രചന : സഫി അലി താഹ✍

ഒരാളിലേക്ക് ഇറങ്ങിച്ചെന്ന് ലോകം അവരിലേക്ക് ചുരുക്കി നിങ്ങൾ ജീവിച്ചിട്ടുണ്ടോ?
ഒരിക്കലും ഒന്നാകില്ലെന്നറിഞ്ഞു കൊണ്ട് തന്നെ ഒരാളിലേക്ക് ആഴത്തിൽ പടരാനും അടുത്തില്ലെങ്കിലും അവരുടെ ചിന്തയിൽ ജീവിക്കാനും കഴിയുന്നുണ്ടോ?
ഓരോ നിമിഷവും അവർക്കായി പകുത്ത്, ചിരിയും സന്തോഷവും സങ്കടവും എല്ലാമെല്ലാം പരസ്പരം നിറച്ച് മുന്നോട്ട് പോയിട്ടുണ്ടോ ?


തന്റെ ജീവിതത്തിലെ ആർക്കുമറിയാത്ത ഏടുകൾ ആ ഒരാളിലേക്ക് മാത്രം നിങ്ങൾ കുടഞ്ഞിട്ടിട്ടുണ്ടോ?
അവരുടെ ചെറുദേഷ്യങ്ങളിൽ, ചെറിയ സങ്കടങ്ങളിൽ, വേദനകളിൽ പോലും നിങ്ങളുടെ സമനില തെറ്റിയിട്ടുണ്ടോ?
അവർക്ക് ചുറ്റിലുമുള്ളവർക്കൊക്കെയും സ്വാർത്ഥതയുടെയും ചൂഷണത്തിന്റെയും കൊമ്പുകൾ വളരുന്നു എന്ന് തോന്നിയിട്ടുണ്ടോ?


അവർ നടക്കുന്ന പാതയിൽ എന്തോ ചതി ഒളിഞ്ഞിരിപ്പുണ്ട് എന്ന് കരുതി മുൻപെ നടന്ന് അഗാധമായ കുഴികളിൽ സ്വയം അകപ്പെട്ടിട്ടുണ്ടോ?
തന്നെക്കാൾ നന്നായി അവരെ സ്നേഹിക്കാൻ മറ്റൊരാൾക്കുമാവില്ലെന്നും,ഏത് ചുട്ടുപ്പൊള്ളലിലും പരസ്പരം പൊഴിക്കുന്ന വാക്കുകൾ നനുത്ത മഴപോലെ തണുപ്പ് പടർത്തുമെന്നും ചിന്തിച്ചിട്ടുണ്ടോ ?
അവരുടെ ഫോൺ വിളികളും, ചാറ്റുകളും, ലെറ്ററുകളും, ചിത്രങ്ങളും ഏതോ നിധി പോലെ നിങ്ങൾ സൂക്ഷിച്ചുവെച്ചിട്ടുണ്ടോ?


അവർ നൽകിയ ഓരോ സമ്മാനവും തന്റെ അലമാരയിലെ ഏറ്റവും ഉയർന്നൊരിടത്ത് മറ്റൊരാൾ തൊടാനാകാതെ നിങ്ങൾ അടുക്കിവെച്ചിട്ടുണ്ടോ?
അവരുടെ ഗന്ധംപേറിയ വസ്തുക്കളെ മൂക്കിനോടടുപ്പിച്ച്, ഹൃദയത്തോടമർത്തി
അവരുടെ സാന്നിദ്ധ്യം അനുഭവിച്ചിട്ടുണ്ടോ?
അവർ പിരിഞ്ഞുപോകുമോ എന്നൊരു ആന്തലിൽപോലും നിങ്ങളുടെ ഹൃദയം വല്ലാതെ അലറിവിളിക്കുന്നത് കേട്ടിട്ടുണ്ടോ ?


തന്ന വാക്കുകളൊക്കെ കളവായിരുന്നോ? തന്നെ പോലെയാണോ അവർക്കെല്ലാവരും, തന്നിൽനിന്നും എന്തൊക്കെയോ മറച്ചുവെയ്ക്കുന്നില്ലേ എന്നോർത്ത് നെഞ്ച് പിടച്ചിട്ടുണ്ടോ?
തന്നെക്കാൾ മറ്റൊരാളെ ചേർത്തുപിടിക്കുന്നു എന്ന് തോന്നിയാൽ, മറ്റൊരാളെ സ്നേഹിക്കുന്നു എന്ന് തോന്നിയാൽ കണ്ണുനിറഞ്ഞുകൊണ്ട് ഉള്ളാൽ പൊട്ടിക്കരയുന്നുണ്ടോ?


