രചന : സുബി വാസു ✍

ഇന്ത്യക്കാര്‍ ജോലി തേടി വിദേശത്തേക്ക് പോകാന്‍ ആരംഭിച്ചിട്ട് വര്‍ഷങ്ങളേറെയായി. 1960കളിലാണ് ജോലിയന്വേഷിച്ച് വിദേശത്തേക്ക് പോകുന്ന പ്രവണത വ്യാപകമായത്. ശ്രീലങ്ക, മലേഷ്യ, സിംഗപ്പൂര്‍ തുടങ്ങിയ സ്ഥലങ്ങളായിരുന്നു ആദ്യകാലങ്ങളില്‍ ഇന്ത്യക്കാരുടെ വിദേശമോഹങ്ങള്‍ക്ക് തണലേകിയത്.സിലോണിലേക്ക് കുടിയേറി പാർത്ത ഒരുപാട് ആളുകൾ ഉണ്ട്. ഇന്നു ഗൾഫിൽ പോണപോലെ അന്ന് സിലോണും, മലേഷ്യയും മൊക്കെയായിരുന്നു ഇന്ത്യക്കാരുടെ പറുദീസ.

എണ്ണ വ്യാപാരത്തിന്റെ സാധ്യതകളുമായി ഗള്‍ഫ് മേഖല തൊഴിലവസരങ്ങളുടെ വാതായാനങ്ങള്‍ ലോകത്തിന് മുമ്പില്‍ തുറന്നിട്ടതോടെ ഇന്ത്യക്കാരുടെ സ്വപ്‌നഭൂമിയായി ഗള്‍ഫ്. പ്രവാസികള്‍ സമ്പദ്ഘടനയുടെ നട്ടെല്ലാണ് ഇന്ത്യയുടെ, പ്രത്യേകിച്ച്കേരളത്തിന്റെ സമ്പദ് ഘടനയെ പരിപോഷിപ്പിക്കുന്നതില്‍ പ്രവാസികളുടെ പങ്ക് ചെറുതല്ല.
പണ്ടൊക്കെ ഗൾഫുകാർ എന്ന് പറയുമ്പോൾ വല്ലാത്തൊരു നിലയും വിലയും ആയിരുന്നു. വലിയ പെട്ടികളും,പള പള മിന്നുന്ന കുപ്പായവും,അത്തറിന്റെ സുഗന്ധവുമായി നാട്ടിലേക്കു ഓടിവരുന്നവർ, ബന്ധുക്കൾക്കും നാട്ടുകാർക്കും മിഠായിയുടെ മധുരവും, അത്തറിന്റെ സുഗന്ധവും പകർന്നു കൊടുക്കുമ്പോൾ അതിൽ അയാളുടെ വിയർപ്പിന്റെ മണമുണ്ടെന്നുള്ള തിരിച്ചറിവുണ്ടായിരുന്നില്ല.

ദുബായ് എന്നത് ഒരു സ്വർഗ്ഗഭൂമിയാണെന്നും അവിടെ നിറയെ ചോക്ലേറ്റും, സ്പ്രേയും,ടൈഗർ ബാംമും, കോടാലി തൈലവും,പേനയും പെൻസിലുമൊക്കെ വെറുതെ കിട്ടുമെന്നും ചിന്തിച്ചൊരുബാല്യവും ഉണ്ടായിരുന്നു. അന്നൊക്കെ ആഗ്രഹിച്ചിരുന്നു ആ പറുദീസയിൽ പോണമെന്നു.ഒരാൾ
വിദേശത്താണ് എന്നുപറയുമ്പോൾ മനസിലേക്ക് ഓടിവരുന്നത് ദുബായ് മാത്രമായിരുന്നു.പക്ഷെ ഇന്നതിനു മാറ്റം വന്നു കാരണം ഇന്ന് ഗൾഫ് മാത്രം അല്ല ഇന്ത്യക്കാരുടെ ചോയ്സ്.


1.64 കോടി ഇന്ത്യക്കാര്‍ വിദേശങ്ങളില്‍ ജോലി ചെയ്യുന്നുവെന്നാണ് പുതിയ കണക്ക്. ജനസംഖ്യയുടെ ഒന്നരശതമാനം മാത്രമാണ് ഇതെങ്കിലും ഇവരുടെ പ്രതിവര്‍ഷ വരുമാനം നമ്മുടെ മൊത്ത ആഭ്യന്തര ഉല്‍പാദനത്തില്‍(ജിഡിപി) വലിയ പങ്ക് വഹിക്കുന്നുണ്ട്. വിദേശത്തേക്ക് ജോലി അന്വേഷിച്ച് പോകുന്നവരുടെ എണ്ണം ഓരോ വര്‍ഷവും വര്‍ധിച്ചുകൊണ്ടിരിക്കുന്നത് അതിനാല്‍ തന്നെ പ്രതീക്ഷ നല്‍കുന്ന കാര്യമാണ്.


