രചന : ഗഫൂർ കൊടിഞ്ഞി ✍
ബെല്ലടിക്കാൻ അധികം നേരമില്ല.
നജീബ് കാൽ നീട്ടി വലിച്ചുവെച്ചു. മോഡൽ പരീക്ഷയുടെ നാലാം ദിവസം. എഴുതിയിടത്തോളം ആത്മവിശ്വാസം ഉണ്ടായിരുന്നു. ഇന്നെന്തോ ഉള്ളിലൊരു ഭയം. കണക്കിലും സയൻസിലും ഇംഗ്ലീഷിലുമൊക്കെ സാമാന്യം മാർക്കും ഗുരുനാഥന്മാരുടെ പ്രശംസയും അവൻ പിടിച്ചു പറ്റിയിരുന്നു.പ്രായത്തിൽ കവി
ഞ്ഞ കാര്യബോധത്തിലും ചിന്താശേഷി യിലും അധ്യാപകർക്ക് അവൻ അൽഭു
തമായിരുന്നു.
“നജീബേ ചരിത്ര ക്ലാസില് മാത്രള്ള ഈ പൊട്ടൻ കളി നിർത്തണട്ട “
സദാനന്ദൻ മാഷ് പറയുമ്പോൾ അവൻ
ചിരിക്കും. സോഷ്യൽ സ്റ്റഡീസിൽ തൻ്റെ പ്രകടനം പരിതാപകരമാണെന്ന് അവന റിയാഞ്ഞിട്ടൊന്നുമല്ല.
മാഷ് സദാ അവനെ കുത്തി നോവിക്കു മായിരുന്നു. അതിന് മാഷിനെ കുറ്റം പറയാൻ വയ്യ.ഒരു വിദ്യാർത്ഥി ക്ലാസിൽ അലംഭാവം കാണിക്കുന്നത് ഏതധ്യാപ കരാണ് ഇഷ്ടപ്പെടുക. മറ്റ് വിഷയങ്ങളി ലുള്ള അവൻ്റെ പെർഫോമൻസ് മാഷ് നല്ലവണ്ണം ശ്രദ്ധിക്കുന്നുണ്ടായിരുന്നു. തൻ്റെ ക്ലാസിൽ മാത്രമെന്താണ് അവനിത്ര ഉഴപ്പുന്നത് എന്നത് മാഷിന് അതിശയത്തിനപ്പുറം ഒരുതരം ഈർഷ്യയായിവളർന്നു.
” ഫൈനൽ പരീക്ഷക്കിനി നാല് മാസം
തികച്ചില്ലാന്ന് നിനക്കറിയാലോ. സ്ഥാപ നത്തിന് ചീത്തപ്പേര് കേപ്പിക്കാനാണേൽ നിയ്യ് പരീക്ഷ എഴുതണ്ട “
മാഷ് മുന്നറിയിപ്പ് മട്ടിൽ പലകുറി പറ ഞ്ഞത് നജീബിൻ്റെ കാതിലിപ്പോഴുമുണ്ട്. തൻ്റെ ഉള്ളിലുള്ള വേവും ചൂടും മാഷി നറിയില്ല. എങ്ങിനെയാണ് അതവർക്ക് പറഞ്ഞ് മനസിലാക്കുക? ആകെയവൻ
കൺഫ്യൂഷനായിരുന്നു.എങ്കിലും എസ്എസ്എൽസിയാണല്ലോ ഇത്. ഭാവിയിലേക്ക് തുറക്കുന്ന കവാടമല്ലേ. പരീക്ഷ ഒഴിവാക്കാനാവില്ലല്ലോ. നടത്തത്തിന് വേഗത പോരെന്ന് അവന്
തോന്നി.
