രചന : ശ്രീജ വിധു✍

ദൈവം ഒരു സോഫ്റ്റ്‌വെയറാണ്‌,
അപ്‌ഡേഷൻ നടക്കാതിരുന്ന
ഒരു സോഫ്റ്റ്‌വെയർ.
സോഫ്റ്റ്‌വെയർ വിദഗ്ധർ
കുറവും
തൊട്ടാലടിച്ചു പോകുമോയെന്ന
ഭയവും കാരണം
ആരും പരീക്ഷണങ്ങളൊന്നും
നടത്തിയില്ല.
സ്ഥിരം ചിട്ടവട്ടങ്ങൾ
പാലിച്ചു സംരക്ഷിച്ചു.
അതിൽ കൂടുതൽ
ങേ!ഹേ!
ആരുമൊന്നും ചെയ്യാറില്ല.
അഹിന്ദുക്കൾക്ക്‌
പ്രവേശനമില്ല
പെരുന്നാളിന്‌
ബാൻഡ്‌സെറ്റ്‌ മേളം
അയ്യപ്പൻവിളക്കിന്‌
ചിന്ത്‌പാട്ടിൻ താളം
അങ്ങനെയങ്ങനെ
എത്രയെത്ര
മനോഹരമായ
ആചാരങ്ങളാണ്‌
ഇൻസ്റ്റാൾ ചെയ്തിരുന്നത്‌!
അറിഞ്ഞോണ്ട്‌
ഇതിലൊരു അപ്‌ഡേഷനും
നടക്കില്ല.
നടത്തിയാലുടൻ
വൈറസ്‌
നാമജപയാത്രയുടെ
രൂപത്തിലോ മറ്റോ
പൊട്ടിപ്പുറപ്പെടും.
ഇപ്പോൾ പതിയേ
ആരുമറിയാതെ
ആളോളെ ആകർഷിക്കാൻ
സോഫ്റ്റ്‌വെയറിൽ
അപ്‌ഡേഷൻ നടക്കുന്നുണ്ട്‌.
പള്ളീല്‌ തുലാഭാരം,
ചോറൂണ്‌, എഴുത്തിനിരുത്ത്‌
അയ്യപ്പൻവിളക്കിന്‌
കാവടിയാട്ടം,
വേളികഴിക്കാത്തവനെ
മോഹിപ്പിക്കാൻ
നാദസ്വരത്തിനൊത്ത്‌
പെൺകുട്ട്യോളുടെ ചുവടുകൾ,
പെരുന്നാളിന്‌ ശിങ്കാരിമേളം.
ഇന്ന് ദൈവം സന്തുഷ്ടനാണ്‌.
കാലത്തിനൊപ്പം ചലിക്കാൻ
അദ്ദേഹത്തിനായല്ലോ.
അദ്ദേഹത്തിനുമില്ലേ
ഉള്ളിൽ അടക്കിനിർത്തിയ
അടങ്ങാത്ത മോഹങ്ങൾ..
അതിനെ കീഴ്പ്പെടുത്താൻ
ആ ‘ചാരങ്ങൾ’
ത്യജിച്ചേ പറ്റൂ.
സോഫ്റ്റ്‌വെയർ ഇനിയും
അപ്‌ഡേറ്റ്‌ ചെയ്തേ പറ്റൂ.
■■■■
വാക്കനൽ

ശ്രീജ വിധു

By ivayana