അവരിലേക്കെത്താനുള്ള സമയമടുക്കുംതോറും വല്ലാത്തൊരു തളർച്ച നിങ്ങളെ ആവേശിക്കുന്നുണ്ടോ, സന്തോഷത്തിന്റെ മൂർദ്ധന്യത്തിൽ കണ്ണുകൾ നിറയുന്നുണ്ടോ?
മയക്കത്തിന്റെ ഏതോ നിമിഷത്തിൽ
കൈകളിൽ അവർ തലോടുന്നത്, തൊട്ടടുത്തിരിക്കുന്നത് ഒക്കെയും നിങ്ങൾക്ക് അനുഭവപ്പെടുന്നുണ്ടോ?
എങ്കിൽ ഉറപ്പിച്ചോളൂ അത്രയേറെ ആഴത്തിൽ നിങ്ങളുടെ മനസ്സുകൾ പരസ്പരം പടർന്നിട്ടുണ്ട്, തളിരിട്ടിട്ടുണ്ട്, വസന്തമാകുന്നുമുണ്ട്.!!


നീയെന്തിനാണിങ്ങനെ നെഗറ്റീവ് ചിന്തിക്കുന്നത്, എന്നെ നിനക്കറിയില്ലേ, എവിടെപ്പോയാലും ആരൊക്കെ വന്നാലും എന്റെയിടത്തേക്ക് തിരികെയെത്താൻ എനിക്കറിയില്ലേ?എന്ന് ചോദിക്കുമ്പോൾ നിങ്ങളുടെ ഉള്ളം തണുക്കുന്നുണ്ടോ, എങ്കിൽ നിങ്ങളെ ഏറ്റവും നന്നായി മനസ്സിലാക്കാൻ അവർക്കും കഴിയുന്നുണ്ട്!!
ചുട്ടുപൊള്ളുമ്പോൾ നൽകിയ ചുംബനങ്ങൾ നിങ്ങളിൽ ചന്ദനത്തണുപ്പ് പടർത്തുന്നുണ്ടെങ്കിൽ അത്രയേറെ ആഴത്തിൽ അവർ നിങ്ങളിൽ പതിഞ്ഞിട്ടുണ്ട്…..
അസുഖക്കിടക്കയിലും, എത്രയമർത്തിയിട്ടും ഒടുങ്ങാത്ത ആഗ്രഹംപോലെ നിങ്ങൾക്കവരെ കാണണമെന്ന് തോന്നുന്നുണ്ടോ, ഒരു നോക്ക് കണ്ടില്ലെങ്കിൽ ഏതോ ഗർത്തത്തിൽ ശ്വാസംമുട്ടുന്നപോലെ തോന്നുന്നുണ്ടോ എങ്കിലവർ നിങ്ങളിലെന്നും ജീവിച്ചിരിക്കുന്നു…..


തിരക്കുകളുടെയും നിസ്സഹായതയുടെയും ഭാരംപേറിയാണ് തനിക്ക് വേണ്ടി ഒരു നിമിഷമെങ്കിലും വീതിക്കുന്നത് എന്നറിയുമ്പോൾ,അവരുടെ വാക്കുകളിൽ വിദൂരമയെങ്കിലും അത്‌ വായിക്കാൻ കഴിക്കുമ്പോൾ,താൻ വല്ലാതെ ശ്വാസംമുട്ടിക്കുന്നു എന്ന് മനസ്സിലാക്കുമ്പോൾ,ചോരയോഴുകുന്ന ഹൃദയത്തെ അമർത്തിപിടിച്ച്,ഇനിയുള്ള ദിവസങ്ങളിൽ താൻ വെറുമൊരു ശവമാണെന്നറിയുമെങ്കിലും അവരിൽനിന്നും
ഇറങ്ങിനടക്കാൻ തയ്യാറാണോ?


എങ്കിൽ…..
പിരിഞ്ഞുപോയാൽ പോലും ഓർമ്മകൾക്കൊണ്ട് പരസ്പരം കെട്ടിയിട്ടുണ്ടാകും,ഓരോ നിമിഷത്തിലെ അനുഭവങ്ങളും നിങ്ങളുമായി അവർ കൂട്ടികെട്ടും, കനൽപേറിയാകും പിന്നെയവർ ജീവിക്കുക…..നിങ്ങളും.!!

സഫി അലി താഹ

By ivayana