രചന : സുരേഷ് പൊൻകുന്നം✍
ഇല കൊഴിഞ്ഞു പോയൊരു
ചെറുമരം ഞാൻ
തളിരിടുമോ പുതു തളിരില?
ശിഖര ഞരമ്പുകളിൽ
തെളിയുമോ പുതു ധമനികൾ?
പടിയിറങ്ങി പൊയ്പ്പോയ
സ്വപ്നനിദ്രകൾ ഇനി വരുമോ
കനവുകളിൽ ഇനി വരുമോ
നവ നവരസങ്ങൾ?
ചിരിയൊഴിഞ്ഞ ചുണ്ടുകളിൽ
മധു നിറയുമോ?
മധു നിറഞ്ഞ മാറിടങ്ങളിൽ
മുഖമമർത്തിയൊളിക്കാൻ
മധുരമായ് പാടാൻ
പരിഭവക്കച്ചയഴിച്ചവൾ വരുമോ?
തിരയൊഴിഞ്ഞ മാനസം
തിരികെയെത്തുമോ?
ചടുലനടന വേഗങ്ങളിൽ
നയനകാന്തി നിറഞ്ഞ
നടനമെന്നാണിനി?
കുളിരൊളിപ്പിച്ച മെയ്യാൽ
പുണരലെന്നാണിനി
പുലരിയെന്നാണിനി?
പുതുപത്രങ്ങൾ പുതു ശാഖികൾ
പുതിയ പൂക്കൾ പരാഗികൾ
പുതിയ ശലഭങ്ങൾ കുരുവികൾ
പുതിയ സ്വപ്നം പുതിയ നിലാവെട്ടം
പതുപതുത്ത കാൽപ്പെരുമാറ്റങ്ങൾ
പുറകിൽ വന്നൊരു
കണ്ണുപൊത്തിക്കളി
കുടുകൂടാച്ചിരി ഉടയുന്ന കുപ്പിവളകൾ
ഒരു ചിണുങ്ങലൊരു തേങ്ങലെൻ
മാറിലേക്കൊരു തലചായ്ക്കൽ
ഹായെന്റെ മുടിഞ്ഞ സ്വപ്നങ്ങളെ
വിറയാർന്ന കൈകളിൽ നിന്ന്
വഴുതിമാറിപ്പോയ
ഊന്നുവടിയൊന്നെടുക്കുവാൻ ഇവിടാരുമില്ലേ?
മുറികളിൽ നിറയുമീ കട്ടയിരുട്ടിനെ
ഒരു തിരി തെളിച്ചോടിക്കാൻ
ഇവിടാരുമില്ലേ?
ഇവിടാരുമില്ലേ?