രചന : റെജികുമാർ ചോറ്റാനിക്കര ✍

കാത്തിരു:ന്നീ,മണൽക്കാട്ടിലെൻസ്വപ്നം
കരിഞ്ഞുണങ്ങീടുന്ന കാഴ്ചയെന്നും..
കാണാപ്പുറത്തുനിന്നെങ്ങുനിന്നെന്നിലായ്
കാണും കിനാവിന്റെ ബാക്കി പത്രം..
ഉള്ളിൽപ്പുളകകൊടുങ്കാറ്റു വീശിയെൻ
വഴിയിതെന്നന്നു ഞാൻ തീർച്ചവച്ചൂ..
മറ്റൊന്നുമീയെന്റെ പാതയിൽ മുള്ളുപോൽ
കുത്തിത്തറച്ചതില്ലന്നുമിന്നും..
മാരിയും തീക്കനൽ തീർക്കും വെയിലുമോ
എന്നിലെ ദാഹം തടഞ്ഞതില്ല..
ഹിതമെന്നതോന്നലിൽ നിന്നുളവായതും
അഹിതങ്ങൾ മാത്രമായ് തീർന്നെങ്കിലും..
വരളും കിനാവുമീക്കരളിന്റെ നീറ്റലും
വളരുന്നതറിയുവാനായ് വൈകി..
വഴിയേറെ മുന്നിലുണ്ടോർക്കുകിൽ പാദങ്ങ –
ളറിയാതെയുൾവലിഞ്ഞീടുന്നുവോ..
എവിടേയ്ക്കുയിർനീർത്തടങ്ങളോ തേടിയി –
ന്നുണർവ്വിന്റെ വേരുകൾ നീങ്ങിടുന്നൂ..
മൗനഗേഹങ്ങളിൽ വിറയാർന്നിരിക്കുന്ന
വിങ്ങലും മറനീക്കിയലയുന്നൂ..
കാർമേഘപാളികൾ കനം തൂങ്ങി മണ്ണിലേ-
ക്കാഴ്‌ന്നിറങ്ങുന്നതും കണ്ടുവല്ലോ..
ചിക്കിച്ചികഞ്ഞെന്റെ നെഞ്ചിലും മൃദുപദം
ചിറകുപോൽവച്ചു തലോടുകിലും..
താളം പിഴച്ചുവോ താരാട്ടിനീണവുമീ –
വഴിതെറ്റിയെങ്ങോ നിലം പതിച്ചോ..
കരണീയമായതിന്നൊന്നു മാത്രം മണ്ണി-
ലുണരാതിരിയ്ക്കലിന്നെന്നു തോന്നീ..
കരളോ കരിങ്കൽക്കിനാവായതിൻ മുഖ-
ത്താരോ കരിയാൽക്കളം വരച്ചൂ..
വർണ്ണങ്ങളില്ലാഞ്ഞ:താരുമേ കാണാതെ
വഴിയിലായ്,ക്കോലം വിടർത്തി നിന്നൂ..

റെജികുമാർ ചോറ്റാനിക്കര

By ivayana