രചന : വാസുദേവൻ. കെ. വി ✍
ദിനം ഏതായാലും ആഘോഷം ഉറപ്പ്
അതാണ് സൈബർ മലയാളി.
അത് മാതൃഭാഷാ ദിനമായാലും.
ഇന്ന് ഏറ്റവും പേർ കുറിച്ചിട്ടുന്ന വാക്ക് “ശ്രേഷ്ഠ”എന്നാവും.
ക്ലാസിക്കൽ ഭാഷാ പദവി ലഭിക്കുന്ന അഞ്ചാമത്തെ ഭാഷ നമ്മുടെ സ്വന്തം മലയാളം. 2013 മെയ് 23-നു ചേർന്ന കേന്ദ്രമന്ത്രിസഭായോഗമാണ് മലയാളത്തെ അംഗീകരിച്ചത്. പതിച്ചു കിട്ടിയ ക്ലാസിക്കൽ ലാംഗ്വേജ് എന്ന പദവി നമ്മൾ ശ്രേഷ്ഠഭാഷാ പദവി എന്നാണ് വിവർത്തനം നടത്തിയത് . ശ്രേഷ്ഠം എന്നോ മോശം എന്നോ ഭാഷകളെ വർഗ്ഗീകരിക്കുന്ന രീതി തന്നെ അപലപനീയം.
ഭരണഘടനയിലെ എട്ടാം ഷെഡ്യൂളിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഇന്ത്യയിലെ ഇരുപത്തിരണ്ട് ഔദ്യോഗിക ഭാഷകളിൽ ഒന്നാണ് മലയാളം.
1000 വർഷം പഴക്കം ഉണ്ടെന്ന് തെളിഞ്ഞാൽ മാത്രം ക്ലാസിക്കൽ പദവി എന്ന് മന്ത്രി അംബികാ സോണി പാർലമെന്റിൽ പറഞ്ഞത്.
മലയാള ഭാഷ പിറന്നത് ഒമ്പതാം നൂറ്റാണ്ടിലെന്നു ചരിത്രകാരന്മാർ.
ഇന്ത്യക്ക് പുറമെ ബംഗ്ലാദേശിലും ഔദ്യോഗിക ഭാഷ. ഇൻഡോ ആര്യൻ ഭാഷ. നാല് സംസ്ഥാനങ്ങളിലും ഔദ്യോഗിക ഭാഷ. എന്നിട്ടും ശ്രേഷ്ഠ പദവി അന്യമായി പാവം പാവം ബംഗാളി. ഹിന്ദി കഴിഞ്ഞാൽ രാജ്യത്ത് ഏറ്റവുമധികം ആളുകൾ സംസാരിക്കുന്ന ഭാഷയിൽ പിറന്ന കൃതികൾക്കും, സിനിമകൾക്കും ഒട്ടേറെ പുരസ്‌കാരങ്ങൾ എന്നിട്ടും ബംഗാളി ഭാഷ അത്ര ക്ലാസ്സിക് അല്ല നമുക്ക്. മണിപ്പൂരിയും മാറാത്തിയും തുല്യ ദുഃഖിതർ.
രാഷ്ട്രീയനീക്കം കൊണ്ട് നേടിയെടുക്കാൻ അവർക്കും കഴിയട്ടെ.
ക്ലാസിക്കൽ പദവി തന്നെ ചോദ്യം ചെയ്യപ്പെടുന്ന കാലം. ദ്രാവിഡ തമിഴ് ഭാഷയിൽ നിന്നും രൂപമാറ്റം വന്നതിനാണ് ക്ലാസിക്കൽ പദവി . ആരോപിത ബ്രാഹ്മണ മേധാവിത്ത സമൂഹ ഭാഷയായ സംസ്കൃതത്തിൽ നിന്ന് കടം കൊണ്ട വാക്കുകളാൽ സമ്പന്നവുമാണ് ഈ ശ്രേഷ്ഠഭാഷ. ലൈംഗികാവയവങ്ങൾക്ക് പോലും സംസ്‌കൃതവാക്കുകളാണ് ഇന്നും നമ്മൾക്ക്.
മേന്മയ്ക്കൊപ്പം കോട്ടങ്ങളും!!
പലപ്പോഴും ലിംഗ വിരുദ്ധത പ്രകടമാവുന്ന ശ്രേഷ്ഠ ഭാഷയിൽ
വിടൻ, ആറുബോറൻ, ഊച്ചാളി തുടങ്ങിയ ആക്ഷേപവാക്കുകൾക്ക് എതിർലിംഗപ്രയോഗങ്ങൾ അധികം കാണാറില്ല.
രാഷ്ട്രപതിയും,
ശക്തിമാനും , ബലവാനുമൊക്കെ സർവ്വത്മനാ പുരുഷലക്ഷണ സംബോധന ചാർത്തിയിടുന്നു. എതിർലിംഗപദമില്ലാതെ .
