രചന : ടി.എം. നവാസ് വളാഞ്ചേരി✍
ലോക മാതൃഭാഷാ ദിനം . UNESCO പ്രഖ്യാപിച്ച ഈ ദിനാചരണം വിവിധ സംസ്കാരങ്ങളെയും ഭാഷകളെയും അടുത്തറിയുന്നതിനും പ്രചരിപ്പിക്കുന്നതിനും കൂടിയാണ്.
കുഞ്ഞായ നേരത്ത് ചൊല്ലി പഠിച്ചു ഞാൻ അമ്മ മലയാളം
തുഞ്ചത്തെഴുത്തച്ഛൻ മൊഞ്ചാലെഴുതി പഠിപ്പിച്ച മലയാളം
വാവയെ താരാട്ടു പാടിയുറക്കുമ്പോ കേട്ട മലയാളം
അമ്മിഞ്ഞപ്പാലിൻ മധുരത്തോടൊപ്പം നുകർന്ന മലയാളം
പുഞ്ചവയലേല കൊയ്യുന്ന നേരത്ത് പാടും മലയാളം
മാമല നാടിൻ കാറ്റത് വീശുമ്പോ കേൾക്കും മലയാളം
നോക്കെത്താ ദൂരത്ത് വഞ്ചി തുഴയുമ്പോ പാടും മലയാളം
മഴവില്ലിൻ മൊഞ്ചുള്ള ഏഴഴകുള്ളൊരു ഭാഷ മലയാളം
വൻ മരമൊന്നത് ആഞ്ഞു വലിക്കുമ്പോ ചൊല്ലും മലയാളം
ഇമ്പമുള്ള ഏലേല പാട്ടത് കേൾക്കുമ്പോ കാണാം മലയാളം
മർത്ത്യനു പെറ്റമ്മ തൻ ഭാഷയാണെന്നരുളി മലയാളം
കനകച്ചിലങ്കയിൽ സ്വപ്നങ്ങൾ നെയ്തീടും ഭാഷ മലയാളം
പൈങ്കിളി ക്കൊഞ്ചലാൽ തുഞ്ചത്തെഴുത്തച്ഛൻ തീർത്ത മലയാളം
മാന്ത്രിക വിരലിനാൽ വീണ പൂവെഴുതിയ ആശാന്റെ മലയാളം
ഹൃദയത്തിൽ സംഗീത മാധുരി തീർത്തിടും ഭാഷ മലയാളം
ഒട്ടേറെ സാഹിത്യ പ്രതിഭകൾ വാണിടും സുന്ദര മലയാളം
തോരാതെ പെയ്യുമാ അക്ഷര മഴയിൽ വിരിഞ്ഞ മലയാളം
വർണ്ണ മനോഹര പൂവാടിയാകെ നിറഞ്ഞു മലയാളം