രചന : മാധവി ടീച്ചർ, ചാത്തനാത്ത് ✍

സാമോദമേക മനസ്സോടെ പ്രാർത്ഥിക്കാം
സർവ്വേശ്വരാ, ലോകർക്കിഷ്ടേശ്വരാ….!
മുൻജന്മപാപവുമീ ജന്മപാപവും
മൃത്യുഞ്ജയാ –മൂർത്തേ തീർത്തീടണേ…

ശിവ– ശിവശങ്കര, ചന്ദ്രക്കലാധരാ
ശങ്കരാ– കന്മഷം നീക്കീടണേ..
ഉച്ചത്തിൽ ശിവ-ശിവയെന്നു ഭജിപ്പവർ –
ക്കുണ്ടാകുമെന്നെന്നും തൃക്കടാക്ഷം:

പിൻവിളക്കും തെളിയിച്ചു നാം കുമ്പിട്ടാൽ
പിൻതിരിയാതെ തൃക്കൺ പാർത്തിടും.
സോമവാരവ്രതം നോൽക്കുന്ന നാരിമാർ
സാദരം തൃക്കാൽക്കൽ കുമ്പിടുമ്പോൾ

ഉച്ചത്തിൽ പാർവ്വതീദേവിയെ
വാഴ്ത്തുമ്പോൾ
ഉണ്ടാകും സർവ്വസൗഭാഗ്യമെന്നും
ശക്തിയില്ലെങ്കിൽ ശിവനുമില്ലെന്നല്ലോ
ശങ്കകൂടാതെ വചിക്കുന്നതും.!

ശിവ-ശിവയെന്നു നാം നാമം ജപിക്കവേ
സർവ്വപാപങ്ങളും തീർന്നു പോകും:
ആരംഭകാലത്തും ,അന്ത്യകാലത്തിലും
ആജീവനാന്തമീ ശ്വാസത്തിലും ‘

ശിവ- -ശിവയെന്നൊരു നാമജപം തന്നെ
ശങ്കരാ- ! ഹൃത്തിൽ തുടികൊട്ടണേ…!’
നിത്യവും ശിവനെ ഭജിക്കുന്ന ഭക്തർക്കു
നിത്യസായൂജ്യം ലഭിക്കുമല്ലോ

ശിവ! ശിവ! എന്നു നാമുച്ചരിച്ചീടവേ
ശ്വാനനായാൽപ്പോലും മുക്തനാകും
ആ ജീവമന്ത്രമാം മുക്തിമന്ത്രം മാത്ര-
മാകട്ടെയീ ജീവശ്വാസമന്ത്രം.

ശിവ … ശിവ … ശിവ ..! ഓം നമ:ശിവായ ! .

മാധവി ടീച്ചർ,

By ivayana