മുനി എന്ന വാക്ക് നോക്കിയാലും കാണാം അത്. എത്ര യത്നിച്ചാലും പെണ്ണ് മുനിയാവില്ല എന്നാവണം.
ഇരട്ട ചങ്കനേയുള്ളൂ നമുക്ക് ഇരട്ട ചങ്കിയില്ല
പുലി എന്ന വിശേഷണം സ്ത്രീപക്ഷമാക്കാൻ പെൺപുലി എന്ന് നീട്ടിപ്പറയേണ്ടിവരുന്നു
പുരാതന തൊഴിൽ. എന്നിട്ടും ഒരുവളെ ആക്ഷേപിക്കുമ്പോൾ ആ വാക്ക്.
വേശ്യക്ക് വേശ്യൻ എന്ന പുല്ലിംഗപദം ഇല്ലാതെ പോയത് പുരാതന കാലം മുതൽ ഈ രംഗത്തെ അവരുടെ മൃഗീയ മേധാവിത്തം കൊണ്ടാവാം.
പാർലറിൽ രോമം വടിക്കാൻ പെണ്ണുങ്ങൾ തയ്യാറാവുന്ന കാലത്തും ക്ഷുരകനേയുള്ളൂ. ക്ഷുരകത്തി എന്നാക്കിയാൽ രോഷം ഉറപ്പ്.
പുരുഷായുസ്സ്, പുരുഷാർത്ഥം. തുടങ്ങീ ഒരുപാട് വാക്കുകൾ കാവ്യാത്മക എതിർലിംഗ പദം ഇല്ലാതെ.
നികുതിപ്പണം ധൂർത്തടിച്ച് ഭാഷാ നവീകരണ സമിതികൾ. അക്ഷരമാലയിലെ ചില അക്ഷരങ്ങൾ എടുത്ത് അറബിക്കടലിൽ എറിഞ്ഞവർ. സ്വർണ്ണം, വർഗ്ഗം തൊട്ട് അദ്ധ്യാപകരെ വരെ ലാഘവത്തോടെ അവർ വെട്ടി മിനുക്കി.
കോടതി ഭാഷ മാതൃഭാഷ ആക്കി വിപ്ലവം വരുത്തുമ്പോൾ ഡിവിഷൻ ബഞ്ച് എന്നതിന് മറുവാക്ക്!!! . തമിഴന്റെ ദിശാ സൂചക ഫലകങ്ങളിൽ കൊണ്ടയ് ഊശി വളവ് എന്നേ.. നമുക്ക് മലയാളഅക്ഷരങ്ങളിൽ ഇപ്പോഴും ഹെയർ പിൻ വളവ് തന്നെ.
ചില കാപട്യങ്ങൾ ഭാഷയിലും കാണുന്നു
രണ്ടു കൊല്ലം മുമ്പ് “ലേഡീസ് ആൻഡ് ജന്റിൽ മെൻ” തൂക്കി കടലിലേറിഞ്ഞ് വെൽകം എവരി വൺ എന്നാക്കി ജപ്പാൻ ഐർലൈൻസ്.
എങ്കിലും
നമുക്കിന്നും വധൂ വരന്മാരും നായികാ നായകന്മാരും. സ്ത്രീ ആദരവ് എന്ന കാപട്യം.
എന്നേ കവയിത്രി എന്നു തരം താഴ്ത്തരുത്. എന്നേ കവീ എന്നു വിളിക്കുക എന്നാവശ്യപ്പെടുന്നവർ മഹതീ എന്ന വിളിയിൽ കോൾമയിർ കൊള്ളുന്ന കാഴ്ച.
നവമാധ്യമ ചാറ്റ് ഭാഷയിലും ചിലത് ഏകലിംഗ രൂപത്തിൽ.
വേട്ടാവളിയനും ഫ്രീക്കനും പെൺലിംഗങ്ങൾ പ്രചാരത്തിലില്ല.
വാര്യത്തെ പെണ്ണുങ്ങളെ വരസ്യാർ എന്ന് അഭിസംബോധന ചെയ്യുമ്പോഴും
മഞ്ജു വാരസ്യാർ പാർവതി വാരസ്യാർ എന്നു വിളിക്കാനാവാതെ നമ്മുടെ ശ്രേഷ്ഠ ഭാഷ.
മാതൃഭാഷ പെറ്റമ്മയ്ക്ക് തുല്യമെന്ന് കവിവചനം. നവീകരിക്കപ്പെടേണ്ടതുണ്ട് ഭാഷയും. മറ്റുള്ള ഭാഷകളെ ധാത്രികളായി കാണാനാണ് കവി ആഹ്വാനം ചെയ്തത്. ശ്രേഷ്ഠഭാഷാ ഹുങ്കിൽ രണ്ടാംകിടയായി കാണാൻ അല്ലല്ലോ.
മാതൃ ഭാഷാ ദിനാശംസകൾ.