രചന : ജോബിഷ് കുമാർ ✍
താഹിറ…..
വല്ലാത്ത മടുപ്പിനാൽ
ഇരുളു മൂടുന്നുണ്ടിപ്പോൾ
എനിക്ക് ചുറ്റും.
അവസാനത്തെ മെസ്സേജിൽ നീയെഴുതിയത് ഇനിയൊരു
നോമ്പുകാലത്ത്
ഞാൻ നിന്നെ തേടി വരും ശബ്ദമായിട്ടെങ്കിലും നീ കാത്തിരിക്കണമെന്നായിരുന്നു.
പിന്നീടെത്രയെത്ര നോമ്പുകാലങ്ങളാണ്
എന്നിലൂടെ പ്രതീക്ഷ നിറച്ച്
മറ്റൊരു നോമ്പ് കാലത്തിലേയ്ക്കുള്ള
വേദന നിറച്ച് കടന്നുപോകുന്നത്
നീയിത്
വായിക്കുന്നുണ്ടെങ്കിൽ
നീയെവിടെയോ മറഞ്ഞിരുന്നെന്നെ കാണുന്നുണ്ടെങ്കിൽ നിന്റെ മൗനത്തിന്റെ വേലിക്കെട്ടിനുള്ളിൽ
നിന്നുമിറങ്ങി വരണം
നമ്മളൊരിക്കൽ സ്വപ്നം
കണ്ടാഗ്രഹിച്ച ഒരു പാട് മോഹിച്ച ആ യാത്ര പോകുവാനെങ്കിലും
പണ്ടൊരിക്കൽ നീ പറഞ്ഞതോർമ്മയുണ്ടോ
നിനക്ക് ?
” ചേമ്പില താളിൽ അസ്തമയ സൂര്യനെയെടുത്ത് അതിൽ നിന്നൊരു നുള്ളടർത്തി
എന്റെ നെറുകയിൽ ചാർത്തി തരണം നീ….എന്നിട്ട് വേണമീ ലോകം മുഴുവൻ കേൾക്കുമാറുറക്കെ എനിക്ക് വിളിച്ചു പറയാൻ
ഞാൻ നിന്റെ പെണ്ണാണെന്ന് “
ഭ്രാന്തിന്റെ വള്ളിപ്പടർപ്പുകൾ
എന്നെ ചുറ്റിപ്പടർന്നു ശ്വാസം മുട്ടിക്കുമ്പോൾ
നമ്മളൊരിക്കൽ പോകണമെന്നാഗ്രഹിച്ച
ആ യാത്രയിലേയ്ക്ക് ഞാനെന്നെ ഏകനായി നടത്താറുണ്ട്
നീയുമുണ്ട് കൂടെയെന്ന് വെറുതെ മനസ്സ് കൊണ്ടുറപ്പിച്ച്
ചിതറി തെറിപ്പിക്കുന്ന മഴയും മരവിപ്പു തൂവുന്ന മഞ്ഞും കടന്നു പങ്കിട്ടെടുത്ത് ചേർന്നിരുന്ന് ചൂടു പകരുവാൻ കൊതിച്ച
ആ ഒരു കപ്പ് കാപ്പിയും തേടി.
യാത്രയുടെയവസാനം
തിരികെ പോരുമ്പോൾ
നനയിച്ച മഴയിൽ നിന്നും
തണുപ്പിച്ച മഞ്ഞിൽ നിന്നും
ചൂടു പകർന്ന കാപ്പിയിൽ നിന്നും
നീയില്ലായ്മയുടെ നിഴലുകൾ
നോക്കെത്താ ദൂരത്തോളം ആഴമുളെളാരു
കയറി വരുവാൻ കഴിയാത്തയത്ര ആഴമുള്ള ….
ഒരു വാരിക്കുഴിയിലേയ്ക്കെന്നെ തള്ളിയിടുന്നു.
പിന്നെയും മറ്റൊരു നോമ്പ് കാലത്തിന്റെ ദിവസങ്ങളെ കാത്ത് ഞാനീ ഇരുട്ടു നിറയുന്ന മുറിയിലേയ്ക്കെടുത്തെറിയപ്പെടുന്നു
താഹിറാ..
നീയിത് വായിക്കുന്നുണ്ടെങ്കിൽ
സുറുമയെഴുതിയാൽ നിന്റെ മിഴികൾക്കല്ല നിന്റെ മിഴികളിലെഴുതുമ്പോൾ
സുറുമക്കാണ് ഭംഗി കൂടുന്നുവെന്ന് ഞാൻ കളിയായും കാര്യമായും പറഞ്ഞിരുന്ന …നിന്റെ മിഴികൾ
എനിക്കായി നിറയെ പ്രണയമെഴുതിയ നിന്റെ കണ്ണുകൾ നിറയുന്നുവെങ്കിൽ മാത്രം
നീയെന്തിനോ
മൗനം കൊണ്ട് പണിത മീസാൻകല്ലുകൾക്കിടയിൽ നിന്ന്
നീ തിരികെ വരുമെന്ന്
കരുതട്ടെ ഞാൻ
എന്ന് നിന്റെ സ്വന്തം
.……………….…… ❤