രചന : സതീഷ് വെളുന്തറ✍

ലോക മാതൃഭാഷാ ദിനമായ ഇന്ന് ഭാഷാ സ്നേഹികളായ, അക്ഷര സ്നേഹികളായ ഏവർക്കും സമർപ്പിക്കുന്നു.

അമ്മയെന്നുള്ള രണ്ടക്ഷരമാദ്യമായ്
അമ്മ ചൊല്ലി പഠിപ്പിച്ച ഭാഷ
മാമുണ്ണാൻ മടിക്കുമ്പോളൊക്കത്തെടുത്തമ്മ
പാട്ടു പാടി തന്ന ഭാഷ
താരാട്ടിന്നീണമായ് തൊട്ടിൽ തലയ്ക്കൽ
ഞാൻ കേട്ടു മയങ്ങിയ ഭാഷ
പള്ളിക്കൂടത്തിൻ പടവുകളേറുമ്പോൾ
പാടിപ്പതിഞ്ഞൊരു ഭാഷ
യക്ഷി കഥകൾ പറഞ്ഞുകൊണ്ടന്നമ്മ
യെനിയ്ക്കു ഭയം തന്ന ഭാഷ
ശൈശവത്തിൽ നിദ്രയെത്താത്ത രാവുകൾ
ഓർമ്മയുണ്ടെനിക്കിന്നും തെളിവോടെ
മാറോടണച്ചു കിടത്തി യന്നെന്നച്ഛൻ
പതിയെ പറഞ്ഞ കുരുക്ഷേത്ര ഗാഥകൾ
മാധുര്യമൂറുന്ന മലയാളഭാഷയിൽ
അമൃതിന്നു സമമാകുമാ മാതൃഭാഷയിൽ
അചലേന്ദ്രനുമലയാഴിയ്ക്കുമിടയിലായ്
കൊച്ചു കൊതുമ്പ് കിടക്കുന്നതുപോലെ
മൂന്നു ഖണ്ഡങ്ങളായിരുന്നു മുന്നം
തിരുവിതാംകൂറിന്നു മാർത്താണ്ഡവർമ്മയും
വടക്കു പുറത്തായി സാമൂതിരിമാരും
ഒത്ത നടുവിലായ് ശക്തനാമരചനും
മൂന്നു ഖണ്ഡങ്ങളും കോർത്തിണക്കി പിന്നെ ‘
ഒരു ഭാഷയെന്നുള്ളൊരേ വികാരം
പേരതിന്നത്രേ മലയാള മെന്നതും
കേരളമെന്നു നാടിനും പേർചൊല്ലി നാം
ഒട്ടിമ ചിമ്മാതെ താരകൾ നിന്നപ്പോൾ
ഉണ്ണിയേശു പിറന്ന രാവും
ഓണ നിലാവൊലിയും റംസാൻ നിലാവും
നമുക്കെന്നുമൊരുപോലെ വേർതിരിവില്ലാതെ
തുഞ്ചത്തെയാചാര്യൻ പാടിച്ച പൈങ്കിളി
ആശാനും ഉള്ളൂരും വള്ളത്തോളും
ചൊല്ലിയതൊക്കെ മണിപ്രവാളം
ഇന്ദ്രജാലം തീർത്ത വയലാറിൻ തൂലിക
പാഴ്മുളം തണ്ടിനെ പാട്ടു പാടിപ്പിച്ച
മാണിക്യവീണയെ കൈകളിലേന്തിയ
ഭാസ്കരൻ മാഷിന്റെ വിരലുകൾ
വെറുതെയെന്നുള്ള വെറും മൂന്നക്ഷരങ്ങളെ
വെറുതെയല്ലല്ലൊട്ടുമെന്നു പഠിപ്പിച്ച
ഒഎൻവി യെന്ന ത്രൈയ്യക്ഷര നാമാവുo
ചൊല്ലിയതെല്ലാം മലയാളത്തിൽ
നമ്മൾ മറന്ന മലയാളത്തിൽ
പിന്നെയുമുണ്ടൊട്ടനേകം കവികളും
കഥാകൃത്തുക്കളും പക്ഷേ ഇപ്പോളവയെല്ലാം
വിസ്തരഭയത്താൽ വിവരിയ്ക്കാൻ മടിക്കുന്നു
അങ്ങനെയുള്ള മലയാളഭാഷയെ
എന്റെ പോറ്റമ്മയാംമലയാളഭാഷയെ
ഞാനിതാ വന്ദിച്ചു വാഴ്ത്തി സ്തുതിക്കുന്നു.

സതീഷ് വെളുന്തറ.

By ivayana