രചന : എൻ.കെ.അജിത്ത്, ആനാരി ✍

വേനൽക്കിനാവിൽ മുഴുകുന്ന പക്ഷികൾ
വേദനയോടെ പറക്കുന്ന വാനത്ത്
വേദാന്തസാരസ്യമോതാൻ ശ്രമിക്കുകിൽ
വേരറ്റുണങ്ങിയോരാശ തളിർക്കുമോ?

വേടൻ കുലച്ചെയ്യുമമ്പുകൾപോലവേ
ജീവദു:ഖങ്ങൾ പിറകേയടുക്കവേ
വേനൽപ്പവറയ്ക്കു കണ്ണുനീർത്തുള്ളികൾ
ജീവൻ്റെ വീഥിയിൽ ദാഹത്തിനുള്ളനീർ!

കൂടിപ്പറക്കാൻ മടിക്കുന്ന കൂട്ടരാൽ
കൂട്ടത്തിൽ നിന്നങ്ങു വേറിട്ടുപോകവേ
കാട്ടിത്തരാനില്ല ചില്ലകൾ വീഥിയിൽ
കൂട്ടത്തിലാരുമേ വേനൽപ്പറവയ്ക്ക് !

അത്തിതളിർക്കുന്ന കാലത്ത് കാമന
കത്തുന്നവേനലിൽ ചുട്ടെരിഞ്ഞീടവേ
നെഞ്ചത്തുപാട്ടിൻ്റെയീണം ക്ഷയിച്ചവർ
പക്ഷികൾ, വേനലിൻ വേറിട്ട ഭാവങ്ങൾ

സ്വപ്നങ്ങൾ പൂക്കാത്ത കൊമ്പുമായ് വൃക്ഷങ്ങൾ
പക്ഷിക്കഭയമൊരുക്കാത്ത കാലത്ത്
പഞ്ചമം പാടാൻ മറക്കും ഖഗങ്ങളീ
മണ്ണിൻ്റെ വേദനാ ചിത്രങ്ങളായിടും !

എങ്കിലും കാക്കുന്നു വേനൽപ്പറവകൾ
നൽവസന്താഗമം പ്രത്യാശയോടിതാ
കാലത്തിലോരോ ഋതുക്കളും വന്നുപോം
ജീവിതം ജീവിച്ചുതീർക്കാതെ പറ്റുമോ?

എൻ.കെ.അജിത്ത്, ആനാരി

By ivayana