പ്രവാസത്തിന്റെ കാര്യത്തിൽ മുന്നിൽ നിൽക്കുന്ന സംസഥാനമാണ് കേരളം .
കേരളത്തിൽ ഗൾഫ് കുടിയേറ്റക്കാരുടെ വല്ലാത്ത ഒരു ഒഴുക്ക് ഒരു കാലഘട്ടത്തിൽ ഉണ്ടായിരുന്നു. ഒരുപാട് ആളുകൾ ഗൾഫ് രാജ്യങ്ങളായ ദുബായ് , ഖത്തർ, കുവൈറ്റ് പോലുള്ള നാടുകളിൽ ജോലി നോക്കിയിട്ടുണ്ട്. പ്രവാസികളും അവരുടെ പ്രശ്നങ്ങളും എല്ലാം പലപ്പോഴും ചർച്ചചെയ്യപ്പെട്ടതുമാണ്.
പ്രവാസി പണം കേരളത്തിൽ വലിയൊരു സാമൂഹിക, സാമ്പത്തിക വളർച്ചക്കു കാരണമായിട്ടുണ്ട്.

മികച്ചജീവിത നിലവാരത്തിലെക്കുള്ള വളർച്ചയും മലയാളികളുടെ പ്രവാസം കൊണ്ട് ഉണ്ടായതാണ്. ഒരുകാലത്തു ജോലി തേടിയാണ് കടൽ കടന്നതെങ്കിൽ ഇന്ന് സ്ഥിതി മാറിയിരിക്കുന്നു തൊഴിൽ തേടുന്നു എന്നതിനോടൊപ്പം തന്നെ പഠിക്കാനും ആളുകൾ കടൽ കടന്നു.ഏറ്റവും കൂടുതൽ ആളുകൾ വിദേശത്തേക്ക് പോകുന്നതും മറ്റു സംസ്ഥാനങ്ങളിലേക്കും മൈഗ്രേറ്റ് ചെയ്യുന്നതുമായ കേരളീയരുടെ എണ്ണം ഇന്ന് വളരെ കൂടുതലാണ്.


ജോലിക്ക് പോകുന്നതിനേക്കാൾ കൂടുതൽ ഉപരിപഠനത്തിനായി മറ്റ് സംസ്ഥാനങ്ങളെയും മറ്റു രാജ്യങ്ങളെയും ആശ്രയിക്കുന്ന കാഴ്ച നാം കണ്ടു കൊണ്ടിരിക്കുന്നു. എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നത്? ചിന്തിച്ചിട്ടുണ്ടോ?മാനുഷിക ശേഷി വിദേശ നാണ്യം നേടിത്തരുന്നു പക്ഷെ
നേട്ടങ്ങൾ പോലെ തന്നെ നഷ്ടങ്ങളും ഉണ്ടാക്കുന്നുണ്ട്.
ഇന്ന് കേരളത്തിൽ പൂട്ടിക്കിടക്കുന്ന വീടുകളുടെ എണ്ണം വളരെ കൂടുതലാണ് ഒന്നുകിൽ അവർ വിദേശത്തോ മറ്റു സംസ്ഥാനങ്ങളിലോ ജോലിക്ക് പോയിട്ടുണ്ട്, അല്ലെങ്കിൽ അവരുടെ മക്കളോ കുടുംബമൊ വിദേശത്തോ മറ്റെവിടെയെങ്കിലും സെറ്റിൽ ആയിരിക്കും.


മിക്കവാറും മക്കൾ പോയി അവരുടെ ചുവടുപിടിച്ച് മാതാപിതാക്കളെയും അങ്ങോട്ട് കൊണ്ടു പോവുകയോ അല്ലെങ്കിൽ മാതാപിതാക്കൾ മാത്രമുള്ള വീടുകളോ ആണ് കേരളത്തിൽ നമുക്ക് കാണാൻ പറ്റുന്നത്.ഒരു വീട്ടിൽ ഒന്നോ രണ്ടോ ആളുകൾ എങ്കിലും വിദേശത്തു ഇല്ലാത്തവർ ചുരുക്കമാണ്.


