രചന : മനോജ് കാലടി✍
നാടിന്റെ മതേതരമൂല്യങ്ങളുടെ അടിസ്ഥാന ശിലകളാണ് ഓരോ അങ്കണവാടികളും.. അത് നാളെയുടെ സൗഹാർദത്തിന്റെ ഈറ്റില്ലമാണ്..
സമത്വചിന്തതൻ വിത്തുമുളയ്ക്കുന്ന
അങ്കണവാടിതന്നങ്കണത്തിൽ
ചിറകുകൾ വീശിപ്പറക്കുന്ന ശലഭമായ്
പലവർണ്ണ പൈതങ്ങൾ പാറിടുന്നു.
കൊന്തയും കുറിയും തൊപ്പിയുമൊന്നായി
കുശലം പറയുന്ന കൊച്ചുമുറി
അവരുടെ കുഞ്ഞിളം ഹൃദയത്തിൽപാകിടും
മാനവസ്നേഹത്തിൻ വിത്തുകളും.
അക്ഷരമുള്ളിലുറയ്ക്കുന്നതോടൊപ്പം
അവരിലും നിറയുന്നു സ്നേഹബന്ധം
അവരുടെ ചിരികളിൽ കാണണം നമ്മളും
നാളത്തെ നാടിന്റെ പുഞ്ചിരികൾ.
പാട്ടും, ആട്ടങ്ങളും കഥകളും കളികളും
കേട്ടവർ നന്നായ് വളർന്നിടട്ടെ
നാടിൻകഥളും മണ്ണിൻമണങ്ങളും
അറിയട്ടെ, അവരീയങ്കണത്തിൽ.
വിടരണം സൂനങ്ങൾ ഭ്രമരങ്ങളേൽക്കാതെ
നാളെയീനാടിന്നാരാമത്തിൽ
അതിനായി ഇന്നവരങ്കണവാടിയിൽ
ഒരുമിച്ചു വളരണമുണ്ടീടേണം.
മതവും ജാതിയുമിഴചേർന്നു നിന്നിടും
വിദ്യാഭ്യാസത്തിൻ കമ്പോളത്തിൽ
നെല്ലും പതിരും തിരിച്ചറിഞ്ഞീടുവാൻ
അങ്കണവാടികൾ പൂത്തിടേണം.