അപ്പോഴാണ് ശ്രദ്ധിച്ചത്.മുന്നിൽ
റോഡാകെ ബ്ലോക്കാണ്.ഒരടി മുന്നോട്ട് വെക്കാൻ വയ്യ.രാവിലെ തന്നെ തെരുവ് നശിച്ച രാഷ്ട്രീക്കാർ കയ്യടക്കിയിരിക്കു ന്നു. ഇവ്വിധം വഴി യാത്രക്കാരെ ദ്രോഹിച്ചിട്ട് ഇപ്പഹയർക്ക് എന്ത് നേട്ടമാണ്….? എങ്ങിനെയാണ് ഇവരെ മറികടന്ന് പരീക്ഷക്കെത്തുക? ആൾക്കൂട്ടത്തിൻ്റെ മുഷ്ടികൾ കൂർത്ത് വാനോളമുയരുന്നുണ്ട്.
നവഭാരതത്തിൻ്റെ കൊടികൾക്ക് പൂർവ്വാധികം ശക്തിയോടെ കാറ്റു
പിടിക്കുക തന്നെയാണ്. വീറുറ്റ മുദ്രാവാക്യങ്ങൾ പതഞ്ഞു പൊന്തുന്നുതിന് ചെവി കൊടുത്തപ്പോൾ നെഞ്ചിൽ ഒരു അകാരണ ഭയം കൂട് കെട്ടി.
“ഭാരത ഭൂവിൻ വീര്യം കാക്കാൻ
പ്രാണൻ നൽകുക പടയാളികളെ
പുണ്യപുരാതന മണ്ണിൽ ഞങ്ങൾ
പുതിയൊരു ലോകം സൃഷ്ടിക്കും….”
അവൻ കാത് പൊത്തി മുന്നോട്ട്
നടക്കാൻ ശ്രമിച്ചു. നേരത്തിന് ക്ലാസിലെത്താൻ കഴിയാഞ്ഞാൽ മാഷിന് കുറ്റപ്പെടുത്താൻ അത് മറ്റൊരു കാരണമാകും.പ്രകടനം കാരണമാണ് റോഡ് തടസ്സപ്പെട്ടത് എന്നതൊന്നും അവിടെ വിലപ്പോവില്ല. അല്ലെങ്കിലും മാഷിൻ്റെ ക്ലാസിലിരിക്കുമ്പോൾ ഒരു മലകയറുന്ന കിതപ്പാണ്.
രവിമാഷിനും രാഘവൻമാഷിനും റഹിം
മാഷിനുമൊക്കെ തന്നോട് വലിയ മതി പ്പാണ്.പഠന കാര്യങ്ങൾക്ക് പുറമെ വീട്ടു വിശേഷങ്ങളും ചോദിച്ചറിയും ഉപ്പയുടെ
സുഖവിവരങ്ങൾ തിരക്കും.
”ബാപ്പാൻ്റെ പേര് കേട് വരുത്തര്ത് ട്ടാ ”
രാഘവൻ മാഷ് മുതുകിൽ തലോടും.
“ബാപ്പാൻ്റെ മോൻ തന്നെ ” രവി മാഷ്
റഹീം മാഷോട് അഭിപ്രായം പറയും.
എന്നാൽ സദാനന്ദൻ മാഷോ? മൂപ്പർക്ക് ഞാനൊരു പുകഞ്ഞ കൊള്ളി!. വേദന യോടെ അവനോർത്തു.
ചരിത്രം പഠിക്കുമ്പോൾ മാത്രമെന്താണ് തൻ്റെ മനസ് വിഷയത്തിൽ നിന്ന്
തെന്നിത്തെറിക്കുന്നത്? മാഷ് ടെക്സ്റ്റെടുത്ത് വിവരണം തുടങ്ങിയാൽ ഒരു തരം ആകുലത പൊതിയുകയായി. നെഞ്ചിൽ എന്തോ കനം തൂങ്ങുന്നതായി തോന്നും. അത് ലോകചരിത്രമായാലും ഇന്ത്യാചരിത്രമായാലും അതല്ല കേരളചരിത്ര വിശകലനമായാലും എവിടെയൊക്കെയോ ഒരു ചേരുംപടി ചേരായ്ക. മാഷിൻ്റെ യുദ്ധത്തെ ക്കുറിച്ചുള്ള വിവരണങ്ങളാണ് ഏറ്റവും അസഹ്യമാവുക.
വലിയ ഉത്സാഹമായിരുന്നു മാഷിന്, വെട്ടിപ്പിടുത്തങ്ങളുടെ കഥ പറഞ്ഞു തരാൻ.
