് പഠിക്കാൻ തീരുമാനിച്ചുറച്ചു. ലൈസൻസ് ലഭിച്ചതോടെ സംഘടന അവൾക്കൊരു മാരുതി ഓംനി വാങ്ങി നൽകി. തെന്നിന്ത്യയിലെ ആദ്യ പെൺ ടാക്സി ഡ്രൈവർ പിറവി കൊണ്ടു.
കനേഡിയൻ സിനിമാസംവിധായിക എലീസാ പലൊസാച്ചി അവളെ 2004 മുതൽ ഒരു ദശബ്ദത്തോളം നിരീക്ഷിച്ചു. അതിജീവനത്തിന്റെ, ദൃഢ നിശ്ചയത്തിന്റെ, വിജയത്തിന്റെ ലക്ഷണങ്ങൾ അവളിൽ കണ്ടു. തുടർന്ന് അവളെ നായികയാക്കി ഒരു ബയോ ഡോക്യൂമെന്ററി സിനിമ ഒരുക്കി . ഡ്രൈവിംഗ് വിത്ത് സെൽവി.
ലണ്ടൻ, ന്യൂയോർക്,ടോരൊന്റോ നഗരങ്ങളിലെ റെയിൻഡാൻസ് ഫിലിം ഫെസ്റ്റിവൽ വേദികളിൽ സിനിമ പ്രീമയർ ചെയ്യപ്പെട്ടു. ഹൂസ്റ്റൻ, അറ്റ്ലാന്റ ഫിലിം മേലകളിൽ സിനിമക്ക് പുരസ്‌കാരങ്ങൾ. ഐക്യരാഷ്ട സംഘടനയുടെ പ്രത്യേക അവാർഡും ലഭിച്ചു.
എന്തൊക്കെ നിയമങ്ങൾ എഴുതി ചേർത്തിട്ടും ബാലവിവാഹത്തിന്റെ കണക്കുകൾ നമ്മെ നാണിപ്പിക്കുന്നത്.
എത്രയൊക്കെ മൂടി വെച്ചിട്ടും ലോകത്തിൽ മൂന്നാം സ്ഥാനം യൂണിസഫ് രേഖകളിൽ നമുക്ക് തന്നെ .
നാലുചക്ര ശകടം വിട്ട് സെൽവി ഇന്ന് ബസ്സും ലോറിയും ഓടിക്കുന്നു. സ്വത്വം തിരിച്ചറിഞ്ഞ വിജി എന്ന ചെറുപ്പക്കാരനെ വിവാഹം ചെയ്ത് രണ്ടു മക്കളുമായി. ഇംഗ്ലീഷ് ഭാഷയും പഠിച്ച് സെൽവിയിപ്പോൾ
സ്ത്രീ സ്വാശ്രയത്തിനും, അതിജീവനത്തിനുമായി അമേരിക്കയിലും യൂറോപ്പിലും ചെന്ന് ക്‌ളാസുകളും സെമിനാറുകളും നയിക്കുന്നു.
വിധിയെ പഴിച്ച്, കണ്ണീർ പൊഴിച്ച്, രോദനവും, രോഷവും, ലിംഗവിദ്വേഷവും കുറിച്ചിട്ട് സ്വയം ഒടുങ്ങുന്നവർ കണ്ടു പഠിക്കേണ്ടതുണ്ട് സെൽവി കുഞ്ചിഗൗഡയുടെ അതിജീവനകഥ.