ഉപരിപഠനത്തിനു പോവുകയും തുടർന്ന് അവിടെ തന്നെ പഠിച്ച് ജോലി നേടി സെറ്റിൽ ആവുന്നതും സാധാരണ കാഴ്ചകളാണ്. ഒരുകാലത്തു ഗൾഫിലായിരുന്നു പ്രവാസികളുടെ പറുദീസയെങ്കിലും ഇന്ന് പടിഞ്ഞാറൻ രാജ്യങ്ങളിലേക്കാണ് ഒഴുക്ക്. അവിടെ മാത്രമല്ല ആഫ്രിക്കൻ രാജ്യങ്ങളിലേക്കും, ലാറ്റിനമേരിക്കൻ രാജ്യങ്ങളിലേക്കും, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലേക്കും മലയാളികളുടെ ഒഴുക്ക് തുടരുന്നുണ്ടു.എന്തുകൊണ്ടാണ് കേരളത്തിൽ ഈ ഒരു അവസ്ഥ സംജാതമായത്?


കഴിഞ്ഞ കുറച്ച് വർഷങ്ങളായി കേരളത്തിൽ നിന്ന് ഉന്നത പഠനത്തിനായി മറ്റ് സംസ്ഥാനങ്ങളിലേക്കും വിദേശ രാജ്യങ്ങളിലേക്കുളള വിദ്യാർഥികളുടെ ഒഴുക്കാണ്.കാനഡ, ബ്രിട്ടൻ, യുഎസ്, അയർലൻഡ്, ജർമനി, ജോർജിയ, യുക്രൈൻ എന്നിവിടങ്ങളിലേക്കാണ് കൂടുതൽ വിദ്യാർഥികൾ താത്പര്യം പ്രകടിപ്പിക്കുന്നത്. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിലവാര താഴ്‌ച്ചയും അമിതമായ രാഷ്ടീയ കടന്നുകയറ്റവുമാണ്oo വിദ്യാർഥികളെ കേരളം വിടാൻ പ്രേരിപ്പിക്കുന്നത്. സംസ്ഥാനത്തെ തൊഴിലില്ലായ്മയും കേരളം വിടാൻ യുവാക്കളെ പ്രേരിപ്പിക്കുന്ന ഘടകമാണ്. വിദേശങ്ങളിലേക്ക് കുടിയേറുക എന്ന ലക്ഷ്യത്തോടെയാണ് പലരും വിദേശ സർവകലാശാലകളെ ലക്ഷ്യംവയ്‌ക്കുന്നത്.റഷ്യ ഉക്രൈൻ സംഘർഷം ഉടലെടുത്തപ്പോൾ നമ്മൾ കണ്ടതാണ് അവിടെയുള്ള ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണം.


ഇന്ത്യയിലെ തന്നെ മികച്ച ഉന്നത വിദ്യാഭ്യാസകേന്ദ്രങ്ങളിലും മലയാളി വിദ്യാർഥികളുടെ എണ്ണത്തിൽ വർഷം തോറും വർധനവ് രേഖപ്പെടുത്തുകയാണ്. കേരളത്തിലെ ഉന്നത വിദ്യാഭ്യാസമേഖല നിലവാര തകർച്ചയിലേക്ക് കൂപ്പുകുത്തി കൊണ്ടിരിക്കുകയാണെന്ന് വിദ്യാഭ്യാസവിദഗ്ധർ വ്യക്തമാക്കുന്നു. വിദ്യാർഥികളെ വിദേശത്തേക്ക് കയറ്റി വിടുന്ന ഏജൻസികളുടെ എണ്ണവും വർധിക്കുകയാണ്.
ഇന്ത്യക്ക് പുറത്തേക്ക് മെഡിസിൻ പഠനത്തിനായി ഓരോ വർഷവും ലക്ഷക്കണക്കിന് വിദ്യാർഥികളാണ് പോയ്ക്കൊണ്ടിരിക്കുന്നത്. ഇവരിൽ ഭൂരിപക്ഷവും അവിടെ തന്നെ ജോലി നേടി സ്ഥിരതാമസമാക്കുകയാണ്. ഇതിലൂടെ ഇന്ത്യക്ക് വലിയ നഷ്ടമാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്.