അലക്സാണ്ടറുടെ സാമ്രാജ്യ
ത്തിൻ്റെ വിസ്തൃതിയിൽ മാഷ് ഊറ്റം
കൊള്ളുമായിരുന്നു. അതേ സമയം നെപ്പോളിയൻ്റെ വാട്ടർലൂ പരാജയം വിവരിക്കുമ്പോൾ ആ തൊണ്ടയിടറി
വാക്കുകൾ പുറത്തു വരാൻ വിമ്മിട്ടപ്പെ
ടുന്നത് കാണാം.
രാജാക്കന്മാരുടെ ഭണ്ഡാരം
നിറക്കാനുള്ള നെട്ടോട്ടങ്ങളും അന്തപ്പുരങ്ങളിലേയും അരമനകളിലേയും പകിട്ടുകളുടെ വിവരണങ്ങളും ഏതോ അറബിക്കഥയുടെ ആവേശത്തിലാണ് ക്ലാസ് മുഴുവൻ ചെവിയോർക്കുക.
ഇതൊക്കെ വിവരിക്കുമ്പോൾ പഠിപ്പിക്കുന്ന മാഷിന് മാത്രമല്ല കേട്ടിരിക്കുന്ന വിദ്യാർത്ഥികൾക്കും അത് വലിയൊരു ഉണർവ്വാണ്. സാമൂഹ്യപാഠങ്ങൾ അവരെ ആനന്ദ തുന്ദിലരാക്കുകയാണ് ചെയ്യുക. എന്തോ സ്പോട്സ് മത്സരം തുടങ്ങുന്ന മട്ടിലുള്ള ആരവങ്ങളാണ് ക്ലാസിൽ ഉയരുക.
മുഗൾ സാമ്രാജ്യത്തിൻ്റെ പാഠമായിരുന്നു
കഴിഞ്ഞാഴ്ച്ച. താജ്മഹലിനെക്കുറിച്ച് വിവരിച്ചപ്പോൾ മാഷിന് ആയിരം നാവാ യിരുന്നു. ഷാജഹാൻ ചക്രവർത്തിയുടെ മഹിമയുടെ വിവരണം നീണ്ടുനീണ്ടു
പോയി.
“മുംതസ്മഹൽ പ്രണയത്തിൻ്റെ സാശ്വ
തമായ അടയാളമാണ്. ഇന്നും അവരു
ടെ സ്നേഹത്തിൻ്റെ തുല്യതയില്ലാത്ത
സ്മാരകമായി താജ് മഹൽ പരിലസിക്കുന്നു”
മാഷുടെ വിവരണം അറ്റമില്ലാതെ വീണ്ടും
നീളുമ്പോൾ അവന് ഉള്ളിൽ കടന്നൽ
കൂടിളകി.
” കേവലം ഒരു ചക്രവർത്തിയുടെ പേരിൽ മാത്രമെങ്ങിനെയാണ് സർ ഇത് വരവ്
വെക്കുക, അതിനു വേണ്ടി വിയർപ്പൊഴു
ക്കിയവർ എവിടെ? ” എന്ന ചോദ്യം
ഉള്ളിൽ കിടന്നു തിളച്ചുവെങ്കിലും അത്
ചോദിക്കാനുള്ള ധൈര്യം അവനില്ലായിരുന്നു.
