രചന : മനോജ്.കെ.സി.✍
കനലെരിയും ഹൃദയത്തിലേക്ക്
നിഴലാട്ടങ്ങളുടെ ഒളിഞ്ഞുനോട്ടം
തൂലികയിൽ നിന്നൊഴുകിയ മുത്തുകളിൽ
പണ്ടകശാലകളിലെ പൊടികേറി ഊർദ്ധൻ
വലിയുടെ തത്രതകൊരുക്കുന്നു
ജീവന്റെപാതിമേൽ പ്രതീക്ഷകൾ അസ്തമിച്ച
ഉൾക്കാമ്പിൽ വേനൽ ചിറകടിയൊച്ച മുറുകുന്നു
നട്ടാൽ മുളയ്ക്കാത്ത സിദ്ധാന്തവരികളിൽ
കാലങ്ങളായി നല്ലനാളിൻ തുരുത്തുകൾ
തെരഞ്ഞു ഗതിയറ്റഹൃദയം
ഇന്ന് പകലിരവുകൾ തോറും
ശാന്തിതീരങ്ങൾ തേടിയുഴലുന്നു
പോയകാലത്തിന്റെ കദനമേഘങ്ങൾ
ഒരു മേഘവിസ്ഫോടന വക്കിലുടയാൻ
വെമ്പൽ കൊണ്ടീടുമ്പോൾ
ഉള്ളിനെ കൊത്തിനുറുക്കുന്നു നൊമ്പരക്കത്തികൾ
ഓർമ്മതൻ താളുകൾ ചിതലുകേറുമ്പോൾ
മനോദർപ്പണം ചിലന്തിവല നെയ്ത്
വിണ്ടുകീറീടുന്നു
അതിൽനിന്നും ആയിരം പിൻകാല സ്മൃതിരൂപങ്ങൾ
ദ്രംഷ്ടകൾ നീട്ടി ഹൃദയം കൊത്തിവലിച്ചു വലിച്ചു നോവിക്കുന്നു
കലങ്ങിമറിഞ്ഞിടും ചിന്തകൾ നിദ്രയിൽ
പേക്കിനാത്തേർച്ചക്രമേറ്റി മനസ്സിനെയമർത്തി ചുരുക്കുന്നു
പദവിയും സത്സംഗങ്ങളും അനവധ്യമെങ്കിലും
ഇരിയ്ക്കും തുലാസിൻ തട്ടിനെ
ജാതിപെരുങ്കാൽ ചവുട്ടിയമർത്തുമ്പോൾ
ഉടഞ്ഞു ചിതറുന്നു
പളുങ്കുപോൽ സ്വത്വാവബോധസത്ത
കദനപാശത്താൽ അകം വരിഞ്ഞു പിടയുമ്പോൾ
പൈതലെ മാറോടുചേർത്ത് വിതുമ്പലണയൂർന്ന്
ചേല നനഞ്ഞൊട്ടി ക്രമതാളമറ്റ്
ശ്വാസനിശ്വാസങ്ങൾ കുറുകിയുലയുമ്പോൾ
മൗനച്ചിതൽ പുറ്റുടച്ചാരോ കാതിൽ മന്ത്രണമേകിയതിപ്പോൾ
മനസ്സും മെല്ലെയതേറ്റു പിടിക്കുന്നു
ഭാരത്താൽ നിലത്തെറ്റിയതെല്ലാം
ക്രമബദ്ധമാക്കി
ഊർജ്ജത്തിൻ കോണിയിലൂടെ
മനം ചിതറാതെ പതറാതെ
ശാന്തപഥം ചേർന്ന് നിയതിക്കുടയോനേകും പടവുകൾ തനിയെ താണ്ടിയീ
ജീവിതം പുഷ്‌കലമാക്കി
അവിടെല്ലാമെൻ കുഞ്ഞുകയ്യൊപ്പുകൾ ചാർത്തി
സംതൃപ്തപച്ചതുരുത്തുകൾ ഓരോന്നായി തീർക്കേണം