വിദ്യാർഥികളുടെ ഫീസിനത്തിൽ അനേക കോടികൾ ഇന്ത്യക്ക് നഷ്ടപ്പെടുന്നു. ഇന്ത്യൻ വിദ്യാർഥികൾ ഡോക്ടർമാരായി വിദേശ രാജ്യങ്ങളിൽ തുടരുന്നതിനാൽ വൻതോതിൽ മനുഷ്യ വിഭവശേഷിയും നമുക്ക് നഷ്ടമാകുന്നു. ഈ രണ്ട് ചോർച്ചകളും തടയാൻ വിദേശത്തേതിനു തുല്യത പുലർത്തുന്ന മെഡിസിൻ പഠനം
ഇന്ത്യയിലും സാധ്യമാക്കുക എന്നതാണ് പോംവഴി. പഠനം പൂർത്തിയാക്കുന്നവർക്ക് ഇവിടെ തന്നെ മെച്ചപ്പെട്ട തൊഴിൽ അവസരങ്ങൾ ലഭ്യമാക്കണം.
മെഡിക്കൽ മേഖലയിൽ മാത്രമല്ല മറ്റെല്ലാമേഖലകളിലും ഇനിയും മുന്നോട്ട് പോകേണ്ടതുണ്ട്. വിദ്യാഭ്യാസയോഗ്യതക്കനുസരിച്ചുള്ള തൊഴിലും മാന്യമായ വേതനവും ഏതൊരാളുടെയും സ്വപ്നമാണ്.

ആ സ്വപ്‌നങ്ങൾ കൈപ്പിടിയിൽ ഒതുക്കാൻ എല്ലാവരും ശ്രമിക്കുന്നു. കേരളത്തിൽ ഇന്നുള്ള സാമൂഹിക, രാഷ്ട്രീയ പശ്ചാത്തലം തികച്ചും നിരാശയും, അരക്ഷിതവുമാണ്.അഭ്യസ്ത വിദ്യർ തൊഴിൽ ഇല്ലാതെ നടക്കുന്നു, ഉള്ള തൊഴിൽ മേഖലയിൽ മറ്റു സംസ്ഥാനക്കാർ കൈയടക്കിവക്കുകയും ചെയ്തിരിക്കുന്നു.കേരള psc യിൽ പോലും സ്വജനപക്ഷപാതമാണ് ഉള്ളത്.ഇനി സ്വകാര്യ മേഖലയിൽ ജോലി നോക്കിയാലോ കുറഞ്ഞ വേതനവും, ചൂഷണവും ആണ്. ആകർഷകമായ വേതനവും തൊഴിലിടങ്ങളിൽ കിട്ടുന്ന മാന്യതയും വിദേശങ്ങളിലേക്ക് യുവാക്കളെ ആകർഷിക്കുന്ന മുഖ്യ ഘടകമാണ്.പിന്നെ ഇന്നത്തെ സോഷ്യൽ സ്റ്റാറ്റസ് അനുസരിച്ചു ജീവിക്കാൻ യുവാക്കൾക്കു മുന്നിലുള്ളത് പ്രവാസമാണ്..


കേരളത്തിൽ പഠിക്കാനും, തൊഴിൽ നേടാനുമുള്ള സാഹചര്യം സൃഷ്ടിക്കാൻ ഗവണ്മെന്റ് ശ്രമിച്ചേ മതിയാവൂ.തൊഴിൽ നേടാൻ മാത്രമല്ല മാന്യമായ വേതനവും ഉറപ്പുവരുത്തണം.ഉന്നത വിദ്യാഭ്യാസ മേഖലയിൽ വഴിവിട്ട നിയമനങ്ങൾ കേരളത്തിലെ സർവകലാശാലകളുടെ നിലവാരം തകർത്തു കൊണ്ടിരിക്കുന്നു. പൊതു വിദ്യാഭ്യാസ മേഖലയിലും ആരോഗ്യമേഖലയിലും ശക്തമായ തിരിച്ചുവരവ് നടത്തേണ്ടിയിരിക്കുന്നു.നിക്ഷേപസൗഹൃദവും, വ്യവസായ സൗഹൃദവുമായ ഒരന്തരീക്ഷം സൃഷ്ടിക്കാൻ കഴിഞ്ഞില്ലെങ്കിൽ കേരളം വിടാൻ യുവ ജനങ്ങൾ ശ്രമിച്ചുകൊണ്ടേയിരിക്കും…

സുബി വാസു

By ivayana