മാഷന്നേരം സ്വപ്നതുല്യമായ മുഗൾ രാജധാനികളിലെ പൂന്തോട്ടങ്ങളുടെ
പകിട്ട് കണ്ട് നടക്കുകയായിരുന്നു. അദ്ദേ ഹം ആ ദൃശ്യവിസ്മയങ്ങളുടെ കലാചാരു തയുടെ മികവ് മതിമറന്ന് ആസ്വദിക്കുക
യാകും. മുഗൾ കലാബോധത്തിൻ്റെ മഹിമകളും ടാൻസൻ സംഗീതത്തിൻ്റെ നിറവുകളും ബീർബലിൻ്റെ നേരമ്പോക്കു കകളും ക്ലാസിൽ കഥാപ്രസംഗ ശൈലി യിൽ ഉതിർന്നുവീണു. കുട്ടികൾ സിനിമാ ക്കഥ കേൾക്കുന്ന മട്ടിൽ വീർപ്പടക്കിപ്പിടി ച്ചാണ് ആ ചരിത്രം കേട്ടിരുന്നത്.എന്നാൽ ഇതൊക്കെ അവനുള്ളിൽ എന്തോ എവി ടെയോ ഒരു പന്തി കേടായി അനുഭവപ്പെ ട്ടു. തികട്ടിത്തികട്ടി വരുന്ന സംശയങ്ങൾ മാഷോട് ചോദിച്ചിട്ടും വലിയ കാര്യമില്ല എന്നവനറിയാം. ഇത്തരം ഒരു സംശയം ഒരിക്കൽ അവൻ ചോദിച്ചതാണ്.
“താൻ എഴുതാപ്പുറം വായിക്കേണ്ട, പാഠത്തിലുള്ളത് പഠിച്ചാൽ മതി ” എന്ന ഉപദേശമാണ് അന്ന് കിട്ടിയത്. അതിൽ പിന്നെ മാഷുടെ മുഖത്ത് നോക്കാൻ തന്നെ പേടിയാണ്.എങ്കിലും നിർവ്വചിക്കാ നാവാത്ത സമസ്യകൾക്ക് പിന്നാലെ അവൻ്റെ മനസ് കടിഞ്ഞാണറ്റ് പറന്നു കൊണ്ടേയിരിക്കും.
അതിന് നാലുനാൾ മുമ്പാണെന്ന് തോന്നുന്നു മാഷ് കുത്തു ബുദ്ധീൻ ഐബക്കിനെ കുറിച്ച് വാചാലനായത്.
ആ പേര് കേട്ടപ്പോൾ എന്തോ കുത്ത്
ബുദ്ധീൻ അൻസാരിയുടെ മുഖമാണ് അവൻ്റെ മനസിൽ തെളിഞ്ഞത്.
എങ്കിലും ആകാശംമുട്ടുന്ന ആ സ്തൂപത്തിൻ്റെ നിർമ്മിതിയുടെ പിന്നിൽ ഇൽത്തുമിഷൻ്റെ കരങ്ങളായിരുന്നു എന്നത്പുതിയ അറിവായിരുന്നു. അത്
കേട്ടപ്പോൾ പതിവ് പോലെ ചിന്തകൾ വഴിമാറി പല സംശയങ്ങളിലും ചെന്ന്മുട്ടി. കുത്തുബുദ്ധീൻ ഐബക്കായാലും ഇൽത്തുമിഷായാലും അവനത് ഉൾക്കൊള്ളാൻ തന്നെ വലിയ പ്രയാസം തോന്നി.അവിടെ വിയർപ്പൊഴുക്കിയ പതിത ജന്മങ്ങളുടെ നിലവിളിയാണ് അവൻ്റെ കാതിൽ പ്രതിദ്ധ്വനിച്ചത്.
ഇതൊക്കെ കെട്ടിപ്പൊക്കാൻ ജീവിതം ഹോമിച്ച ഈ നിസ്സഹായരെക്കുറിച്ച് ഒരു അധ്യാപകനും എന്ത് കൊണ്ടാണ്
വിവരിക്കാതിരുന്നത് എന്നോർത്തവൻ അസ്വസ്ഥനായി. രാജാക്കന്മാരും ചക്രവർത്തിമാരും പരസ്പരം കൊമ്പുകോർക്കുമ്പോൾ അവിടെ ഉരുണ്ടു വീണതലകളും അവരുടെ കബന്ധങ്ങളും അവനു മുന്നിൽ രൗദ്രനൃത്തമാടി.നിരാലംബരായ മനുഷ്യരുടെ ആർത്തനാദത്തിൽ അവൻ കാത് പൊത്തി. ജീവിക്കാനുള്ള നെട്ടോട്ടങ്ങൾ ക്കിടക്കുയരുന്ന ദീനരോദനങ്ങൾ ഉള്ളിൽ മുഴങ്ങി.
