രചന : വൃന്ദ മേനോൻ ✍
രാജകീയസൌഭാഗ്യങ്ങളൊന്നു൦ അനുഭവിക്കാതെ നീണ്ട പതിന്നാലു സംവത്സരങ്ങൾ ലക്ഷ്മണന്റെ മടങ്ങി വരവിനായ് നോമ്പു നോറ്റിരുന്ന ലക്ഷ്മണപത്നിയായ ഊ൪മിള. ഊ൪മിളയുടെ ഹിതം ചോദിക്കാൻ പോലും നില്ക്കാതെ ജ്യേഷ്ഠനെ സേവിക്കാനായി,രാമനെ അനുഗമിച്ച് ലക്ഷ്മണനും വനവാസത്തിനു പോയി. എന്നിട്ടും ഊ൪മിളയ്ക്കാരോടു൦ പരിഭവവുമില്ല, പരാതിയുമില്ല.
ത്രേതായുഗത്തിന്റെ കണ്ണുനീ൪ത്തുള്ളി പോലെ ഊ൪മിളയെന്ന കഥാപാത്രം.
🍁🍁
നെറ്റിയിൽ സിന്ദൂരം തൊട്ടു ഞാനിപ്പോഴും
ലക്ഷ്മണാ നിന്നെയും കാത്തിരിപ്പൂ.
ലക്ഷ്മണാ നിന്നെയും കാത്തിരിപ്പൂ . ..
കാടു പൂത്ത പോൽ കനവുകൾ തീ൪ത്ത
കൌമാരമെന്നിൽ ,
നിറഞ്ഞു തുളുമ്പിയ കാലത്തു നീയെന്നെ വരിച്ചു.
ആരണ്യവാസ൦ കഴിഞ്ഞു നീയെത്തുവാൻ
ഈരേഴു വർഷവും കാത്തിരുന്നു ,
ഞാൻ ….
ഈരേഴു വർഷവും കാത്തിരുന്നു. ( നെറ്റിയിൽ)
കാല൦ മറച്ചൊരാ കണ്ണുനീ൪ത്തുള്ളിയായ്
സഹനങ്ങളൊക്കെയു൦ ആഭരണമാക്കി
അന്തപുരത്തിലെ അജ്ഞാത രഹസ്യമായി
ദുഖത്തിൻ പൂനുള്ളി ഞാനിരുന്നു.
ദുഖത്തിൻ പൂനുള്ളി ഞാനിരുന്നു.
( നെറ്റിയിൽ)
ആദികാവ്യത്തിലെ നായികയായില്ല,
പാതിവ്രത്യത്തിൻ പതിത പ്രതീകവുമല്ല
ജാനകിയ്ക്കു പിന്നിൽ നിഴലായൊതുങ്ങി
നിറങ്ങൾ അട൪ന്നൊരു പൂവായി
തേത്രായുഗത്തിന്റെ തേങ്ങലുകളിൽ
എന്നെത്തിരയൂ.
ഒരു ഹിമബിന്ദുവായറിയൂ…
( നെറ്റിയിൽ)