രചന : ജയൻ വിജയൻ ✍
അഗതിക്ക് സ്വര്‍ഗ്ഗമാണീത്തെരുവ്
അനാഥന്റെ കൂരയാണീത്തെരുവ്
മേല്‍ക്കൂരയില്ലാത്ത വീടാണിതെങ്കിലും
മേല്‍ക്കോയ്മ തീണ്ടാത്ത തറവാടിത്
ഇരുളില്‍ ഞരക്കങ്ങള്‍ കേള്‍ക്കുമീ
ഇറയത്ത് പീടികത്തിണ്ണയില്‍ക്ഷയ-
ത്താല്‍ മുരളുന്നു വൃദ്ധസ്വരയന്ത്രങ്ങള്‍
പകലിന്റെ മാന്യത മുഖം മൂടിയഴിക്കുന്നു
ഇരവില്‍ തലപുതച്ചെത്തുന്നു മാന്യദേഹങ്ങള്‍
പകല്‍വെട്ടത്തറയ്ക്കുന്ന തെരുവുപെണ്ണിന്‍
പട്ടിണിക്കോലത്തിലും കാമം തിരയുന്നു
സദാചാര പൗരുഷങ്ങള്‍
കാലമോ തെല്ലുകഴിയവേ
തെരുവിന്റെയോടയില്‍ പിടയുന്നൊരു ചോരക്കുഞ്ഞ്.
കൂട്ടമായ് വന്നവര്‍ക്കിടയില്‍ നിന്നും
ഏതോ മാന്യന്‍ ചാര്‍ത്തിക്കൊടു-
ത്തതിനൊരു പേര്
“ പിഴച്ചുപെറ്റവന്‍ ഇവന്‍ പിഴച്ചു പെറ്റവന്‍ ”
അവന്‍ നാളെയീ പാതയില്‍ തെണ്ടാനിറങ്ങും
നീട്ടിയ കൈയ്യും ഒട്ടിയ വയറുമായ്.
കൊടിവച്ചകാറുകള്‍ പാഞ്ഞുപോകും
കൊല്ലം അഞ്ചുതികയുമ്പോള്‍ നേതാവു മാറും
കുടിലിനായ് അവരന്നും നിരയില്‍ നില്‍ക്കും
വെള്ളാന വാഗ്ദാനം കോരി വായില്‍ നിറയ്ക്കും
ദുര്‍മ്മേദസ്സുപേറുവോര്‍ വലിച്ചെറിയും
അന്നത്തിന്‍ ബാക്കിതേടി വിശപ്പിന്റെ ഭാരവും താങ്ങിയവരെത്തും
ആട്ടിയോടിക്കണം നമ്മളാ ദുശ്ശകുനങ്ങളെ
അവനിക്കുപോലും വേണ്ടാത്ത ജന്മങ്ങളെ
ആറടിമണ്ണുപോലും സ്വന്തമാക്കാത്തവര്‍
കാലൂന്നിയമണ്ണില്‍ മൃതിപൂകാന്‍
വിധിക്കപ്പെട്ടവര്‍
അവരാണ് മക്കള്‍
അവരാണ് മക്കള്‍
തെരുവിന്റെ മക്കള്‍