രചന : ഓ ബി ശ്രീദേവി ✍
അമ്മ ചന്തേപ്പോയാപ്പിന്നെ
ചന്ദ്രീടെവഴിക്കണ്ണ്
പുളിഞ്ചോട്ടിൽ
നിന്നുമാറില്ല
ആട്ടുക്കുട്ടി തള്ളടെ
പാലത്രേംകുടിച്ചോ
മെക്കാടുകാർ സൊറപറഞ്ഞിരുന്ന്
നേരം പോക്കുന്നോ
എന്നൊന്നും ചന്ദ്രി ശ്രദ്ധിക്കാറേയില്ല.
അമ്മേടെ നുള്ളും
അടീമതിനെത്ര
കൊണ്ടിരിക്കുന്നു
ചന്ദ്രിക്കറിയാമമ്മ
മോന്തയിൽ കനമില്ലാ
കനപ്പുംവരുത്തി
ഇത്തിരിപ്പൂരം നൊമ്പലം
പോലുമെടുക്കാതെ —
യാണടിക്കുന്നതെന്ന്
അമ്മ കൊണ്ടുവരാമെന്നേറ്റ
ചൊമല കുപ്പിവളയിലും പേരത്തൻപഴത്തിലു
മാണവൾക്ക് മനസത്രയും
ഇരുന്നിരുന്ന് പഴിഞ്ഞിക്കലം തേക്കാൻപോലും മറന്നവൾ
ചൊമലവളയും
പേരത്തൻപഴമധുരവും കിനാക്കണ്ടിരുന്നു.
കാൽനടയാത്രക്കാരെ
യടക്കം ഇടിച്ചുനിരത്തി
വികസനവാഹനം ചന്തയിലൂടെ കയറ്റിയിറക്കിയത്
കൈമണി കൊടുത്ത്
തീറെഴുതിവാങ്ങിക്കൂട്ടിയ
മനുഷ്യക്കോലങ്ങൾ തന്നെ
വികസനലേബൽ പാർട്ടിയുടെ
ഗുണ്ടാസംഘത്തിലൊരാളെ
തിരിച്ചറിയുന്നതിനു
മുൻപുതന്നെ
കൊച്ചു കൊച്ചു സ്വപ്നങ്ങളുടഞ്ഞ
ആ മൺതരികളിൽ
പരന്നൊഴുകുന്ന ചോരച്ചാൽ
അസ്തമനസൂര്യന്റെ
ചെന്നിറംകലർന്ന്
ചൊമലവളകളുടെ
മാലകൾ തീർക്കുന്നുണ്ടായിരുന്നു
എല്ലാരും ചേർന്ന് കോരിക്കൂട്ടിയ
ജഡങ്ങൾക്കിടയിലെ
ചൊമല കുപ്പിവളകൾക്കും
പേരത്തൻപഴത്തിനുമിടയിൽ
ഈച്ചകളാർത്തു ചിരിക്കുന്നുണ്ടായിരുന്നു
ഇരകിട്ടിയ ആഹ്ളാദത്താൽ!