അവലോകനം : സജീഷ് കുട്ടനെല്ലൂർ✍

രമേഷ് പിഷാരടിയുടെ “ചിരിപുരണ്ട ജീവിതങ്ങൾ” എന്ന പുസ്തകം കഴിഞ്ഞ ദിവസമാണ് വായിച്ചുതീർത്തത്.
പുസ്തകം കയ്യിലെടുത്ത് പേജുകൾ മറിച്ചും ചിരിച്ചും ആണ് വായിച്ചത്. ഓൺലൈനിലൂടെയായിരുന്നില്ല വായന എന്ന് സാരം. കലാരംഗത്ത് വൈവിധ്യമാർന്ന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു കൊണ്ടിരിക്കുന്ന ഒരാളാണ് പിഷാരടി എങ്കിൽ തന്നെയും കയ്യിൽ മൈക്കെടുത്ത് നർമ്മ സംഭാഷണങ്ങൾ നടത്തുന്ന ആ ഭാവം തന്നെയാണ് മലയാളികൾക്ക് ഏറ്റവും ഇഷ്ടം.


ഇന്നസെന്റും മുകേഷും തീർത്ത പറച്ചിലിന്റെ ഒരു വഴിയുണ്ട് ആ വഴിയിൽ കഴിഞ്ഞ കുറെ വർഷങ്ങളായിട്ട് രമേഷ് പിഷാരടിയുമുണ്ട്. മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച ഈ പുസ്തകം വായിച്ചു കൊണ്ടിരുന്നപ്പോൾ എനിക്ക് തോന്നിയത് “തന്റെ കൈയിലിരിക്കുന്ന മൈക്കിന് രൂപാന്തരം സംഭവിച്ച് അത് ഒരു പേനയായി മാറുകയും ആ പേന ഇദ്ദേഹത്തിന്റെ പറച്ചിലുകളെ അതേപടി പേപ്പറിലേക്ക് പകർത്തുകയും ആയിരുന്നു എന്നാണ്”.


ഒറ്റക്ക് പൊട്ടിക്കൊണ്ട് ആരംഭിക്കുന്ന ഓരോ അധ്യായങ്ങളും രണ്ടായി,നാലായി, എട്ടായി ഒടുക്കം ഒരു കൂട്ടപ്പൊരിച്ചിലിലൂടെയാണ് അവസാനിക്കുന്നത്. ഈ ചിരിമരുന്ന് പ്രയോഗത്തിന്റെ പുകപടലങ്ങൾ വായനക്കാരന്റെ ശരീരത്തിലും മനസ്സിലും പറ്റിപ്പിടിക്കും എന്ന് മുൻകൂട്ടി കണ്ടുകൊണ്ടാണ് പുസ്തകത്തിന് “ചിരി പുരണ്ട ജീവിതങ്ങൾ” എന്ന് പേരിട്ടതെന്ന് തോന്നുന്നു.


വേദിയിൽ വൺമാൻ ഷോ അവതരിപ്പിക്കുന്ന കലാകാരന്മാർക്ക് ജീവിതത്തിൽ ഒരിക്കലെങ്കിലും നേരിട്ടിട്ടുള്ള ചില നിസ്സഹായതകളും ദൈന്യതകളും വിളിച്ചോതുന്ന ചില അധ്യായങ്ങൾ ഈ പുസ്തകത്തിലുണ്ട്. ചിരിയുടെ പിന്നിലെ കണ്ണീര് അവിടെ അനാവരണം ആകുന്നുണ്ടെങ്കിലും
പിഷാരടി ചിരിക്കെട്ട് മുറുക്കുന്നതോടെ വായനക്കാരന് അവിടെ
ചിരിക്കാനുള്ള വിഭവം ലഭിക്കുന്നു.


ജീവിതത്തിലെന്നപോലെ ഈ പുസ്തകത്തിലും ഗ്രന്ഥകാരന്റെ പ്രിയപ്പെട്ട ധർമ്മജൻ പലയിടത്തും പ്രത്യക്ഷപ്പെട്ട് തന്റെ നർമ്മം നിറവേറ്റുന്നുണ്ട്.
പിഷാരടിയുടെ ഗുരു സ്ഥാനീയനായ സലിംകുമാറും പല അധ്യായങ്ങളിലും പ്രത്യക്ഷപ്പെടുന്നുണ്ട്. ഒരു “കോഴി” കേന്ദ്ര കഥാപാത്രമായ അധ്യായത്തിൽ
പരിപാടി പൊളിഞ്ഞു നിൽക്കുന്ന പിഷാരടിയോടും ട്രൂപ്പ് അംഗങ്ങളോടും
സലിംകുമാർ ചോദിക്കുന്നുണ്ട്.


“പ്രോഗ്രാം പൊളിഞ്ഞപ്പോ നാട്ടുകാര് മുഴുവൻ കൂവിയിട്ടും കുഴപ്പമില്ല, ഒരു കോഴി കൂവിയതാണല്ലേ പ്രശ്നം! “
എന്ന്.
വായനക്കാരിൽ ചിരി പടർത്തുന്ന 21 കുറിപ്പുകൾ ആണ് ഈ പുസ്തകത്തിലുള്ളത്.
“കഥകൾ അനുഭവങ്ങളാക്കുമ്പോൾ അല്പസ്വല്പം വെള്ളം ചേർക്കുന്നത് കൊഴുപ്പിക്കാനാണ്. മുഴുവൻ സത്യങ്ങളാണെന്ന് ഞാൻ കള്ളം പറയുന്നില്ല, കള്ളങ്ങൾ ആണെന്ന് പറഞ്ഞാൽ അത് സത്യവുമല്ല”എന്ന് പിഷാരടി പുസ്തകത്തിന്റെ ആമുഖത്തിൽ പറയുന്നുണ്ട്.


ഉള്ളത് അങ്ങനെ തന്നെ പറഞ്ഞാൽ ആർക്കും രസിക്കില്ല പൊലിപ്പിച്ച് പറയണമെന്നത് ഒരു തത്വമാണല്ലോ
ആ തത്വത്തിന്റെ ഹോൾസെയിൽ ഡീലർ ആണ് ഈ പുസ്തകം എഴുതിയത് എന്നത് കൊണ്ട് കൂടുതൽ വിശേഷണത്തിന്റെ ആവശ്യമില്ല.
എയർപോർട്ടിലെ തീവ്രവാദി,പല്ലു തേക്കാത്ത നിർമ്മാതാവ്, അരമണിക്കൂർ ചിരിപ്പിക്കാൻ എത്രയാ, ഭാഗ്യം വിൽക്കുന്ന ബ്രോക്കർ തുടങ്ങിയ അധ്യായങ്ങൾ ലേഖകന്
വ്യക്തിപരമായിട്ട് ഏറെ ഇഷ്ടപ്പെട്ടതാണ്.
87 പേജുകളുള്ള
ഈ പുസ്തകം നിങ്ങൾക്ക് വായിച്ചു ചിരിക്കാം നിങ്ങളുടെ സുഹൃത്തുക്കൾക്ക് സമ്മാനിക്കാം. ചിരി ലഹരിയാണ് അതൊരു ഔഷധവും കൂടിയാണ്. ആ ഔഷധം നിങ്ങളുടെ ആരോഗ്യം കാക്കട്ടെ.

By ivayana