രചന : ടി.എം. നവാസ് വളാഞ്ചേരി ✍

ഇത വറ്റാത്ത നിറം മങ്ങാത്തദിനം തോറും മാറ്റ് കൂടുന്ന നിത്യ സത്യ പ്രണയം . പൊള്ളയായ കാട്ടിക്കൂട്ടലുകൾക്കപ്പുറമുള്ള നേരിന്റെ പ്രണയം .
പ്രണയത്തിന്റെ നേര് തേടി ഹൃദയം തുറന്ന് പിടിച്ച് ഉൾക്കണ്ണിന്റെ ചൂട്ടു തെളിച്ച്ഒരു യാത്ര പോയാലോ ?

മുഖ പുസ്തകത്തിന്റെ ചുമരിൽ വരക്കുന്ന
മുഖമില്ലാതെഴുതുന്ന വാക്കല്ല പ്രണയം.
ദിനമൊന്ന് വെച്ചിട്ട് മധുരം നുകർന്നിട്ട്
മാനം കവർന്നിട്ട് പോകലോ പ്രണയം ?
ഞെട്ടറ്റ് വീഴുമ്പോ പൊട്ടിക്കരഞ്ഞിട്ട്
കയറതിൽ തൂക്കി വിടുന്നതോ പ്രണയം ?
കൈകൾ കോർത്തിങ്ങനെ ചാരത്തിരിക്കുമ്പോ
ഹൃദയത്തിൻ സ്പന്ദനം പകരലാ പ്രണയം .
തൊട്ടാൽ വിടർന്നാടും സ്നേഹ മഴ പെയ്യും
മാനത്തെ മഴവില്ലിൻ മൊഞ്ചാണ് പ്രണയം.
വീഴാതെ നോക്കാനും താങ്ങായി നിൽക്കാനും
കാവലായ് മുന്നിൽ നടക്കലാ പ്രണയം.
ക്ഷമയതിൻ ചങ്ങലക്കെട്ടതിൽ ബന്ധിച്ച
സ്നേഹത്തിൻ പൂന്തോണിയാണത്രെ പ്രണയം.
കണ്ണൊന്നകലുമ്പോ ഖൽബത കലാതെ
കണ്ണിന്റെ കണ്ണിനെ കാക്കലാ പ്രണയം .
കാറ്റൊന്നടിച്ചാലും തിരമാല വന്നാലും
പതറാതെ നിന്നിടും മലയാണ് പ്രണയം.
മാരിയത് വന്നാലും പേമാരി പെയ്താലും
ക്ഷണമതിൽ വിരിയുന്ന കുടയാണ് പ്രണയം.
പ്രണയസരസ്സതിൽ പ്രാണനെ നെഞ്ചേറ്റി
ദിനമെന്നും നാഥനോടോതലാ പ്രണയം.
വാക്കൊന്ന് മൊഴിയുമ്പോ കണ്ണില് നോക്കുമ്പോ
കാണുന്ന മൈലാഞ്ചി ച്ചോപ്പാണ് പ്രണയം.
പ്രാണനാം പ്രണയിക്ക് പായ് വഞ്ചി തുഴയുവാൻ
പങ്കായമായ ങ്ങ് മാറലാ പ്രണയം.
മനസ്സിൻ രസതന്ത്ര ചരടൊരു പൊൻ നൂലിൽ
നെയ്തെടുത്തിടുമൊരുയജ്ഞമാ പ്രണയം.
വരികളായ് എഴുതുമ്പോ തിരകളായ് മാറുന്ന
തീരാത്ത വാക്കിന്റെ പേരാണ് പ്രണയം .

ടി.എം. നവാസ് വളാഞ്ചേരി

By ivayana