അശോക ചക്രവർത്തിക്ക് മനസാന്തരം
വന്ന കഥ അവന് കേൾക്കാനിഷ്ടമായി
രുന്നു. എന്നാൽ കലിംഗയുദ്ധത്തിൽ
സർവ്വ സൈന്യവും നഷ്ടപ്പെട്ട അശോകന് തൻ്റെ സാമ്രാജ്യം നിലനിർത്താൻ അഹിംസയുടെ മന്ത്രം ഉരുവിടുകയല്ലാതെ വേറെ നിവൃത്തിയില്ലായിരുന്നു എന്ന് ആരും
മനസിലാക്കാത്തതെന്ത്?
ചുരുക്കത്തിൽ അവൻ്റെയുള്ളിൽ
കോട്ടകളും കൊട്ടാരങ്ങളുമില്ലായിരുന്നു. അവ നിലനിർത്താൻ രക്തം ചിന്തിയ അടിമസമാന ജീവിതങ്ങളാണ് അവനെ ആ കുലപ്പെടുത്തിയത്. അവരെ ഊട്ടിയ
കർഷകൻ്റെ രോദനവും വേദനയുമാണ്
അവനെ പിന്തുടർന്നത്.
ബ്ലോക്ക് അൽപ്പം നീങ്ങിയിരിക്കുന്നു.
എങ്കിലും കവലയിൽ രാജ്യസ്നേഹത്തെ
ക്കുറിച്ചകാതടപ്പിക്കുന്ന പ്രസംഗത്തിന്
വീറ് കൂടുകയും ആളുകൾ കയ്യടിക്കുക യും ചെയ്യുന്നുണ്ട്.ഒരുവിധം ക്ലാസിൽ
വന്ന് കയറുമ്പോൾ പരീക്ഷ
തുടങ്ങിയിരുന്നില്ല. മുന്നിൽ എ ഫോർ പേപ്പറുകൾ നിരത്തി ശക്കീറും സുമേഷുമൊക്കെ നല്ല ത്രില്ലിലായിരുന്നു. നെഞ്ചിടിപ്പോട് കൂടി നജീബ് തൻ്റെ ഇരിപ്പിടത്തിലമർന്നു.
ശബ്ദമുഖരിതമായ ഹാളിൽ മാഷ്
സദ്യക്ക് പപ്പടം വിളമ്പുന്ന മട്ടിൽ ചോദ്യപ്പേപ്പറുകൾ വിതരണം ചെയ്തപ്പോൾ തന്നെ അവന് മടുപ്പ് തോന്നി.
പേപ്പർ കയ്യിലെടുത്തു കണ്ണോടിച്ചു. ചോദ്യങ്ങളിൽ നിന്ന് പുതിയ ചോദ്യ ചിഹ്നങ്ങൾ ഉയർന്നു വന്നു. എങ്കിലും മനസിലുള്ളത് കുത്തിക്കുറിക്കുമ്പോൾ അവൻ മാർക്കിനെക്കുറിച്ച് ചിന്തിച്ചില്ല. അവസാന ചോദ്യത്തിൽ ലോക ഭൂപടം അടയാളപ്പെടുത്താനാണ്പറഞ്ഞിരിക്കുന്നത്.നൂറ്റി തൊണ്ണൂറ്റിയാറ് രാഷ്ട്രങ്ങളുടേയും അതിരുകൾ വർണ്ണങ്ങളാൽ അടയാളപ്പെടുത്താനാണ് കല്പന. അവൻ ധർമ്മ സങ്കടത്തിലായി. രാഷ്ട്രങ്ങളെ നിറം പിടിപ്പിക്കുന്നത് പോയിട്ട് അതിന് അതിരുകൾ അടയാളപ്പെടുത്തുന്നത് പോലും അവന് ചിന്തിക്കാനായില്ല.
സദാനന്ദൻ മാഷ് തന്നെത്തന്നെയാണ് നിരീക്ഷിച്ചു കൊണ്ടിരിക്കുന്നത് എന്നതവൻ ശ്രദ്ധിച്ചു. അവൻ്റെ കൈകൾ അറിയാതെ ആൻസർ പേപ്പർ മറച്ചു. ഒരു നിമിഷം മാഷുടെ ദൃഷ്ടി അവൻ്റെകണ്ണുകളിൽ ഉടക്കി. അത് വേർപെടുത്താനായില്ല. മാഷ് സാവധാനം അവൻ്റെ അരികിലേക്ക് വരുന്നത് കണ്ടപ്പോൾ നെഞ്ചിടിപ്പ് കൂടി.ആൻസർ പേപ്പറിൽ നോട്ടം പതിഞ്ഞപ്പോൾ കൈകൾ കൊണ്ട് പേപ്പർ മറക്കാനുള്ള വ്യർത്ഥമായ ശ്രമം പരാജയപ്പെട്ടു. മാഷ് അവൻ്റെ കൈകൾ പൊക്കി പേപ്പറിലേക്ക് ദൃഷ്ടിയൂന്നി.മാഷുടെ മുഖ ത്ത് നിർവ്വചിക്കാനാവാത്ത ഭാവഭേദങ്ങൾ.
”രാഷ്ട്രങ്ങളെ വർണ്ണങ്ങൾ കൊണ്ട്
അടയാളപ്പെടുത്താനാണ് മിസ്റ്റർ പറഞ്ഞത്, കുറച്ച് നേരമായി ഞാൻ ശ്രദ്ധിക്കുന്നു, താനിത് വരെ അതിരുകൾ പോലും അടയാളപ്പെടുത്തിയിട്ടില്ല!” മാഷുടെ കടുത്ത ശബ്ദം മുഴങ്ങിയപ്പോൾ ഹാളിലാകെ കൂട്ടച്ചിരി
ഉയർന്നു. അവൻ്റെ തല അൽപ്പം കൂടിതാഴ്ന്നു.
ഭൂപടത്തിൽ രാഷ്ട്രങ്ങൾക്ക്
അതിരുകൾ തിരിക്കാനാവാത്ത നിസ്സഹായതയിൽ സ്വയം ശപിച്ചു.
” വേഗം വേണം ഇനി അഞ്ച്
മിനുട്ടേയുള്ളു” മാഷ് ധൃതികൂട്ടിയപ്പോൾ അവൻ നിസ്സഹായനായി ആ മുഖത്തേക്ക് നോക്കി. അത് അവഗണിച്ച് മാഷ് മുരണ്ടു.
“ഇക്കുറി നീ ഫൈനൽ എക്സാം
എഴുതണോ എന്ന്ഒന്ന് കൂടി ആലോചിക്കേണ്ടി വരുമല്ലോ ”
ഭീഷണിയുടെ ആ സ്വരം കേട്ട് അവൻ
വർണ്ണ പെൻസിലുകൾ കയ്യിലെടുത്തു.
മുൻപിൻ നോക്കാതെ അവൻ
ഭൂപടത്തിന് അതിരുകൾ കോറിയിട്ടു. കരയും കടലും വേർപെടുത്തി.ഇന്ത്യ എന്ന വിശാല മണ്ണിലേക്ക് അവൻ കാവിനിറം ചാലിച്ചു ചേർത്തു.പച്ച നിറത്താൽ പാക്കിസ്ഥാനെ കുളിപ്പിച്ചു. ആഫ്രിക്കയെന്ന ഭൂമിയെ അവൻ പൂർണ്ണമായും കറുപ്പ് കൊണ്ട് മൂടി. യൂറോപ്പിനെ വെള്ള വർണ്ണത്താൽ പൊതിഞ്ഞു.കണ്ടു നിന്ന സദാനന്ദൻ മാഷിന് മനസ് കുളുർന്നു.
“ഷബാസ് നജീബ് ഷബാസ്”
മാഷ് അവൻ്റെ പുറത്ത് തട്ടിയപ്പോൾ
അവൻ്റെ കണ്ണിൽ നിന്നും മിഴിനീർ കുടുകുടാ പുറത്തേക്ക് ചാടി. ആ ഉപ്പുനീർ ചാർട്ട് പേപ്പറിൽ പരന്നൊഴുകി. വിവിധ വർണ്ണരാശികൾ കൂടിക്കുഴഞ്ഞ് അതിരുകൾ മാഞ്ഞു പോയി.